Siddique: സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം; ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയില്ല
SIT Says Siddique is Not Cooperating: തിരുവനന്തപുരം കണ്ടോൺമെൻറ് പോലീസ് സ്റ്റേഷനിൽ വെച്ച് എസ്പി മെറിൻ ജോസഫാണ് സിദ്ധിഖിനെ ചോദ്യം ചെയ്തത്.
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം. തിരുവനന്തപുരം കണ്ടോൺമെൻറ് പോലീസ് സ്റ്റേഷനിൽ വെച്ച് എസ്പി മെറിൻ ജോസഫാണ് ഇന്ന് (ഒക്ടോബർ 12) സിദ്ധിഖിനെ ചോദ്യം ചെയ്തത്. ഇത് രണ്ടാം തവണയാണ് പ്രത്യേക അന്വേഷണ സംഘം സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത്.
സുപ്രീം കോടതിയുടെ ഇടക്കാല വിധി വന്നതിന് പിന്നാലെയാണ് സിദ്ധിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. എന്നാൽ, ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതിരുന്നതിനാലും, ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാതിരുന്നതിനാലും ചോദ്യം ചെയ്യൽ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. തുടർന്ന്, ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ ഹാജരായ സിദ്ധിഖിനെ എസ്പി മെറിൻ ജോസഫ് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു.
എന്നാൽ, ഇത്തവണയും സിദ്ധിഖ് അന്വേഷണത്തോട് സഹകരിച്ചില്ലെന്നും, ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. സിദ്ധിഖ് ഇത്തരത്തിൽ സഹകരിക്കാതെ മുന്നോട്ട് പോവുകയാണെങ്കിൽ വിഷയം സുപ്രീം കോടതിയെ അറിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തന്റെ നിരപരാധിത്വം തെളിയിക്കാൻ ആവശ്യമായ രേഖകൾ കൈവശമുണ്ടെന്നായിരുന്നു സിദ്ധിഖ് അവകാശപ്പെട്ടിരുന്നത്. അവ ഹാജരാക്കാനാണ് കഴിഞ്ഞ തവണ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ, ഇന്ന് ഹാജരായപ്പോൾ തെളിവുകൾ കൈവശമില്ലെന്നാണ് സിദ്ധിഖ് അറിയിച്ചത്. അന്നത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, അവയും ഹാജരാക്കിയില്ല.
ALSO READ: ലഹരിക്കേസ്; പ്രയാഗയ്ക്കും ശ്രീനാഥ് ഭാസിക്കുമെതിരെ തെളിവില്ല; സിറ്റി പൊലിസ് കമ്മീഷണര്‍
2016 മുതലുള്ള വാട്ട്സ്ആപ്പ് ചാറ്റുകൾ തന്റെ കൈവശമുണ്ടെന്നാണ് സിദ്ദിഖ് അവകാശപ്പെട്ടിരുന്നത്. കൂടാതെ, ക്യാമറയിൽ എടുത്ത ചില ചിത്രങ്ങൾ ഉണ്ടെന്നും താരം പറഞ്ഞിരുന്നു. ഇതെല്ലാം തന്റെ പക്കലുണ്ടെന്ന് പറഞ്ഞെങ്കിലും, അതുൾപ്പെട്ട ഫോണുകൾ സിദ്ദിഖ് ഹാജരാക്കിയില്ല. 2016-17 സമയത്ത് ഉപയോഗിച്ചിരുന്ന ക്യാമറയും, ഐപ്പാടും, ഫോണും ഇപ്പോൾ തന്റെ കൈവശമില്ലെന്നാണ് ശനിയാഴ്ച ഹാജരായപ്പോൾ സിദ്ധിഖ് അറിയിച്ചത്.
അതേസമയം, വിശദമായ ചോദ്യം ചെയ്യൽ ഇന്ന് നടന്നില്ലെന്ന് പോലീസ് അറിയിച്ചു. അന്വേഷണ സംഘം നോട്ടീസ് നൽകുന്നതിന് മുമ്പ് തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് പറഞ്ഞ് സിദ്ധിഖ് രംഗത്ത് വന്നത്, അന്വേഷണവുമായി താൻ സഹകരിക്കുന്നെന്നുണ്ടെന്ന് ബോധ്യപ്പെടുത്താനാണ്. ഇതേത്തുടർന്ന്, കഴിഞ്ഞ തവണ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയപ്പോഴാണ് രേഘകകളുണ്ടെന്ന് സിദ്ധിഖ് അറിയിച്ചതും, അവ ഹാജരാക്കാനായി സമയം നീട്ടി നൽകിയതും.
സിദ്ധിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന നിലപാടാണ് അന്വേഷണ സംഘത്തിന്. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം വിവരങ്ങൾ സുപ്രീം കോടതിയെ അറിയിക്കാനാണ് തീരുമാനം. നിലവിൽ, ഇടക്കാല വിധി ഉള്ളതുകൊണ്ട് അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടേണ്ടതായി വരും. അതിനാൽ, കോടതി അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കൂടുതൽ ശക്തമായി നീങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.