Sujith Sudhakaran: ഏറ്റവും പ്രഷര്‍ അനുഭവിച്ചത് മലൈക്കോട്ടെ വാലിബനില്‍, എമ്പുരാനില്‍ കണ്‍ഫ്യൂഷന്‍ ഇല്ലായിരുന്നു
Sujith Sudhakaran on Malaikottai Vaaliban: ആ സിനിമയുടെ കാര്യത്തില്‍ എല്ലാ ദിവസവും നടക്കുന്ന കാര്യമായിരുന്നു. തന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ മാത്രമല്ല, എല്ലാ ഡിപ്പാര്‍ട്ടമെന്റിലും അങ്ങനെയായിരുന്നു. ആദ്യം കുറച്ച് ബുദ്ധിമുട്ടായിരുന്നു. ഇത്തരത്തില്‍ വ്യത്യസ്തയാര്‍ന്ന സിനിമകള്‍ ആ സംവിധായകന്‍ എടുക്കുന്നതിന്റെ കാരണം ഇതാണെന്ന് പിന്നീടാണ് മനസിലായതെന്നും സുജിത്ത്

ഇത്രയും സിനിമ ചെയ്തതില്‍ ഏറ്റവും പ്രഷര്‍ അനുഭവിച്ചത് മലൈക്കോട്ടെ വാലിബനിലാണെന്ന് കോസ്റ്റ്യൂം ഡിസൈനറായ സുജിത്ത് സുധാകരൻ. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് സുജിത്തിന്റെ വെളിപ്പെടുത്തല്‍. നമ്മുടെ സിസ്റ്റത്തില്‍ നിന്ന് മാറി വേറൊരു രീതിയില്‍ വര്‍ക്ക് ചെയ്ത സിനിമയാണ് മലൈക്കോട്ടെ വാലിബനെന്ന് സുജിത്ത് വ്യക്തമാക്കി. ആദ്യം ഒരു ഐഡിയ ഉണ്ടാക്കി അത് ഡയറക്ടറിന് മുന്നില്‍ അവതരിപ്പിക്കാന്‍ പറ്റുന്ന രീതിയിലേക്ക് ആക്കും. ഡയറക്ടര്‍ക്ക് ഓക്കെയാകുന്ന ലെവല്‍ വരെ വര്‍ക്ക് ചെയ്തിട്ട് അത് പ്രാക്ടിക്കലി വര്‍ക്ക് ചെയ്യിപ്പിക്കും. ഇതൊക്കെ കഴിഞ്ഞിട്ട് സെറ്റില്‍ ചെല്ലുമ്പോള്‍ ഇതൊന്നുമല്ല വേണ്ടതെന്ന് ഡയറക്ടര്‍ പറയുമ്പോള്‍ ഞെട്ടിപ്പോയെന്ന് സുജിത്ത് പറഞ്ഞു.
”കഴിഞ്ഞ മൂന്ന് മാസമായി ഞാന്‍ ഈ പണിയൊക്കെ എടുത്തിട്ട് ഇതൊന്നുമല്ല തനിക്ക് വേണ്ടതെന്ന് അദ്ദേഹം പറയുമ്പോള്‍ അത് സ്വീകരിക്കാതെ വേറെ വഴിയില്ല. ഇത് എന്റെ ശൈലിയുമായി ഒരിക്കലും ബന്ധപ്പെട്ടതല്ല. വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അവിടെ. ജോലി കഴിഞ്ഞ് ഹോട്ടലിലെ റൂമിലെത്തുമ്പോള്‍ തൃപ്തിയില്ലായിരുന്നു. ചില സമയത്ത് തിരിച്ച് യൂണിറ്റില്‍ പോയിട്ട് എന്റെ വര്‍ക്ക് ചെയ്യുന്ന എല്ലാവരെയും വിളിച്ച് എഴുന്നേല്‍പ്പിച്ച് അത് വീണ്ടും ചെയ്യാന്‍ ശ്രമിക്കുമായിരുന്നു”- സുജിത്ത് വ്യക്തമാക്കി.




ഇത് ആ സിനിമയുടെ കാര്യത്തില്‍ എല്ലാ ദിവസവും നടക്കുന്ന കാര്യമായിരുന്നു. തന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ മാത്രമല്ല, എല്ലാ ഡിപ്പാര്‍ട്ടമെന്റിലും അങ്ങനെയായിരുന്നു. ആദ്യം കുറച്ച് ബുദ്ധിമുട്ടായിരുന്നു. ഇത്തരത്തില്‍ വ്യത്യസ്തയാര്‍ന്ന സിനിമകള്‍ ആ സംവിധായകന്‍ (ലിജോ ജോസ് പെല്ലിശ്ശേരി) എടുക്കുന്നതിന്റെ കാരണം ഇതാണെന്ന് പിന്നീടാണ് മനസിലായത്. അദ്ദേഹം ചിന്തിക്കുന്ന രീതി വ്യത്യസ്തമാണെന്നും സുജിത്ത് പറഞ്ഞു.
നിങ്ങള്‍ എങ്ങനെയെങ്കിലുമൊക്കെ ചെയ്ത് അത് ശരിയാക്കൂ എന്ന് സ്വയം പറയുന്ന അവസ്ഥയിലേക്ക് എത്തും. ‘മോനെ എല്ലാം ഓക്കെ’ ആണോന്ന് ലാല്‍ സര്‍ ചോദിക്കുമായിരുന്നു. എല്‍ജെപിയുടെ കൂടെ ഒരാള്‍ വര്‍ക്ക് ചെയ്താല്‍ അയാള്‍ക്ക് ഏത് ഇന്‍ഡസ്ട്രിയിലും പോയിട്ട് ഏത് സിറ്റുവേഷനിലും പിടിച്ച് നില്‍ക്കാന്‍ പറ്റും. ഓരോ സിനിമയ്ക്കും വ്യത്യസ്തമായ വെല്ലുവിളികളാണുള്ളത്. എമ്പുരാന്റെ ലൊക്കേഷനില്‍ ഒരു തരത്തിലുമുള്ള കണ്‍ഫ്യൂഷന്‍ ഉണ്ടായിട്ടില്ലെന്നും സുജിത്ത് കൂട്ടിച്ചേര്‍ത്തു.