Suraj Venjaramoodu: ‘ലൂസിഫറിലെ ആ കുറവ് ഞാൻ ചൂണ്ടിക്കാട്ടി, അതുകേട്ട് പൃഥ്വി അമ്പരന്നു’; വെളിപ്പെടുത്തി സൂരജ് വെഞ്ഞാറമൂട്
Suraj Venjaramoodu Points Out a Mistake in Lucifer: ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ലൂസിഫറിൽ താൻ കണ്ടെത്തിയ ഒരു കുറവ് ചൂണ്ടിക്കാട്ടി എന്നും, ഇത് കേട്ട് പൃഥ്വി ആകാംഷയിലായി എന്നും സുരാജ് പറയുന്നു.

2019ൽ പൃത്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് ‘ലൂസിഫർ’. ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ ആണ്. മാർച്ചിൽ റിലീസിനൊരുങ്ങുന്നു ഈ ചിത്രത്തിന് വേണ്ടി ഏറെ ആകാംഷയോടെ ആണ് മലയാളി സിനിമ പ്രേക്ഷകർ കാത്തിരിക്കുന്നത്. ആദ്യഭാഗത്തിലെ പല കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിലും അണിനിരക്കുന്നുണ്ട്. ഇതിന് പുറമെ ചില പുതിയ കഥാപാത്രങ്ങളുമായി കൂടുതൽ താരങ്ങൾ എമ്പുരാന്റെ ഭാഗമാകും എന്നാണ് വിവരം.
അത്തരത്തിൽ ആദ്യ ഭാഗത്തിൽ ഇല്ലാതിരുന്ന സുരാജ് വെഞ്ഞാറമൂട് രണ്ടാം ഭാഗത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. സജന ചന്ദ്രനായാണ് സുരാജ് ചിത്രത്തിലെത്തുന്നത്. കേരള രാഷ്ട്രീയത്തിൽ കാര്യമായ ഇടപെടൽ നടത്തുന്ന ഒരു രാഷ്ട്രീയ നേതാവാണ് സജന ചന്ദ്രൻ. സുരാജ് സിനിമയിലെ തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ എമ്പുരാന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതിൽ ഈ സിനിമയിലേക്ക് എത്തിച്ചേർന്നതിനെ കുറിച്ചും താരം പറയുന്നുണ്ട്.
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ്. ആ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ലൂസിഫറിൽ താൻ കണ്ടെത്തിയ ഒരു കുറവ് ചൂണ്ടിക്കാട്ടി എന്നും, ഇത് കേട്ട് പൃഥ്വി ആകാംഷയിലായി എന്നും സുരാജ് പറയുന്നു. പറഞ്ഞത് ശരിയാണെന്ന് രാജു സമ്മതിക്കുകയും, എമ്പുരാനിൽ ആ കുറവ് നികത്താമെന്ന് ഉറപ്പ് നൽകിയതായും സുരാജ് കൂട്ടിച്ചേർത്തു.
ALSO READ: ‘ആ സംഭവത്തിന് ശേഷം അന്ന് രാത്രി തന്നെ ദിലീപേട്ടൻ വിളിച്ചു, ഒരു ഡോക്ടറെ വിട്ടു’; മിഥുൻ രമേശ് പറയുന്നു
“ഞാൻ ലൂസിഫറിൽ ഇല്ല എന്നതാണ് ആ കുറവ്. എമ്പുരാൻ വരുമ്പോൾ അത് നികത്തണം എന്ന് ഞാൻ രാജുവിനോട് പറഞ്ഞു” എന്നാണ് വീഡിയോയിൽ സുരാജ് പറയുന്നത്. അങ്ങനെയാണ് താൻ എമ്പുരാനിൽ എത്തിപ്പെട്ടതെന്ന് താരം വെളിപ്പെടുത്തി. അതേസമയം മാർച്ച് 27നാണ് എമ്പുരാൻ റിലീസ് ചെയ്യുന്നത്.
അതിനിടെ, എമ്പുരാന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. വളരെ സ്റ്റൈലിഷ് ലുക്കിൽ ഹെലികോപ്റ്ററിൽ നിന്ന് പറന്നുയരാൻ തുടങ്ങുന്ന ഖുറേഷി അബ്രാമിന്റെ ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥ പറഞ്ഞെങ്കിൽ എമ്പുരാനിൽ ഖുറേഷി അബ്രാമിന്റെ ലോകമാണ് പ്രേക്ഷകർക്ക് മുന്നിൽ തുറന്നിടുന്നത്. ഇരുപതോളം വിദേശ രാജ്യങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നതെന്നാണ് വിവരം.
മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു തുടങ്ങിയ ആദ്യ ഭാഗത്തിലെ അഭിനേതാക്കൾ ചിത്രത്തിലുണ്ട്, ഇവർക്ക് പുറമെ, സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദീൻ, അർജുൻ ദാസ് എന്നിവരും ചിത്രത്തിൽ അണിനിരക്കും. ആശിർവാദ് സിനിമാസും, ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സംഗീതം ദീപക് ദേവാണ്. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിംഗും കൈകാര്യം ചെയ്യും.