Sookshma Darshini : സത്യൻ അന്തിക്കാട് സിനിമാപശ്ചാത്തലത്തിൽ ഒരു ഹിച്ച്കോക്കിയൻ മിസ്റ്റരി; നസ്റിയയിൽ ഒരു വലിയ ബിസിനസ് ഉണ്ടെന്ന് കരുതി പ്ലാൻ ചെയ്തതല്ല
Sookshma Darshini Director Jithin MC : ബേസിൽ ജോസഫ് - നസ്രിയ ജോഡികൾ ഒന്നിക്കുന്ന ആദ്യ സിനിമയാണ് സൂക്ഷ്മദർശിനി. ജിതിൻ എംസി എന്ന യുവസംവിധായകനാണ് സിനിമ അണിയിച്ചൊരുക്കുന്നത്. 2018ൽ നോൺസൻസ് എന്ന സിനിമയിലൂടെ സ്വതന്ത്രസംവിധായകനായ ജിതിൻ സിനിമയെപ്പറ്റി സംസാരിക്കുന്നു.
ബേസിൽ ജോസഫും നസ്രിയ നസീമും ആദ്യമായി ഒരുമിക്കുന്ന സിനിമയാണ് സൂക്ഷ്മദർശിനി. കാസ്റ്റ് മുതൽ പോസ്റ്ററുകളിലും ട്രെയിലറിലുമൊക്കെ ഒളിപ്പിച്ച നിഗൂഢതയുടെ ഇതൾ വിരിയുന്നത് എംസി ജിതിൻ എന്ന സംവിധായകനിലൂടെയാണ്. 2018ൽ റിനോഷ് ജോർജിനെ നായകനാക്കി നോൺസൻസ് എന്ന സിനിമയൊരുക്കിയ ജിതിൻ്റെ രണ്ടാമത്തെ സിനിമയാണ് സൂക്ഷ്മദർശിനി. വളരെ മെറ്റീരിയലിസ്റ്റിക് ആയി, ഒരു പ്രൊജക്ട് ഡിസൈനർ എന്ന നിലയിൽ ആലോചിച്ച ചെറിയ ഒരു സിനിമ ഹാപ്പി അവേഴ്സ് എന്ന നിർമ്മാണക്കമ്പനിയുടെ സ്വാധീനത്തിൽ ഇത്ര വലുതായതിൻ്റെ കഥ ജിതിൻ ടിവി9 മലയാളത്തിൻ്റെ ഡയലോഗ് ബോക്സിൽ പങ്കുവെക്കുന്നു
2018ൽ നോൺസൻസ്. പിന്നെ ആറ് വർഷത്തെ ഇടവേള
സിനിമയ്ക്ക് വേണ്ടി ഇടവേളയെടുത്തിട്ടില്ല. 2018ൽ തന്നെ സൂക്ഷ്മദർശിനിയുടെ ബേസിക്ക് ഐഡിയ ഉണ്ടായിട്ടുണ്ട്. നോൺസൻസിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ സമയത്താണ് സൂക്ഷ്മദർശിനിയുടെ ചിന്ത ഉണ്ടാവുന്നത്. നോൺസൻസ് റിലീസിന് മുൻപ് തന്നെ ഈ ഐഡിയ വന്നു. സിനിമ റിലീസിന് ശേഷമാണ് ശരിക്കും ഐഡിയ സിനിമയാക്കാനുള്ള ചിന്ത കിട്ടുന്നത്. 2018 ഒക്ടോബർ അവസാനം അമ്മയിൽ നിന്നാണ് ഇത് ലഭിച്ചത്. വളരെ പ്രാക്ടിക്കലായാണ് ഞാൻ ചിന്തിച്ചത്. ചെറിയ ഒരു സിനിമ. അത് പ്രൊഡക്ഷൻവൈസ് എളുപ്പമാണ്. നോൺസൻസിന് ശേഷം വളരെ വലിയ ഒരു സിനിമയെന്നത് പ്രാക്ടിക്കലല്ല. അപ്പോൾ, ചെറിയ ഒരു ഫണ്ടിൽ ഒരു സിനിമ എന്നതായി ചിന്ത. അങ്ങനെ ബജറ്റ് പരിഗണിച്ചാണ് സൂക്ഷ്മദർശിനി ആദ്യം ആലോചിച്ചത്.
