Actress Pooja Mohanraj: ചെറുപ്പം മുതലേ കാണുന്ന ഒരാളുടെ കൂടെ അഭിനയിക്കുക, സമയം ചിലവഴിക്കുക എന്നതെല്ലാം വലിയ കാര്യമല്ലേ; സൂക്ഷ്മദര്‍ശിനിയിലെ അസ്മ പറയുന്നു
Actress Pooja Mohanraj In Sookshmadarshini Interview: സൂക്ഷ്മദര്‍ശിനിയുടെ കഥ കേട്ടപ്പോഴും സ്‌ക്രിപ്റ്റ് വായിച്ചപ്പോഴുമെല്ലാം ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. നമുക്ക് വിശ്വാസമുള്ളൊരു സിനിമ ചെയ്യാന്‍ സാധിക്കുക എന്ന് പറയുന്നത് തന്നെ ഭാഗ്യമാണ്. ഇത്രയ്ക്കും വലിയ രീതിയില്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് കരുതിയിരുന്നില്ല. വളരെ വ്യത്യസ്തമായ സ്വഭാവമുള്ള സിനിമയാണിത്, ആ ഒരു ചിത്രത്തെ നല്ല രീതിയില്‍ ജനങ്ങള്‍ ഏറ്റെടുത്തു. ആളുകള്‍ അംഗീകരിക്കാതെ ഈ മേഖലയില്‍ നമുക്ക് നിലനില്‍ക്കാന്‍ സാധിക്കില്ല.
ഒട്ടേറെ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളികളുടെ മനസിലിടം നേടിയ നടിയാണ് പൂജ മോഹന്‍രാജ്. കാതലില്‍ തങ്കന്റെ സഹോദരിയായും ഇരട്ടയില്‍ പോലീസുകാരിയായും ആവേശത്തിലെ ചേച്ചിയായുമെല്ലാം പൂജ തിളങ്ങി. ഓരോ കഥാപാത്രങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നത് തന്നെയാണ് പൂജയെ ജനശ്രദ്ധയാകര്‍ഷിക്കുന്നതും. ഇപ്പോഴിതാ നസ്രിയ-ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയെത്തിയ സൂക്ഷ്മദര്‍ശിനിയിലും പൂജ അസാധ്യ പ്രകടനമാണ് കാഴ്ചവെച്ചത്. സൂക്ഷ്മദര്‍ശിനിയില്‍ അവതരിപ്പിച്ച അസ്മ എന്ന കഥാപാത്രത്തെ കുറിച്ചും, സിനിയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് പൂജ, ടിവി9 മലയാളം ഡയലോഗ് ബോക്സിലൂടെ.
സൂക്ഷ്മദര്‍ശിനി സന്തോഷമാകുന്നു
എല്ലാ സിനിമകളിലും നല്ല രസമുള്ള കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ വലിയ സന്തോഷത്തിലാണ്. ആ സ്‌ക്രീന്‍ ടൈമിന് ഉപരി ആ കഥാപാത്രങ്ങള്‍ എന്താണോ സിനിമയില്‍ ചെയ്യുന്നത് അതിനൊരു പ്രസക്തിയുണ്ട്. അത് ആളുകള്‍ ആസ്വദിക്കുന്നുണ്ട്. വളരെയധികം എന്‍ജോയ് ചെയ്‌തൊരു സെറ്റായിരുന്നു സൂക്ഷ്മദര്‍ശിനിയുടേത്. അത് അഭിനേതാക്കള്‍ മാത്രമല്ല, സിനിമയുമായി ബന്ധപ്പെട്ട എല്ലാ ആളുകളും നല്ല സഹകരണമായിരുന്നു. എല്ലാവരുടെയും സഹായം ലഭിക്കുമ്പോഴാണ് നമ്മുടെ കഥാപാത്രം മികച്ചതാകുന്നത്. അതിന് നല്ല രീതിയില്‍ സഹായിക്കുന്ന ക്രൂ ആയിരുന്നു ഉണ്ടായിരുന്നത്. അത് എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്.
