Suresh Gopi : ‘മിനിസ്റ്ററായാലും ഞാൻ എടാ മന്ത്രിയെന്നേ വിളിക്കൂ’; അന്ന് ഷാജി കൈലാസ് സുരേഷ് ഗോപിയോട് പറഞ്ഞിരുന്നു
Suresh Gopi And Shaji Kailas : സുരേഷ് ഗോപിക്ക് തീപ്പൊരി പോലീസ് വേഷങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. ദി ന്യൂസ് എന്ന ഷാജി കൈലാസിൻ്റെ ആദ്യ ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി ആദ്യമായി പ്രധാന നായക വേഷം കൈകാര്യം ചെയ്യുന്നത്.
സൂപ്പർ സ്റ്റാർ സുരേഷ് ഗോപി (Suresh Gopi) എന്ന പേര് ഓർക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് വരുന്ന ഒരുപിടി പോലീസ് വേഷങ്ങളാണ്. ഭരത്ചന്ദ്രൻ ഐപിഎസായി എത്തി മലയാള സിനിമയിലെ പോലീസ് വേഷങ്ങൾക്ക് മറ്റൊരു മുഖം നൽകുകയായിരുന്നു സുരേഷ് ഗോപി. ഈ കഥാപാത്രങ്ങൾ സുരേഷ് ഗോപിക്ക് സമ്മാനിച്ചത് സംവിധായകൻ ഷാജി കൈലാസും (Director Shaji Kailas) തിരക്കഥാകൃത്ത് രഞ്ജി പണിക്കരും ചേർന്നാണ്. ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്ത ദി ന്യൂസ് എന്ന ചിത്രത്തിൽ പോലീസ് വേഷത്തിൽ നായകനായി എത്തിയതും സുരേഷ് ഗോപി തന്നെയായിരുന്നു. അന്ന് മുതൽ ഉള്ള സൗഹൃദമാണ് ഷാജി കൈലാസും സുരേഷ് ഗോപിയും തമ്മിലുള്ളത്.
താൻ നിർമിച്ചെടുത്ത മലയാളത്തിലെ ഫയർബ്രാൻഡ് ഹീറോ ഇന്ന് രാജ്യത്തെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവായി മാറിയെങ്കിലും അവർക്കിടയിലുള്ള സൗഹൃദം ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ലയെന്നാണ് ഷാജി കൈലാസ് പറയുന്നത്. അതുകൊണ്ട് താൻ ഇപ്പോഴും സുരേഷ് ഗോപിയെ ‘എടാ’ എന്ന് വിളിച്ചുകൊണ്ട് തന്നെയാണ് തമ്മിൽ അഭിസംബോധന ചെയ്യാറുള്ളത്. അതിപ്പോൾ എംപിയായലും മന്ത്രിയായലും അങ്ങനെ തന്നെയായിരിക്കുമെന്നാണ് ഷാജി കൈലാസ് നേരത്തെ അമൃത ടിവിയുടെ ജനനായകൻ എന്ന പരിപാടിക്കിടെ പറഞ്ഞത്.
“ആദ്യ സിനിമയായ ന്യൂസിൻ്റെ ചർച്ച ആരംഭിച്ച അന്ന് മുതലാണ് ഞങ്ങൾ തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. എം.പിയായ ശേഷം ഞാൻ ആദ്യമായിട്ട് അദ്ദേഹത്തെ ഫോണിൽ വിളിച്ചിട്ട് എടാ എംപിയെന്നാണ് പറഞ്ഞത്. എം.പിയെ എടാ എം.പിയെന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യമുള്ള ഏക വ്യക്തിയാണ് ഞാൻ. മിനിസ്റ്ററായാലും ഞാൻ അങ്ങനെ വിളിക്കൂ, എടാ മന്ത്രി എന്നാണ് ഞാൻ വിളിക്കുക” ജനനായകൻ പരാപാടിക്കിടെ ഷാജി കൈലാസ് പറഞ്ഞു. 2023 സെപ്റ്റംബറിൽ സംപ്രേഷണം ചെയ്ത പരിപാടിക്കിടെയാണ് സംവിധായകൻ ഇക്കാര്യം പറയുന്നത്
മനു അങ്കിൾ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് താൻ ആദ്യമായി സുരേഷ് ഗോപിയെ പരിചയപ്പെടുന്നത്. പോലീസ് വേഷത്തിൽ നനഞ്ഞ് കുളിച്ചെത്തിയ സുരേഷ് ഗോപിയെ കണ്ടപാടെ താൻ ഞെട്ടിപ്പോയി. അന്ന് അവിടെ നിന്നും മടങ്ങുമ്പോൾ കൂടെ ഉണ്ടായിരുന്ന രാജീവ് അഞ്ചലിനോട് സുരേഷ് ഗോപിക്ക് അടുത്ത സൂപ്പർ സ്റ്റാർ ആകാനുള്ള എല്ലാ ശരീരഭാഷയുണ്ടെന്ന് പറഞ്ഞു. ദി ന്യൂസ് എന്ന സിനിമ എഴുതുന്ന സമയത്ത് തന്നെ സുരേഷ് ഗോപിയെയാണ് താൻ നായകനായി കണ്ടതെന്ന് സഹരചയ്താവായ നടൻ ജഗദീഷിനോട് പറഞ്ഞു. നായർ സാബ് സിനിമയുടെ ചിത്രീകരണത്തിനിടെ കിട്ടിയ വേളയിലാണ് താനും ജഗദീഷും ചേർന്ന് സുരേഷ് ഗോപിയെ കണ്ട് ദി ന്യൂസിൻ്റെ കഥ പറയുന്നത്. തൻ്റെ അവതരണത്തിൽ ആകൃഷ്ടനായി സുരേഷ് ഗോപി തൻ്റെ നായകനാകാൻ സമ്മതം അറിയിക്കുകയായിരുന്നുയെന്ന് ഷാജി കൈലാസ് പറഞ്ഞു.
ദി ന്യൂസിന് ശേഷം 90കളിൽ നിരവിധി ത്രില്ലർ ചിത്രങ്ങളാണ് ഷാജി കൈലാസ് സുരേഷ് ഗോപി കൂട്ടുകെട്ടിൽ പിറന്നത്. തലസ്ഥാനം, ഏകലവ്യൻ, മാഫിയ, കമ്മീഷ്ണർ, എഫ്ഐആർ എന്നിവയാണ് അവയിൽ പ്രധാന ചിത്രങ്ങൾ. ഒരിടവേളയ്ക്ക് ശേഷം 2005ൽ ദി ടൈഗർ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി-ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. പിന്നലെ ചിന്താമണി കൊലക്കേസ് എന്ന ഹിറ്റ് ചിത്രവും ഇവരുടെ കൂട്ടുകെട്ടിൽ പിറന്നു. 2012ൽ ഇറങ്ങിയ ദി കിങ് ആൻഡ് ദി കമ്മീഷ്ണർ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയും ഷാജി കൈലാസും ഏറ്റവും ഒടുവിൽ ഒന്നിച്ചത്.