സൂക്ഷ്മദർശിനിയിലേക്കുള്ള വഴി
ശരിക്കും ഒരു പ്രൊജക്ട് ഡിസൈനർ ആയാണ് സിനിമ ആലോചിച്ചത്. നോൺസൻസ് ഒരു ദിവസം നടക്കുന്ന കഥയാണ്. നൈറ്റ് സീനുകളൊന്നും ഇല്ല. അതുകൊണ്ട് 50 ദിവസത്തോളം ഷൂട്ട് ചെയ്തെങ്കിലും എല്ലാ ദിവസവും അഞ്ച് മണിയാകുമ്പോൾ ഷൂട്ടിംഗ് നിർത്തിയിരുന്നു. ബാറ്റ സിസ്റ്റത്തിൽ രാത്രി 9 മണി വരെ ഷൂട്ട് ചെയ്യാം എന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ ദിവസവും ഒരു അഞ്ച് മണിക്കൂർ എനിക്ക് നഷ്ടമാണ്. അടുത്ത ഒരു പ്രൊജക്ടിൽ ഈ അഞ്ച് മണിക്കൂർ ഉപയോഗപ്പെടുത്തി എങ്ങനെ ചെയ്യാം എന്ന ചിന്തയായിരുന്നു. ഇൻ്റീരിയറുകൾ നൈറ്റ് സീനുകളിൽ ഉപയോഗിക്കാം. അപ്പോൾ കുറച്ചധികം ഇൻ്റീരിയറുള്ളതാവണം അടുത്ത സിനിമ എന്ന് തോന്നി. കുറേയധികം വീടുകളുള്ള ഇടത്ത് ഒരു മിസ്റ്റരി ഡ്രാമ പറയാമെന്നായി. സത്യൻ അന്തിക്കാട് സിനിമാ പശ്ചാത്തലത്തിൽ ഒരു ഹിച്ച്കോക്കിയൻ പസിൽ പറയാം എന്ന് ചിന്തിച്ചു. ഒരു മിസ്റ്റരി ഡ്രാമ പറയാം എന്നതായിരുന്നു ആദ്യ ചിന്ത. ഈ ചിന്തയിലേക്ക് മറ്റൊരു ചിന്ത കൂടി വന്നപ്പോഴാണ് സിനിമ സംഭവിച്ചത്. ഫീമെയിൽ ഡിറ്റക്ടീവിനെ അവതരിപ്പിച്ചാൽ കൊള്ളാം എന്ന് എനിക്കുണ്ടായിരുന്നു. മലയാളത്തിൽ അങ്ങനെ ഒരു ഫീമെയിൽ ഡിറ്റക്ടീവിനെ കണ്ടതായി ഓർമ്മയില്ല. ഈ ഡിറ്റക്ടീവിനെ ഞാൻ ആലോചിക്കുന്ന ഈ പ്രൊജക്ട് ഡിസൈനിലേക്ക് കൊണ്ടുവരും എന്നതായിരുന്നു അടുത്ത ചിന്ത. അതിനുള്ള മറുപടി എൻ്റെ വീട്ടിൽ നിന്ന് തന്നെ കിട്ടി. അമ്മയിൽ നിന്നാണ് അത് ലഭിക്കുന്നത്. അത് പറഞ്ഞാൽ സ്പോയിലറാവും. രണ്ട് ചിന്തകളെ ഒരുമിപ്പിക്കാനുള്ള ഐഡിയ വന്നത് അമ്മയിൽ നിന്നാണ്. അവിടെനിന്നാണ് സൂക്ഷ്മദർശിനി ഉണ്ടാവുന്നത്.