സൂക്ഷ്മദര്‍ശിനിയുടെ കഥ കേട്ടപ്പോഴും സ്‌ക്രിപ്റ്റ് വായിച്ചപ്പോഴുമെല്ലാം ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. നമുക്ക് വിശ്വാസമുള്ളൊരു സിനിമ ചെയ്യാന്‍ സാധിക്കുക എന്ന് പറയുന്നത് തന്നെ ഭാഗ്യമാണ്. ഇത്രയ്ക്കും വലിയ രീതിയില്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് കരുതിയിരുന്നില്ല. വളരെ വ്യത്യസ്തമായ സ്വഭാവമുള്ള സിനിമയാണിത്, ആ ഒരു ചിത്രത്തെ നല്ല രീതിയില്‍ ജനങ്ങള്‍ ഏറ്റെടുത്തു. ആളുകള്‍ അംഗീകരിക്കാതെ ഈ മേഖലയില്‍ നമുക്ക് നിലനില്‍ക്കാന്‍ സാധിക്കില്ല. ആളുകള്‍ സൂക്ഷ്മദര്‍ശിനിയെ സ്വീകരിച്ചു എന്ന് പറഞ്ഞ് കേള്‍ക്കുമ്പോള്‍ വളരെയധികം സന്തോഷം.
അസ്മ
അസ്മ എന്ന കഥാപാത്രത്തിലുള്ള രസം മനസിലായത് സീനുകള്‍ ഓരോന്ന് വായിച്ചപ്പോഴാണ്. ഞാന്‍ ഫ്രീഡം ഫൈറ്റ് എന്ന അന്തോളജിയില്‍ കുഞ്ഞില സംവിധാനം ചെയ്ത അസംഘടിതര്‍ എന്ന സിനിമയില്‍ ചെയ്തത് അസ്മയോട് ഏകദേശ സാമ്യമുള്ള ഒരു കഥാപാത്രമായിരുന്നു. അതിലെ കഥാപാത്രത്തിന്റെ പേര് സജ്‌ന എന്നായിരുന്നു, അപ്പോള്‍ ആകെ ചെയ്യേണ്ടിയിരുന്നത് അസ്മയും സജ്‌നയും തമ്മില്‍ ഒരു വ്യത്യാസം കണ്ടുപിടിക്കുക, അത് സിനിമയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു.
ആഗ്രഹിച്ചത് അരികിലെത്തി
നസ്രിയയാണ് ലീഡ് റോളില്‍ എത്തുന്നതെന്ന് നേരത്തെ അറിയാമായിരുന്നു. ഞാന്‍ ആദ്യം ഈ സിനിമയെ കുറിച്ച് കേള്‍ക്കുന്നത് ആവേശത്തിന്റെ ഷൂട്ടിന് പോയപ്പോള്‍ സമീര്‍ക്കയുടെ അടുത്തൊരു പ്രൊജക്ട് വരുന്നുണ്ട്, ബേസിലും നസ്രിയയുമായിരിക്കും ലീഡ് ചെയ്യുന്നത് എന്നൊക്കെ അറിഞ്ഞിരുന്നു. സിനിമയുടെ പേര്, കഥ ഇതൊന്നും അറിയില്ലായിരുന്നു. ആ സമയത്ത് മനസില്‍ ഒരു ആഗ്രഹം തോന്നി, ചിത്രത്തിന്റെ ഭാഗമാകാന്‍ എനിക്കും സാധിച്ചിരുന്നെങ്കില്‍ എന്ന്. ആവേശം ഇറങ്ങുന്നതിന് ഒരാഴ്ച മുമ്പാണ് സൂക്ഷ്മദര്‍ശിനിയിലേക്ക് വിളി വരുന്നത്. നമ്മള്‍ ചെറുപ്പം മുതല്‍ക്കേ കാണുന്ന ഒരാളുടെ കൂടെ അഭിനയിക്കുക സമയം ചിലവഴിക്കുക എന്നതെല്ലാം വളരെ വലിയ കാര്യമല്ലേ.
