Sreenath Bhasi: പിടിക്കപ്പെടാതിരിക്കാന്‍ റൂമെടുത്തത് മറ്റൊരു പേരില്‍; എത്തിയത് പ്രയാഗയും ശ്രീനാഥും ഉള്‍പ്പെടെ 20 പേര്‍
Sreenath Bhasi and Prayaga Martin Drug Case: തങ്ങളെത്തുന്നതിന് മുമ്പ് ഹോട്ടല്‍ മുറിയില്‍ പലരും വന്നുപോയതായി പോലീസിന് സംശയമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിനെ സന്ദര്‍ശിച്ചത് കണ്ടെത്തിയത്.
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് (Om Prakash) അറസ്റ്റിലായതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. തനിക്കെതിരെ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ കള്ളപ്പേരിലാണ് ഓം പ്രകാശ് ഹോട്ടലില്‍ റൂമുകള്‍ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു ഇയാളെടുത്തത്. ബോബി ചലപതി എന്നയാളാണ് ഇയാള്‍ക്കായി റൂമുകള്‍ ബുക്ക് ചെയ്തത്.
ഓം പ്രകാശിന് റൂമുകള്‍ ബുക്ക് ചെയ്ത് നല്‍കിയ ബോബി ചലപതിക്കെതിരെയും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ശ്രീനാഥ് ഭാസി (sreenath Bhasi), പ്രയാഗ മാര്‍ട്ടിന്‍ (Prayaga Martin) എന്നിവരെ കൂടാതെ ബൈജു, അനൂപ്, ഡോണ്‍ ലൂയിസ്, അരുണ്‍, അലോഷ്യ, സ്‌നേഹ, ടിപ്‌സണ്‍, ശ്രീദേവി, രൂപ, പോപ്പി എന്നിവരും ഓം പ്രകാശിനെ കാണാന്‍ ഹോട്ടല്‍ മുറിയിലെത്തിയിരുന്നതായി പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
തങ്ങളെത്തുന്നതിന് മുമ്പ് ഹോട്ടല്‍ മുറിയില്‍ പലരും വന്നുപോയതായി പോലീസിന് സംശയമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിനെ സന്ദര്‍ശിച്ചത് കണ്ടെത്തിയത്.
ഡിജെ പാര്‍ട്ടിയില്‍ കൊക്കെയ്ന്‍ വിതരണം ചെയ്യാനുള്ള നീക്കമായിരുന്നു പ്രതികളുടേതെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ വിദേശത്ത് നിന്ന് ഉള്‍പ്പെെേട കൊക്കെയ്ന്‍ കൊണ്ടുവന്ന് എറണാകുളത്തും മറ്റ് ജില്ലകളിലും ഡിജെ പാര്‍ട്ടികളില്‍ വിതരണം ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഓം പ്രകാശ്, അയാളുടെ കൂട്ടാളി കൊല്ലം സ്വദേശി ഷിഹാസ് എന്നിവരാണ് പിടിയിലായത്. ഇരുപതോളം കേസുകളാണ് ഇരുവര്‍ക്കുമെതിരെയുള്ളത്.
കഴിഞ്ഞ കുറച്ച് നാളുകളായി ഓം പ്രകാശിനെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. രണ്ടു ദിവസമായി ഇവരെ കൊച്ചിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. തുടര്‍ന്ന്, മരടില്‍ നടന്ന അലന്‍ വോക്കര്‍ സംഗീത നിശയില്‍ ലഹരി ഉപയോഗം ഉണ്ടായതായി പോലീസ് കണ്ടെത്തി. പരിപാടി നടന്ന അതേ ഹോട്ടലിലാണ് ഓം പ്രകാശും കൂട്ടരും താമസിച്ചിരുന്നത്. സംഗീത പരിപാടിക്കിടെ, കഞ്ചാവ് കൈവശം വെച്ചതിന് നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പരിപാടിക്കിടെ 31 പേരുടെ മൊബൈല്‍ ഫോണ്‍ കാണാതായതായും പരാതി ലഭിച്ചിട്ടുണ്ട്.
അതേസമയം, സംഗീത പരിപാടിക്കിടെ ലഹരി ഉപയോഗം നടന്നെന്ന ആരോപണം സംഘാടകര്‍ നിഷേധിച്ചു. പരിപാടി നടക്കുമ്പോള്‍ വന്‍ എക്‌സൈസ് സന്നാഹം ഒരുക്കിയിരുന്നതായും ഓം പ്രകാശ് പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും സംഘാടകന്‍ ലിജോ ജോയി മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാല്‍, പോലീസ് ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ച് നേരത്തെ ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ അടക്കം പരാമര്‍ശമുണ്ടായിരുന്നു. പല താരങ്ങള്‍ക്കെതിരെയും ലഹരി ഉപയോഗിച്ചുവെന്ന ആരോപണമുണ്ട്. ചിലര്‍ക്കെതിരെ കേസുകളുമുണ്ട്. എന്നാല്‍ ശ്രീനാഥ് ഭാസിയോ പ്രയാഗ മാര്‍ട്ടിനോ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്രീനാഥ് ഭാസി കൊച്ചിയിലുണ്ട്, എന്നാല്‍ പ്രയാഗ മാര്‍ട്ടിന്‍ എവിടെയാണെന്നതില്‍ വ്യക്തതയില്ലെന്നാണ് വിവരം.
അതേസമയം, ശ്രീനാഥ് ഭാസിക്കെതിരെ നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറിയത് വിവാദമായിരുന്നു. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു താരം മോശമായി പെരുമാറിയത്. അവതാരക നല്‍കിയ പരാതിയെ തുടര്‍ന്ന് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചിരുന്നു.