ആദ്യം അവസരമൊരുങ്ങിയത് ഹിന്ദിയിൽ
ഹിന്ദിയിൽ നിന്നാണ് എന്നെ ആദ്യമായി സിനിമ ചെയ്യാൻ വിളിച്ചത്. നോൺസൻസ് കണ്ടിട്ട് എന്നെ സിനിമ ചെയ്യാൻ വിളിച്ചത് ഹിന്ദിയിലേക്കായിരുന്നു. അങ്ങനെ അവിടെ ചെന്ന് ഈ ഐഡിയ പറഞ്ഞു. അവർക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ അവിടെ ഒരു നടിയെ വച്ച് സിനിമ ചെയ്യാമെന്നായി. അതുൽ രാമചന്ദ്രനാണ് സിനിമയ്ക്കുള്ള ഡ്രാമ ഉണ്ടാക്കുന്നത്. എന്നാൽ, 2019ൽ തന്നെ സിനിമ ഡ്രോപ്പായി. പിന്നെയാണ് മലയാളത്തിലെത്തുന്നത്.
സമീർ താഹിറിൻ്റെ സ്വാധീനം
മലയാളത്തിലെത്തിയപ്പോൾ അതുൽ സ്വന്തം സിനിമയുമായി തിരക്കായി. അങ്ങനെ നോൺസൻസിൽ ഒപ്പം തിരക്കഥയിൽ പങ്കാളിയായ ലിബിൻ ടിബിയുമായി വീണ്ടും എഴുതി. അത് ഒന്നുരണ്ട് നിർമ്മാണക്കമ്പനികളോട് പറഞ്ഞു. അതിൽ ഒന്നായിരുന്നു സമീർ താഹിറിൻ്റെ ഹാപ്പി അവേഴ്സ്. കൊവിഡിൻ്റെ ഒരു തുടക്കകാലമാണത്. തിരികെ വീട്ടിലെത്തിയപ്പോൾ സമീർ താഹിർ വിളിച്ച് പറഞ്ഞു, ഇനി ആരോടും പറയണ്ട, നമ്മൾ ചെയ്യുകയാണെന്ന്. അങ്ങനെ ചർച്ചകൾ ആരംഭിച്ചു. തുടക്കത്തിൽ എനിക്ക് വേറൊരു കാസ്റ്റ് ആയിരുന്നു ഉണ്ടായിരുന്നത്. ആ കാസ്റ്റ് വീണ്ടും പോളിഷ് ചെയ്ത് സമീർ താഹിർ നിർദ്ദേശിച്ചു. ആ കാസ്റ്റ് ആയപ്പോൾ സിനിമ കുറച്ചുകൂടി വലുതായി. 2021/22ൽ സിനിമ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. തിരക്കഥയിൽ സമീർ താഹിറിൻ്റെയും ഷൈജു ഖാലിദിൻ്റെയും സംഭാവനകൾ ഒരുപാടുണ്ട്. അങ്ങനെ തിരക്കഥ കുറേക്കൂടി ഷേപ്പായി. അവരുടെ എസ്ക്പീരിയൻസ് സിനിമയ്ക്ക് ഏറെ ഗുണം ചെയ്തു. സിനിമയുടെ ഐഡിയയ്ക്ക് ആ പൊട്ടൻഷ്യൽ ഉണ്ടായിരുന്നു.
ഷൂട്ടിങ്
2022 ആയപ്പോഴേക്കും നമ്മൾ പ്ലാൻ ചെയ്ത കാസ്റ്റ് ആൻഡ് ക്രൂ മാറി. 2022ൻ്റെ അവസാനത്തിലാണ് നസ്രിയയെ വച്ച് ആലോചിക്കാമെന്ന് സമീർ താഹിർ പറഞ്ഞു. അങ്ങനെ നസ്രിയയോട് കഥ പറഞ്ഞു. നസ്രിയയ്ക്ക് കഥ ഇഷ്ടമായി. ബേസിൽ 2023ൻ്റെ തുടക്കത്തിലാണ് വരുന്നത്. ആ സമയത്ത് തന്നെ സിനിമ ചെയ്യാൻ നമ്മളെല്ലാവരും ഒരുക്കമായിരുന്നു. എന്നാൽ, സമീർ താഹിറും ഷൈജു ഖാലിദും ആ സമയത്ത് ആവേശവും മഞ്ഞുമ്മൽ ബോയ്സുമൊക്കെ ചെയ്യുകയായിരുന്നു. അങ്ങനെയാണ് 2024 വരെ ഇടവേള നീണ്ടത്.