ട്രെയിനിങ്ങുകള്‍ ഗുണം ചെയ്തു
കൂടുതല്‍ സിനിമകള്‍ ചെയ്യുന്ന സമയത്ത് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്നത് ഒരു വെല്ലുവിളിയായി തോന്നാറുണ്ട്. പക്ഷെ എന്റെ മനസില്‍ എപ്പോഴും തോന്നാറുള്ള കാര്യം ആളുകളെ മടുപ്പിക്കാതിരിക്കുക എന്നതാണ്. അല്ലെങ്കില്‍ ചെയ്തത് തന്നെയല്ലേ പിന്നെയും ചെയ്യുന്നത് എന്ന തോന്നല്‍ പ്രേക്ഷകരില്‍ വരരുത് എന്ന ചിന്ത എപ്പോഴുമുണ്ട്. കഥാപാത്രങ്ങളില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ സഹായിക്കുന്നത് എനിക്ക് കിട്ടുന്ന ട്രെയിനിങ് ആണ്. ഇന്റര്‍കള്‍ച്ചറല്‍ തിയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സിംഗപ്പൂരിലാണ് ആക്ടിങ് ട്രെയിനിങ് ചെയ്തത്. അതിന് മുമ്പ് ഡ്രാമ സ്‌കൂളില്‍ നിന്ന് മാസ്റ്റേഴ്‌സ് ചെയ്തിട്ടുണ്ട്. ചെറുപ്പം മുതല്‍ക്കേ നാടകം ചെയ്യുന്നയാളാണ്. ഈ ട്രെയ്‌നിങ്ങുകളാണ് കഥാപാത്രത്തിലേക്ക് മാറാന്‍ എന്നെ ഹെല്‍പ്പ് ചെയ്യുന്നത്. പിന്നെ ഒരു കഥാപാത്രത്തിന് വേണ്ടി അമിതമായി തയാറെടുക്കാതിരിക്കുന്നതാണ് നല്ലത്. സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങിയവരുടെ താത്പര്യങ്ങള്‍ നോക്കിയാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടത്. അവര്‍ പറയുന്നതിന് അനുസരിച്ച് കഥാപാത്രത്തെ മനസിലാക്കിയാണ് ചെയ്യുന്നത്.
താങ്ങായി തണലായി
സൂക്ഷ്മദര്‍ശിനിയില്‍ എനിക്ക് കൂടുതല്‍ സീനുകള്‍ ഉള്ളത് നസ്രിയയുടെയും അഖിലയുടെയും കൂടെയാണ്. ഇവര്‍ രണ്ടുപേരും, അടിപൊളിയായിട്ടുള്ള സ്ത്രീകളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കഥാപാത്രത്തിന് അപ്പുറം വളരെ മികച്ച സ്ത്രീകളാണ് ഇരുവരും. ഇവരുടെ കൂടെയുള്ള ഓരോ നിമിഷവും ഞാന്‍ നന്നായി എന്‍ജോയ് ചെയ്തിട്ടുണ്ട്. ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് തന്നെ ഞാനും അഖിലയും വെറുതെ ഡയലോഗുകളെല്ലാം പറഞ്ഞ് നോക്കുമായിരുന്നു. ആ ഒരു കെമിസ്ട്രി സ്‌ക്രീനിലും പ്രകടമായിട്ടുണ്ട്.
വെബ്സീരിസ് വന്ന വഴി
കോവിഡ് സമയത്ത് സാമ്പത്തികം എന്ന ലക്ഷ്യത്തോടെയാണ് സിനിമയിലേക്ക് എത്തുന്നത്. മൂന്ന് വര്‍ഷത്തോളമായി ഇപ്പോള്‍ ഈ മേഖലയിലെത്തിയിട്ട്. വളരെ ഇഷ്ടത്തോടെയാണ് ഇപ്പോള്‍ സിനിമ ചെയ്യുന്നത്. ഓഡിഷനുകളിലൂടെ തന്നെയായിരുന്നു തുടക്കക്കാലത്ത് സിനിമകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് ഓരോ സിനിമകള്‍ കണ്ട് ആളുകള്‍ വിളിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഹിന്ദിയിലെ ഒരു വെബ്സീരിസിലേക്ക് വിളിക്കുന്നത്. യഷ് രാജ് കാസ്റ്റിങില്‍ നിന്ന് ഇന്‍സ്റ്റഗ്രാം വഴി മെസേജ് അയച്ച് അവര്‍ നമ്പര്‍ വാങ്ങിക്കുകയായിരുന്നു. ഒടിടി വഴി സിനിമകള്‍ റിലീസ് ചെയ്യുന്നതും പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയതും തന്നെയാണ് ഗുണം ചെയ്തത്. പുറത്തുള്ളവരെല്ലാം മലയാള സിനിമകള്‍ കാണാന്‍ തുടങ്ങി. ആ സിനിമകള്‍ കണ്ട് തന്നെയാണ് എന്നെ ആ വെബ്സീരിസിലേക്ക് വിളിക്കുന്നതും. അവര്‍ ഉദ്ദേശിച്ച കഥാപാത്രത്തിന് എന്റെ ശരീരവും ഫേസും അനുയോജ്യമായിരുന്നു, അതിനാലാണ് എന്നെ സമീപിച്ചതും ഓഫര്‍ തന്നതും.