Rajanikanth: സ്കൂളിൽ പോകാൻ മടിച്ച് കൊച്ചുമോൻ; അവസാനം സ്റ്റൈൽ മന്നൻ കൊണ്ടുവിട്ടു
Rajanikanth with his Grandson: സിനിമയിലെ റോളുകൾ മാത്രമല്ല ജീവിതത്തിലെ റോളുകളും മനോഹരമായി ചെയ്ത് രജനികാന്ത്. രജനികാന്തിന്റെ കൊച്ചു മകനുമൊത്തുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നു.
സ്കൂളിൽ പോകാൻ മടി കാണിച്ച കൊച്ചുമോനെ ഒപ്പം കൂട്ടി സ്കൂളിലേക്ക് പോയി തമിഴ് സൂപ്പർ താരം രജനികാന്ത്. രജനികാന്തിൻ്റെ രണ്ടാമത്തെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്താണ് തൻ്റെ മകൻ ദേവുമായുള്ള സൂപ്പർ താരത്തിൻ്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. “എന്റെ മകന് ഇന്ന് രാവിലെ സ്കൂളിൽ പോകാൻ മടി. അവൻ്റെ പ്രിയപ്പെട്ട സൂപ്പർഹീറോ തന്നെ അവനെ സ്കൂളിൽ കൊണ്ടുപോയി വിട്ടു. എല്ലാ റോളുകളിലും നിങ്ങൾ ആണ് അപ്പാ ബെസ്റ്റ്. അത് ഓൺസ്ക്രീനിൽ ആയാലും ഓഫ് സ്ക്രീനിൽ ആയാലും.” എന്ന അടിക്കുറിപ്പോടെയാണ് രജനികാന്തും കൊച്ചുമകൻ ദേവുമായുള്ള ചിത്രം സൗന്ദര്യ പങ്കുവെച്ചത്. സ്കൂളിൽ പോകാൻ മടി കാണിക്കുന്ന ദേവിനെയും, രജനികാന്തിനെ കണ്ട് അംബരന്ന കുരുന്നുകളെയും ആണ് ചിത്രത്തിൽ കാണാനാവുക.
View this post on Instagram
സണ്ടക്കോഴി, ശിവാജി, മജാ, തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായും ഗ്രാഫിക് ഡിസൈനിങ് അസിസ്റ്റന്റായും പ്രവര്‍ത്തിച്ചാണ് സൗന്ദര്യ തന്റെ കരിയർ ആരംഭിച്ചത്. രജനികാന്ത് നായകനായ ‘കോച്ചടയാൻ’ എന്ന 3ഡി ആനിമേഷൻ സിനിമയിലൂടെയാണ് സംവിധായികയായി അരങ്ങേറ്റം കുറിച്ചത്. ധനുഷ് നായകനായ ‘വേലയില്ലാ പട്ടതാരി 2’ എന്ന സിനിമയും സംവിധാനം ചെയ്തത് സൗന്ദര്യയാണ്. ഓച്ചർ പിക്ചർസ് പ്രൊഡക്ഷൻ എന്ന പ്രൊഡക്ഷൻ കമ്പനിയും സൗന്ദര്യ സ്ഥാപിച്ചു. വ്യവസായിയായ അശ്വിൻ റാം കുമാറുമായുള്ള തൻ്റെ ആദ്യ വിവാഹത്തിലുള്ള മകനാണ് ദേവ്. ഇരുവരും വേർപിരിഞ്ഞ ശേഷം സൗന്ദര്യ, നടനും ബിസിനസുകാരനുമായ വിശാഖൻ വണങ്കാമുടിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലും സൗന്ദര്യയ്ക്ക് ഒരു കുഞ്ഞുണ്ട്.
ALSO READ : ഗ്ർർർ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?
അതേസമയം പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോൾ രജനികാന്ത്. ജയ് ഭീം എന്ന സിനിമ ഒരുക്കിയ ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘വേട്ടയ്യൻ’ ആണ് റിലീസിനായി കാത്തിരിക്കുന്ന അടുത്ത രജനി ചിത്രം. ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചൻ, മലയാളി താരം ഫഹദ് ഫാസിൽ, റാണാ ദഗുബട്ടി എന്നിവരാണ് ഈ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ യിലാണ് വേട്ടയന് ശേഷം രജിനി ഭാഗമാകുക. ചിത്രത്തിൻ്റെ പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.