Stree 2 OTT: ബോക്സ് ഓഫീസിൽ 800 കോടി നേടിയ ‘സ്ത്രീ 2’ ഒടിടിയിലെത്തി; എവിടെ കാണാം
Stree 2 OTT Release: മഡോക്ക് ഫിലിംസിന്റെ സൂപ്പർനാച്ചുറൽ യുണിവേഴ്സിലെ നാലാമത്തെ ചിത്രമായ ‘സ്ത്രീ 2’ ഒടിടിയിൽ. ആഗോളതലത്തിൽ ചിത്രം നേടിയത് 826.5 കോടി രൂപയാണ്.
ബോക്സ് ഓഫീസിൽ വലിയ വിജയം തീർത്ത ബോളിവുഡ് ചിത്രം സ്ത്രീ 2 ഒടിടിയിൽ എത്തി. 2024-ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ‘കൽക്കി’ക്ക് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് ‘സ്ത്രീ 2’. അമർ കൗശിക്കിന്റെ സംവിധാനത്തിൽ ശ്രദ്ധ കപൂർ, രാജ് കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആഗോളതലത്തിൽ 826.5 കോടി രൂപയാണ് നേടിയത്.
‘സ്ത്രീ 2’വിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത് ആമസോൺ പ്രൈം വീഡിയോയാണ്. ചിത്രം ഇന്ന് (സെപ്റ്റംബർ 27) മുതൽ ആമസോൺ പ്രൈമിൽ റെന്റിന് കാണാൻ സാധിക്കും. 349 രൂപയാണ് ചിത്രത്തിന് അവർ ഈടാക്കുന്ന റെന്റ്. റെന്റിന് എടുത്ത് കഴിഞ്ഞാൽ 30 ദിവസം വരെയാണ് ആ ചിത്രം കാണാൻ കഴിയുക. എന്നാൽ, ചിത്രം ഉടൻ തന്നെ ഒടിടിയിൽ സൗജന്യമായും എത്തുമെന്നാണ് വിവരം.
ALSO READ: സൂരിയുടെ ‘കൊട്ടുകാളി’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
ദിനേശ് വിജനും, ജ്യോതി ദേശ്പാണ്ഡെയുമാണ് ചിത്രത്തിന്റെ നിർമാണം. ഏകദേശം 50 കോടി ബഡ്ജറ്റിൽ നിർമിച്ച ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 690 കോടി രൂപയാണ്. അതിനാൽ തന്നെ, കുറഞ്ഞ ബഡ്ജറ്റിൽ, ചെറിയ സമയം കൊണ്ട് ചിത്രം വലിയ വിജയമാണ് കൈവരിച്ചതെന്നാണ് വിലയിരുത്തൽ. ശ്രദ്ധ കപൂർ, രാജ് കുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.
2018-ൽ പുറത്തിറങ്ങിയ ‘സ്ത്രീ’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് അമർ കൗശിക് സംവിധാനം ചെയ്ത ‘സ്ത്രീ 2’. മഡോക്ക് ഫിലിംസിന്റെ സൂപ്പർനാച്ചുറൽ യുണിവേഴ്സിലെ നാലാമത്തെ ചിത്രമാണിത്. ഭേടിയാ, മുഞ്ജ്യ, സ്ത്രീ, സ്ത്രീ 2 എന്നിവയാണ് നാല് ചിത്രങ്ങൾ. ചിത്രത്തിൽ അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. തമന്ന, അക്ഷയ് കുമാർ, വരുൺ ധവാൻ എന്നിവരുടെ കാമിയോ വേഷങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.