AMMA Office Search: ‘അമ്മ’യുടെ ഓഫീസിൽ പോലീസ് പരിശോധന; തെളിവ് ശേഖരണത്തിന് എത്തുന്നത് ഇത് രണ്ടാം തവണ
Police Searches AMMA Office: സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടതും, ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകളിലും വ്യക്തത വരുത്താനാണ് പ്രത്യേക സംഘത്തിന്റെ പരിശോധന.
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ കൊച്ചിയിലുള്ള ഓഫീസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. ഇത് രണ്ടാം തവണയാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നത്. നടന്മാരായ ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെ ലഭിച്ച ലൈംഗികപീഡന പരാതിയുടെ അടിസ്ഥാനത്തിൽ തെളിവ് ശേഖരണത്തിനായാണ് പോലീസ് ‘അമ്മ’യുടെ ഓഫീസിലെത്തി പരിശോധന നടത്തിയത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ട രേഖകളിലും, ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകളിലും വ്യക്തത വരുത്താനായിരുന്നു. ഇവർ സംഘടന ഭാരവാഹികൾ ആയിരുന്നെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ കണ്ടെത്തുനിന്നതിനായും പരിശോധന നടന്നു. കഴിഞ്ഞ ദിവസമാണ് നടൻ ഇടവേള ബാബുവിനെതിരെ ലൈംഗികപീഡന ആരോപണം ഉയർന്നത്. ആ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് പരിശോധനക്കായി ‘അമ്മ’ ഓഫീസിൽ എത്തിയത്.
താരസംഘടന അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടി, ഇടവേള ബാബുവിനെതിരെ കൊടുത്ത പരാതി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടിയുടെ മൊഴിയെ പിന്തുണയ്ക്കുന്ന തെളുവുകൾ ശേഖരിക്കുകയാണ് പോലീസ് ഇപ്പോൾ. അതിന്റെ ഭാഗമായാണ് ‘അമ്മ’ ഓഫീസിലെ പരിശോധന.
ALSO READ: മുകേഷിനെതിരായ കുരുക്ക് മുറകുന്നു; 13 വർഷം മുൻപ് നക്ഷത്ര ഹോട്ടലിൽ വെച്ച് മോശമായി പെരുമാറിയതായി ആരോപണം
അതേസമയം, നടന്മാരായ മുകേഷ്, സിദ്ദിഖ് എന്നിവർക്കെതിരെ ലഭിച്ച പരാതിയിലും അന്വേഷണം പുരോഗമിക്കുന്നു. ഇരുവർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. പോലീസ് തെളിവ് ശേഖരണം നടത്തി വരുന്നു. ലൈംഗിക പീഡന പരാതിയിൽ മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. മുൻകൂർ ജാമ്യത്തേയും സംഘം എതിർത്തേക്കും. മുകേഷിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണം സംഘം കോടതിയിൽ തിങ്കളാഴ്ച സത്യവാങ്മൂലം നൽകും. മുകേഷിന്റെ മുൻകൂർ ജാമ്യപേക്ഷയും തിങ്കളാഴ്ച്ച പരിഗണിക്കും. സിദ്ദിഖിനെതിരായ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് പരാതിക്കാരിയുമായി തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തി. സിദ്ദിഖ് സംഭവം നടന്ന ദിവസം 2016 ജനുവരി 28ന് താമസിച്ച 101 D മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുക്കുകയും, അവർ അത് സ്ഥിതീകരിക്കുകയും ചെയ്തു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിൻ്റെ മൊഴിയും രേഖപ്പെടുത്തി.