5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Suresh Gopi: അച്ഛന്‍ ആഗ്രഹിച്ചത് ഐപിഎസ്, മകന്‍ സ്വപ്‌നം കണ്ടത് സിനിമ; റീല്‍ നിന്ന് റിയലിലേക്കുള്ള സുരേഷ് യാത്ര

Suresh Gopi Complete Profile: ഇഷ്ടപ്പെട്ടതിന് വേണ്ടി ഏതറ്റം വരെയും പോകുമെന്ന അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം തന്നെയാണ് സുരേഷ് ഗോപിയെന്ന വ്യക്തിയെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചത്.

Suresh Gopi: അച്ഛന്‍ ആഗ്രഹിച്ചത് ഐപിഎസ്, മകന്‍ സ്വപ്‌നം കണ്ടത് സിനിമ; റീല്‍ നിന്ന് റിയലിലേക്കുള്ള സുരേഷ് യാത്ര
Suresh Gopi
shiji-mk
Shiji M K | Updated On: 09 Jun 2024 15:37 PM

മോഹന്‍ലാലും മമ്മൂട്ടിയും കഴിഞ്ഞാല്‍ ആരെന്ന ചോദ്യത്തിന് പണ്ട് ഒരുത്തരമേ ഉണ്ടായിരുന്നുള്ളു. അത് സുരേഷ് ഗോപി എന്നാണ്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന എത്രയെത്ര കഥാപാത്രങ്ങളാണ് സുരേഷ് ഗോപി ചെയ്തിരിക്കുന്നത്. സിനിമ എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല അദ്ദേഹത്തിന്. വളരെയധികം കഷ്ടപ്പെട്ട് തന്നെയാണ് സിനിമാ മേഖലയില്‍ തന്റേതായ ഇടമുണ്ടാക്കിയെടുത്തത്.

ഇഷ്ടപ്പെട്ടതിന് വേണ്ടി ഏതറ്റം വരെയും പോകുമെന്ന അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം തന്നെയാണ് സുരേഷ് ഗോപിയെന്ന വ്യക്തിയെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചത്. ശരികള്‍ക്ക് വേണ്ടി പോരാടുന്ന പൊലീസ് ഓഫീസറായും മന്ത്രിയായും മുഖ്യമന്ത്രിയുമായെല്ലാം വ്യത്യസ്ത കഥാപാത്രങ്ങളെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. ഇന്ന് അദ്ദേഹത്തിന് മുന്നില്‍ വന്നിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നത് ആ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തുക എന്നതാണ്. കാരണം സത്യസന്ധരായ എത്രയെത്ര ഭരണാധികാരികളെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.

സുരേഷ് ഗോപിയെ ഒരു ഐപിഎസ് ഓഫീസര്‍ ആക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍ ഗോപിനാഥ പിള്ളയുടെ ആഗ്രഹം. എന്നാല്‍ മകന് സിനിമ മാത്രമേ ലക്ഷ്യമുണ്ടായിരുന്നുള്ളു. അങ്ങനെ സിനിമയിലൂടെ അച്ഛന്റെ ആഗ്രഹം അദ്ദേഹം സാധിപ്പിച്ച് കൊടുത്തു. ഐപിഎസ് ഓഫീസറായും ഭരണാധികാരിയായുമെല്ലാം സുരേഷ് ഗോപി നിറഞ്ഞാടി.

തന്റെ ഏഴാമത്തെ വയസില്‍ കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത് ഓടയില്‍ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് തങ്കശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ ഹൈസ്‌ക്കൂളില്‍ നിന്നാണ്. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ് നിന്നും സുവോളജിയില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം 1984ല്‍ നിരപരാധി എന്ന തമിഴ് ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് വീണ്ടും സിനിമയിലേക്കെത്തുന്നത്. 1986ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ ടിപി ബാലഗോപാലന്‍ എംഎ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തി. പിന്നീട് സുരേഷ് ഗോപിയെ തേടിയെത്തിയതെല്ലാം വില്ലന്‍ വേഷങ്ങളായിരുന്നു.

രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പൂവിന് പുതിയ പൂന്തെന്നല്‍, സായംസന്ധ്യ എന്നീ സിനിമകളില്‍ മമ്മൂട്ടിയുടെ വില്ലനായും സുരേഷ് ഗോപി വേഷമിട്ടിട്ടുണ്ട്. പിന്നീട് വഴിതിരിവായത് ഇരുപതാം നൂറ്റാണ്ടിലെ മന്ത്രിപുത്രന്റെ വേഷമാണ്. 1980കളുടെ അവസാനത്തില്‍ ജനുവരി ഒരു ഓര്‍മ, ന്യൂഡല്‍ഹി, ഭൂമിയിലെ രാജാക്കന്മാര്‍, അനുരാഗി, ആലിലക്കുരുവികള്‍, മൂന്നാം മുറ, ഒരു വടക്കന്‍ വീരഗാഥ, 1921, ദൗത്യം തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ വില്ലനായും ഉപനായകനായും സുരേഷ് ഗോപി വേഷമിട്ടിട്ടുണ്ട്.

1990ത്തോടെയാണ് സുരേഷ് ഗോപി നായകവേഷം ചെയ്ത് തുടങ്ങിയത്. 1992ല്‍ ചെയ്ത് ഏകലവ്യനിലെ ഐപിഎസ് ഓഫീസറുടെ വേഷം സുരേഷ് ഗോപിയെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തി. പിന്നീട് കമ്മീഷണര്‍ പോലുള്ള ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങള്‍ തന്നെയാണ് ആരാധകര്‍ ഏറെയും ഏറ്റെടുത്തത്.

1997ല്‍ പുറത്തിറങ്ങിയ കളിയാട്ടത്തില്‍ കാണിച്ച അഭിനയ മികവിന് അദ്ദേഹത്തെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വന്നെത്തി. ആ വര്‍ഷം തന്നെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. മലയാളത്തിലും തമിഴിലുമായി 300 ലേറെ ചിത്രങ്ങളിലാണ് സുരേഷ് ഗോപി അഭിനയിച്ചിട്ടുള്ളത്.

2016ലാണ് രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെക്കുന്നത്. പിന്നീട് സിനിമയില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം 2021ല്‍ കാവല്‍ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോഴിതാ സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് സുരേഷ് ഗോപി.

തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന് പാഠം ഉള്‍കൊണ്ട് തന്നെ നടത്തിയ പ്രവര്‍ത്തനമാണ് ഇപ്പോള്‍ സുരേഷ് ഗോപിയെ അധികാരത്തിലേക്ക് എത്തിച്ചിരിക്കുന്നത്. 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. കേരളത്തിലെ ആദ്യം ബിജെപി എംപിയായതുകൊണ്ട് തന്നെ സുരേഷ് ഗോപി ഉയരുന്നത് കേന്ദ്രമന്ത്രി എന്ന നിലയിലേക്ക് കൂടിയാണ്.