നിയമവിരുദ്ധമായി ഐപിഎൽ സംപ്രേഷണം ചെയ്തു; നടി തമന്നയ്ക്ക് നോട്ടീസ്
ഫെയർ പ്ലേ ആപ്പിൻ്റെ ഭാഗമായി തമന്ന പ്രചാരണം നടത്തിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
മുബൈ: നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്ത കേസിൽ ബോളിവുഡ് താരം തമന്ന ഭാട്ടിയയ്ക്ക് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം 29നകം ചോദ്യ ചെയ്യലിന് ഹാജരാകാനാണ് മഹാരാഷ്ട്ര സൈബർ സെല്ലിൻ്റെ നിർദേശം. ഫെയർ പ്ലേ ആപ്പിൻ്റെ ഭാഗമായി തമന്ന പ്രചാരണം നടത്തിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ഫെയർപ്ലേ ആപ്പിൽ ഐപിഎൽ 2023 നിയമവിരുദ്ധമായി സ്ട്രീം ചെയ്തത് വയാകോമിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് സഞ്ജയ് ദത്തിൻ്റെ പേരും ഉയർന്നു വന്നതായി റിപ്പോർട്ടുണ്ട്. ഈ ആഴ്ച ആദ്യം അദ്ദേഹത്തോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. സഞ്ജയ് ദത്തിൻ്റെ മാനേജർമാരെ കേസുമായി ബന്ധപ്പെട്ട് സൈബർ സെൽ നേരത്തെ ചോദ്യം ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 20ലധികം ആളുകളെ മൊഴി രേഖപ്പെടുത്തുന്നതിനായി വിളിപ്പിക്കുമെന്നാണ് വിവരം.
കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ്, ഗായകൻ ബാദ്ഷാ എന്നിവരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. വിവാദ ഓൺലൈൻ വാതുവെയ്പ്പ് കമ്പനിയായ മഹാദേവ് ആപ്പിൻ്റെ ഭാഗമാണ് ഫെയർ പ്ലേ ആപ്പും. ക്രിക്കറ്റ്, പോകർ, ബാഡ്മിൻ്റൺ, ടെന്നീസ്, ഫുട്‌ബോൾ കാർഡ് ഗെയിംസ് തുടങ്ങിയ വിനോദ കളികളിൽ അനധികൃതമായി വാതുവെപ്പ് നടത്തുന്ന ഗെയ്മിങ് ആപ്പാണ് മഹാദേവ് ഓൺലൈൻ ഗെയിമിങ് ആപ്പ്. കഴിഞ്ഞ വർഷം ആപ്പിൻ്റെ പരസ്യത്തിൽ അഭിനയിച്ചതിൽ ബോളിവുഡ് അഭിനേതാക്കളായ രൺബീർ കപൂറിനും ശ്രദ്ധ കപൂറിനും എൻഫോഴ്‌സ്‌മെൻ്റെ ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.