Suriya 45: 19 വർഷത്തിന് ശേഷം സൂര്യയും ആ വിജയ നായികയും ഒന്നിക്കുന്നു; ‘സൂര്യ 45’ പുതിയ അപ്‌ഡേറ്റ് എത്തി
Suriya 45 Movie Update: 'ജോക്കർ', 'അരുവി', 'തീരൻ അധികാരം ഒണ്ട്രു', 'കൈതി', 'സുൽത്താൻ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ഏറ്റവും വിലയേറിയ ചിത്രമായിരിക്കും 'സൂര്യ 45' എന്നാണ് വിവരം.
ചെന്നൈ: സൂര്യ നായകനായെത്തിയ ‘കങ്കുവ’ എന്ന ചിത്രത്തിന് പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല ബോക്സ്ഓഫീസിൽ വൻ തിരിച്ചടിയാണ് ഉണ്ടായത്. വലിയ ബജറ്റിൽ പുറത്തിറക്കിയ ചിത്രത്തിന് പ്രേക്ഷപ്രീതിയും നിരൂപക പ്രശംസയും പിടിച്ചുപറ്റാൻ സാധിച്ചില്ല. അതിനാൽ, ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലൂടെ ഒരു നല്ല തിരിച്ചുവരവ് നടത്താനുള്ള തയ്യാറെടുപ്പിലാണ് സൂര്യ. ‘സൂര്യ 44’ എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന കാർത്തിക് സുബ്ബരാജ് ചിത്രമാണ് താരത്തിന്റേതായി വരാനിരിക്കുന്ന പുതിയ ചിത്രം. ചിത്രം നിലവിൽ പോസ്റ്റ് പ്രൊഡക്ഷനിലാണ്. ഇതിന് പിന്നാലെ സൂര്യയുടെ 45-ാമത് ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്.
താൽക്കാലികമായി ‘സൂര്യ 45’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞ ഒക്ടോബർ 15-ന് നടന്നിരുന്നു. നടനും സംവിധായകനുമായ ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഡ്രീം വാരിയർ പിക്ചേഴ്സ് ആണ്. ‘ജോക്കർ’, ‘അരുവി’, ‘തീരൻ അധികാരം ഒണ്ട്രു’, ‘കൈതി’, ‘സുൽത്താൻ’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ഏറ്റവും വിലയേറിയ ചിത്രമായിരിക്കും ‘സൂര്യ 45’ എന്നാണ് വിവരം.
ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ഒരു പുതിയ അപ്‌ഡേറ്റ് കൂടി പുറത്ത് വന്നിരിക്കുകയാണ്. ഒടുവിൽ ‘സൂര്യ 45’ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണ്. കൊയമ്പത്തൂരില്‍ വെച്ചാണ് ഷൂട്ടിങ് നടക്കുക. ഒരു ഗ്രാമീണ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു വിവരം കൂടി പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിൽ നായികയായി എത്തുന്നത് തൃഷ ആയിരിക്കുമെന്നാണ് പുതിയ വിവരം. ‘ആറു’ എന്ന ചിത്രത്തിലാണ് സൂര്യയും തൃഷയും ഇതിനു മുൻപ് ഒന്നിച്ചെത്തിയത്.
ALSO READ: നാഗ ചൈതന്യ- സായ് പല്ലവി ചിത്രം ‘തണ്ടേൽ’ പോസ്റ്റർ പുറത്ത്; ഒപ്പം ആദ്യ ഗാനവുമെത്തി
2005-ലാണ് ഹരി സംവിധാനവും രചനയും നിർവഹിച്ച ‘ആറു’ എന്ന ചിത്രം പുറത്തിറങ്ങുന്നത്. സൂര്യയും തൃഷയും തകർത്തഭിനയിച്ച ചിത്രം വലിയ വിജയമായിരുന്നു. സിനിമയിലെ ഓരോ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. എന്നാൽ, ‘ആറു’വിന് ശേഷം സൂര്യയും തൃഷയും ഒന്നിച്ച് ബിഗ് സ്‌ക്രീനിൽ എത്തിയിട്ടില്ല. 19 വർഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘സൂര്യ 45’.
അതേസമയം, ‘മൂക്കുത്തി അമ്മൻ’, ‘വീട്ട് വിശേഷങ്ങൾ’, ‘എൽകെജി’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ആർ ജെ ബാലാജി ശ്രദ്ധിക്കപ്പെടുന്നത്. ബാലാജിയുടെ പതിവ് ഫോർമുലകളിൽ നിന്ന് വ്യത്യസ്തമായ ഒരു കഥയും പശ്ചാത്തലവും ആയിരിക്കും ‘സൂര്യ 45’ എന്നാണ് ലഭിക്കുന്ന വിവരം. ഒരു വർഷത്തിലേറെ സമയം എടുത്താണ് ബാലാജി തിരക്കഥ വികസിപ്പിച്ചത്. ഒരു ആക്ഷൻ-അഡ്വഞ്ചർ ചിത്രമായിരിക്കും ഇത്.
ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് എ ആർ റഹ്‌മാൻ ആണ്. ‘സില്ലിന് ഒരു കാതൽ’, ‘ആയുധ എഴുത്ത്’ എന്നീ സൂര്യയുടെ ചിത്രങ്ങളിലാണ് റഹ്മാൻ അവസാനമായി സംഗീതം നൽകിയത്. വർഷങ്ങൾക്ക് ശേഷം ഇവർ വീണ്ടും ഒന്നിക്കുമ്പോൾ, ഒരു സംഗീത മായാജാലം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.