5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Om Prakash Drug Case: ശ്രീനാഥ് ഭാസിയും പ്രയാഗയുമെത്തിയത് ഓം പ്രകാശിൻ്റെ പാ‍ർട്ടിയിൽ പങ്കെടുക്കാൻ; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി പൊലീസ്

Sreenath Bhasi- Prayaga Martin Drug Case: സിനിമാ താരങ്ങൾക്ക് ഒപ്പം റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള 20 പേരുടെയും മൊഴി മരട് പൊലീസ് രേഖപ്പെടുത്തും. ഹോട്ടലിൽ നിന്ന് പൊലീസിന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുകൾക്കും സാധ്യയുണ്ട്.

Om Prakash Drug Case: ശ്രീനാഥ് ഭാസിയും പ്രയാഗയുമെത്തിയത് ഓം പ്രകാശിൻ്റെ പാ‍ർട്ടിയിൽ പങ്കെടുക്കാൻ; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി പൊലീസ്
Image Credits: Sreenath Bhasi And Prayaga Martin Instagram Page
athira-ajithkumar
Athira CA | Updated On: 08 Oct 2024 10:33 AM

കൊച്ചി: ഗുണ്ടാത്തലവൻ ഓം പ്രകാശ് പ്രതിയായ ലഹരി കേസിൽ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും കുരുക്ക് മുറുകുന്നു. ഇരുവരെയും ഉടൻ മരട് പൊലീസ് ചോദ്യം ചെയ്യും. ഓം പ്രകാശ് ഒരുക്കിയ പാർട്ടിയിൽ പങ്കെടുക്കാനായാണ് ഇരുവരും മരടിലെ ഫ്ലാറ്റിൽ എത്തിയതെന്നാണ് വിവരം. ഓം പ്രകാശിന്റെ മുറിയിൽ നടന്ന പാർട്ടിയിൽ ലഹരിയും ഉണ്ടായിരുന്നെന്ന നി​ഗമനത്തിലാണ് പൊലീസ്. താരങ്ങൾക്ക് സ്റ്റേഷനിൽ എത്താൻ മരട് പൊലീസ് നിർദേശം നൽകി. താരങ്ങളെ എത്തിച്ച ബിനു ജോസഫിൽ നിന്നുമാണ് അന്വേഷണ സംഘത്തിന് നിർണായക വിവരം ലഭിച്ചത്.

ഓം പ്രകാശിന്റെ റിമാന്റ് റിപ്പോർട്ടിലുള്ള 20 പേരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ശ്രീനാഥ് ഭാസിക്കും പ്രയാഗമാർട്ടിനും ഓം പ്രകാശിനെ നേരിട്ട് പരിചയമില്ലെന്നാണ് കണ്ടെത്തൽ. ബിനു ജോസഫ് വഴിയാണ് താരങ്ങൾ പാർട്ടിയിൽ പങ്കെടുക്കാനായി എത്തിയത്. ബോബി ചലപതി എന്നയാളുടെ പേരിൽ ബുക്ക് ചെയ്ത മുറിയിലേക്ക് കൂടുതൽ ആളുകൾ എത്തിയതോടെയാണ് പൊലീസിനെ അജ്ഞാതൻ വിവരം ‌അറിയിച്ചത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്റെ പക്കലുണ്ട്. കേസിൽ കൂടുതൽ പേർ അറസ്റ്റിലാകാൻ സാധ്യതയുണ്ട്. ഓം പ്രകാശിനെ വിശദമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

ചോദ്യം ചെയ്യലിന്റെ ഭാ​ഗമായി ഇന്നലെ കസ്റ്റഡിയിലെടുത്ത എളമക്കര സ്വദേശിയെ രാത്രി വെെകി പൊലീസ് വിട്ടയച്ചിരുന്നു. ഫോറൻസിക് പരിശോധനയ്ക്ക് ഓം പ്രകാശിന്റെ മൊബെെൽ ഫോൺ വിധേയമാക്കും. ലഹരിക്കേസിൽ ഇന്നലെയാണ് കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഓംപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഓം പ്രകാശിനൊപ്പം കൂട്ടാളി ഷിഹാസിനെയും സ്വകാര്യ ഹോട്ടലിൽ നിന്ന് മരട് പൊലീസ് പിടികൂടിയിരുന്നു.

കഴിഞ്ഞ ദിവസം ബോൾ​ഗാട്ടി പാലസിൽ നടന്ന ലോക പ്രശസ്ത സം​ഗീതജ്ഞൻ അലൻ വാക്കറുടെ ഡിജെ ഷോയിൽ ലഹരി വസ്തുകൾ വിൽക്കാൻ ലക്ഷ്യമിട്ട് മുറിയെടുത്തെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. രഹസ്യവിവരത്തെ തുടർന്ന് കുണ്ടന്നൂരിലെ ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് ഓം പ്രകാശും കൂട്ടാളിയും പൊലീസിന്റെ വലയിലായത്. കൊക്കെയ്ൻ അടങ്ങിയ ബാ​ഗും മുറിയിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഓം പ്രകാശിന്റെ മുറിയിൽ ശ്രീനാഥ് ഭാസിയും പ്രയാ​ഗ മാർട്ടിനും ഉൾപ്പെടെയുള്ള 20 പേർ എത്തിയിരുന്നതായി കണ്ടെത്തിയത്.

പേര് പുറത്തുവന്നതിന് പിന്നാലെ ഇൻസ്റ്റ​ഗ്രാമിൽ പരിഹാസം നിറഞ്ഞ സ്റ്റോറി പ്രയാ​ഗ മാർട്ടിൻ പങ്കുവച്ചിട്ടുണ്ട്. ഹഹാ ഹിഹി ഹുഹു എന്നെഴുതിയ ബോർഡാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി താരം പങ്കുവച്ചിരിക്കുന്നത്. എന്നാൽ വിഷയത്തിൽ ഇതുവരെയും ശ്രീനാഥ് ഭാസിയും പ്രയാ​ഗ മാർട്ടിനും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മലയാള സിനിമയിലെ ലഹരി ഉപയോ​ഗത്തെ കുറിച്ച് പരാമർശങ്ങളുണ്ട്. യുവതാരങ്ങളടക്കം പലരും ലഹരി ഉപയോഗിച്ചുവെന്ന ആരോപണമുണ്ട്. ഇതിനിടെയിലാണ് ഓം പ്രകാശ് സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുക്കാൻ സിനിമാ താരങ്ങൾ എത്തിയെന്ന വാർത്ത പുറത്തുവന്നത്.

Latest News