Om Prakash Drug Case: ലഹരിക്കേസ്; പ്രയാഗയ്ക്കും ശ്രീനാഥ് ഭാസിക്കുമെതിരെ തെളിവില്ല; സിറ്റി പൊലിസ് കമ്മീഷണര്‍
Sreenath Bhasi and Prayaga Martin: അതുകൊണ്ടുതന്നെ ഇരുവരെയും പ്രതിചേര്‍ക്കാനും ആലോചന ഇല്ലെയെന്നും ഇരുവരെയും ആവശ്യമെങ്കില്‍ മാത്രമേ വീണ്ടും വിളിപ്പിക്കൂവെന്നും പുട്ട വിമലാദിത്യ മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസില്‍ സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിക്കെതിരെയും പ്രയാഗ മാര്‍ട്ടിനുമെതിരെ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍. സംഭവത്തിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്‌തെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇരുവരെയും പ്രതിചേര്‍ക്കാനും ആലോചന ഇല്ലെയെന്നും ഇരുവരെയും ആവശ്യമെങ്കില്‍ മാത്രമേ വീണ്ടും വിളിപ്പിക്കൂവെന്നും പുട്ട വിമലാദിത്യ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം മറ്റ് സിനിമ താരങ്ങൾ ആരും വന്നതായി കണ്ടെത്തിയിട്ടില്ല. ടെലിവിഷന്‍ മേഖലയിലെ ആര്‍ട്ടിസ്റ്റായ ഒരാള്‍ ഹോട്ടലില്‍ എത്തിയിരുന്നു. ലഹരി പാര്‍ട്ടിക്ക് വന്നതായി ഇത് വരെ സൂചനയില്ല. വിദഗ്ധ പരിശോധന ഫലത്തിനായി കാത്തിരിക്കുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയായിരുന്നു ബോൾഗാട്ടി പാലസിൽ നടന്ന ലോക പ്രശസ്ത സംഗീതജ്ഞൻ അലൻ വാക്കറുടെ ഡിജെ ഷോയിൽ ലഹരി വസ്തുകൾ വിൽക്കാൻ ലക്ഷ്യമിട്ട് മുറിയെടുത്തെന്ന് ആരോപിച്ച് ഗുണ്ടാത്തലവൻ ഓം പ്രകാശിനെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് കുണ്ടന്നൂരിലെ ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് ഓം പ്രകാശും കൂട്ടാളിയും പൊലീസിന്റെ വലയിലായത്. കൊക്കെയ്ൻ അടങ്ങിയ ബാഗും മുറിയിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഓം പ്രകാശിന്റെ മുറിയിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഉൾപ്പെടെയുള്ള 20 പേർ എത്തിയിരുന്നതായി കണ്ടെത്തിയത്.