ഹാപ്പി അവേഴ്സ്
ശരിക്കും ഹാപ്പി അവേഴ്സിൻ്റെ പങ്കാളിത്തത്തോടെയാണ് ഈ സിനിമ ഇത്ര വലുതായത്. ഷൈജു ഖാലിദിൻ്റെയും സമീർ താഹിറിൻ്റെയും പങ്ക് സിനിമയുടെ ടെക്നിക്കൽ വശങ്ങളൊക്കെ നന്നാക്കിയിട്ടുണ്ട്. ടെക്നിക്കലി സൗണ്ടാണ് സിനിമ. അത്ര നല്ല ക്രൂ ആണ്. അത്ര നല്ല ടെക്നീഷ്യൻസാണ് അവർ. അങ്ങനെ രണ്ട് പേർ പ്രൊഡക്ഷൻ സൈഡിലേക്ക് വന്നത് സിനിമയെ സഹായിച്ചിട്ടുണ്ട്. അവരുടെ വിഷൻ സിനിമയിലുണ്ട്. ഞാൻ ഒരിക്കലും വിചാരിച്ചാൽ കിട്ടാത്ത പലതും ഇവരിലൂടെ കിട്ടി. ടെക്നിക്കലി മികച്ചതായിരിക്കണമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. എല്ലാ മേഖലയിലും ക്വാളിറ്റി കീപ്പ് ചെയ്യണമെന്ന് അവർ വാശിപിടിച്ചിരുന്നു. എല്ലാവരും അവരവരുടെ ജോലി നന്നായി ചെയ്തിട്ടുമുണ്ട്. കണ്ടൻ്റ് കഴിഞ്ഞാൽ ഹാപ്പി അവേഴ്സാണ് ഈ സിനിമയിലെ ഹൈ.
നസ്രിയയും ബേസിലും
നസ്രിയയും ബേസിലും സിനിമയിലേക്ക് വന്നതിൽ നമ്മൾ സൂപ്പർ ഹാപ്പിയാണ്. അവർ അത്ര നല്ല അഭിനേതാക്കളാണ്. അതിനും കാരണം ഹാപ്പി അവേഴ്സ് ആണ്. നസ്രിയയിൽ വലിയ ഒരു ബിസിനസ് ഉണ്ടെന്ന് പ്ലാൻ ചെയ്തതല്ല. ആദ്യം നസ്രിയ ജോയിൻ ചെയ്യുന്നു. അപ്പോഴും ബേസിലിനെപ്പറ്റി ആലോചിച്ചിട്ടില്ല. മറ്റ് നടന്മാരെയാണ് ആ സമയത്ത് പരിഗണിച്ചത്. 2023ലാണ് ബേസിൽ എത്തുന്നത്. ഇവർക്ക് വേണ്ടി എഴുതിയ കഥയല്ല. അതങ്ങനെ സംഭവിച്ചതാണ്. കഥ കേട്ട എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു. ഞാൻ കഥ ആലോചിക്കുമ്പോൾ കഥാപാത്രങ്ങൾക്ക് കുറച്ചുകൂടി പ്രായമുണ്ട്. ഹിന്ദിയിൽ പോയപ്പോഴൊക്കെ ആ വയസായിരുന്നു. പിന്നീട് കഥാപാത്രങ്ങളുടെ പ്രായം കുറയ്ക്കുകയായിരുന്നു. ഞാനും ബേസിലും ഏകദേശം ഒരേസമയത്ത് തന്നെ അസിസ്റ്റൻ്റ് ഡയറക്ടർമാർ ആയവരാണ്. 2011 മുതൽ ഞങ്ങൾക്ക് പരസ്പരം അറിയാം. മിന്നൽ മുരളി സമയത്ത് തന്നെ ബേസിലിന് ഈ കഥയും അറിയാം. ബേസിലിന് കഥ ഇഷ്ടവുമായി. അവനെ പ്രത്യേകിച്ച് കൺവിൻസ് ചെയ്യേണ്ട കാര്യമില്ല. അങ്ങനെയാണ് അവൻ സിനിമയിലെത്തുന്നത്.
