Suresh Krishna: ‘അടുപ്പിച്ച് മൂന്ന് സിനിമകളില്‍ ആ നടിയെ ബലാത്സംഗം ചെയ്യുന്ന വേഷമാണ് ലഭിച്ചത്; മൂന്നാമതും എന്നെ കണ്ടപ്പോള്‍ അവര്‍ ചോദിച്ചു’: സുരേഷ് കൃഷ്ണ
Suresh Krishna About His Roles in the Beginning of the Career: കരിയറിന്റെ തുടക്കകാലത്ത് നായികയെ ബലാത്സംഗം ചെയ്യുന്ന കഥാപാത്രങ്ങളാണ് തനിക്ക് കൂടുതലും ലഭിച്ചിരുന്നതെന്ന് പറയുകയാണ് സുരേഷ് കൃഷ്ണ. അത്തരം വേഷങ്ങളിൽ നിന്ന് ഈയടുത്താണ് മോചനം ലഭിച്ചതെന്നും നടൻ പറയുന്നു.

മിനിസ്‌ക്രീനിൽ നിന്ന് ബിഗ്‌സ്‌ക്രീനിൽ എത്തിയ താരമാണ് സുരേഷ് കൃഷ്ണ. 2001ൽ വിനയൻ സംവിധാനം ചെയ്ത ‘കരുമാടിക്കുട്ടൻ’ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെയാണ് താരം മലയാളസിനിമയിൽ ചുവടുവച്ചത്. 24 വർഷത്തെ സിനിമ ജീവിതത്തിൽ നിരവധി വ്യത്യസ്ത കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. കരിയറിന്റെ തുടക്കത്തിൽ വില്ലൻ വേഷങ്ങളിലാണ് എത്തിയതെങ്കിലും പിന്നീട് ഹാസ്യ വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു.
ഇപ്പോഴിതാ, കരിയറിന്റെ തുടക്കകാലത്ത് നായികയെ ബലാത്സംഗം ചെയ്യുന്ന കഥാപാത്രങ്ങളാണ് തനിക്ക് കൂടുതലും ലഭിച്ചിരുന്നതെന്ന് പറയുകയാണ് സുരേഷ് കൃഷ്ണ. ആളുകളെ കൊല്ലാനും നായികയെ ബലാത്സംഗം ചെയ്യാനും മാത്രമായിരുന്നു പല സിനിമകളിലേക്ക് തന്നെ വിളിച്ചിരുന്നതെന്നും ഇത് കുറേതവണ ആവർത്തിച്ചെന്നും നടൻ പറയുന്നു. തുടക്കകാലത്ത് നന്ദിനി എന്ന നടിയെ അടുപ്പിച്ച് മൂന്ന് സിനിമകളിൽ ബലാത്സംഗം ചെയ്യുന്ന കഥാപാത്രമായിരുന്നു തനിക്ക് ലഭിച്ചിരുന്നതെന്നും മൂന്നാമത്തെ സിനിമയിലും തന്നെ കണ്ടപ്പോൾ നന്ദിനി ഒരു കാര്യം ചോദിച്ചുവെന്നും നടൻ കൂട്ടിച്ചേർത്തു.
അത്തരം വേഷങ്ങളിൽ നിന്ന് ഈയടുത്താണ് മോചനം ലഭിച്ചതെന്നും സുരേഷ് കൃഷ്ണ പറയുന്നു. കോമഡി വേഷങ്ങളും തനിക്ക് ചേരുമെന്ന് പലർക്കും ഇപ്പോഴാണ് മനസിലായതെന്നും നടൻ പറഞ്ഞു. ‘മരണമാസ്’ എന്ന പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ്മീറ്റിൽ സംസാരിക്കുകയായിരുന്നു സുരേഷ് കൃഷ്ണ.
“ആദ്യകാലങ്ങളിൽ നായികയെ ബലാത്സംഗം ചെയ്യുന്ന കഥാപാത്രങ്ങൾക്ക് മാത്രമേ എന്നെ വിളിക്കാറുണ്ടായിരുന്നുള്ളൂ. എന്റെ ഈ ഉയരവും രൂപവുമൊക്കെ കണ്ടപ്പോൾ അത്തരം വേഷങ്ങൾക്ക് ഞാൻ ചേരുമെന്ന് തോന്നിയത് കൊണ്ടാവാം. കുറേക്കാലം എല്ലാ പടത്തിലും ഇത് തന്നെ ആവർത്തിച്ചു ചെയ്തു. പിന്നെ നായകന്റെ അടി കൊള്ളാനും എന്നെ വിളിക്കുമായിരുന്നു.
നന്ദിനി എന്ന നടിയുമായി ഞാൻ മൂന്ന് സിനിമകൾ അടുപ്പിച്ച് ചെയ്തിട്ടുണ്ട്. മൂന്ന് പടത്തിലും അവരെ ആക്രമിക്കുന്ന കഥാപാത്രമായിരുന്നു എനിക്ക് ലഭിച്ചത്. മൂന്നാമത്തെ സിനിമയിലും ഞാനാണെന്ന് അറിഞ്ഞപ്പോൾ ‘നിങ്ങൾ തന്നെയാണോ ഇതിലും’ എന്നായിരുന്നു അവർ ചോദിച്ചത്. ആ സിനിമയുടെ സംവിധായകനൊന്നും ഇക്കാര്യം അറിയില്ലല്ലോ. അധികം റീടേക്കുകൾ എടുക്കാതെ പെട്ടെന്ന് സീൻ തീർക്കാമെന്ന് ഞാൻ നന്ദിനിയോട് പറഞ്ഞു. അത്തരം വേഷങ്ങളിൽ നിന്ന് ഒരു മോചനം ലഭിക്കുന്നത് ഇപ്പോഴാണ്” സുരേഷ് കൃഷ്ണ പറഞ്ഞു.