വളരെ ഹാപ്പിയാണ്
നോൺസൻസ് പോയപ്പോൾ സൂക്ഷ്മദർശിനി ഉണ്ടായി. നോൺസൻസ് ഔട്ട് അടിയ്ക്കുന്നതിന് മുൻപ് സൂക്ഷ്മദർശിനി കേറി. സൂക്ഷ്മദർശിനി ഇപ്പോൾ ഏറെക്കുറെ ശരീരത്തിൽ നിന്ന് പോയി. വേറൊരെണ്ണം കേറിയിട്ടുണ്ട്. അതിൽ ചിന്തകൾ നടക്കുകയാണ്. ഒരു സിനിമയുടെ പണികൾ കഴിയുമ്പോൾ ഓട്ടോമാറ്റിക്കലി സംഭവിക്കുന്നതാണത്. ചെറിയ കാസ്റ്റ് ആൻഡ് ക്രൂവിൽ ചെയ്യാമെന്ന് കരുതിയ സിനിമയാണിത്. പക്ഷേ, ഞാൻ വിചാരിച്ചതിനെക്കാൾ നല്ല രീതിയിൽ സിനിമ ചെയ്യാനായി. അത് ഹാപ്പി അവേഴ്സ് ഉള്ളതുകൊണ്ടാണ്. അവരില്ലെങ്കിൽ ഈ രീതിയിൽ സിനിമ ഉണ്ടാവില്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ നല്ല ഹാപ്പിയാണ്. സിനിമയ്ക്ക് നെഗറ്റീവായാലും പോസിറ്റീവായാലും ഇതിനോടുള്ള ആത്മാർത്ഥത എനിക്ക് മാറില്ല. 2018ൽ ഒരു പ്രൊജക്ട് ഡിസൈനർ ആംഗിളിൽ ആലോചിച്ച സിനിമ ഇങ്ങനെ വന്നതിൽ ഞാൻ വലിയ സന്തോഷവാനാണ്.
Also Read : Nayanthara: നയൻതാര- ധനുഷ് പോര്, പിന്നിൽ നാനും റൗഡി താൻ സിനിമ?
സിനിമായാത്ര
ഞാൻ ജിയോ ബേബിയുടെ ജൂനിയറായിരുന്നു. ചങ്ങനാശ്ശേരിയിൽ അദ്ദേഹത്തെ കോളേജിൽ നിന്ന് പുറത്താക്കുമ്പോഴാണ് ഞാൻ ജോയിൻ ചെയ്യുന്നത്. കോളേജ് കഴിഞ്ഞപ്പോൾ ഞാൻ മല്ലൂസ് എന്നൊരു ഷോർട്ട് ഫിലിം ചെയ്തു. ബേസിലും അന്ന് ഷോർട്ട് ഫിലിമൊക്കെ ചെയ്തതാണ്. അങ്ങനെയാണ് ബേസിലിനെ പരിചയപ്പെടുന്നത്. കോളജ് മുതൽ ലിബിൻ എൻ്റെ കോളജ് മേറ്റ് ആയിരുന്നു. അതുൽ എൻ്റെ സ്കൂൾ മേറ്റാണ്. ആറാം ക്ലാസ് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. അവരെ ചെറുപ്പം മുതൽ അറിയാം. എബ്രിഡ് ഷൈൻ്റെ 1983 എന്ന സിനിമയിൽ
ആണ് ആദ്യമായി അസിസ്റ്റൻ്റ് ഡയറക്ടറായത്. ആ സമയയത്ത് ലിബിനും ഒപ്പമുണ്ടായിരുന്നു. സിനിമയിലെ ഞങ്ങളുടെ യാത്ര ഒരുമിച്ചായിരുന്നു. ഞങ്ങളുടെ ചിന്തകൾ ഒരുപോലെയാണ്.
സ്ത്രീയും പുരുഷനും
പ്രൊഫഷണലി സ്ത്രീയോ പുരുഷനോ എന്ന ചിന്ത ആവശ്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഒരു ജോലി നന്നായി ചെയ്യാനാവുന്നത് പുരുഷനാണെങ്കിൽ അവൻ ചെയ്യണം. സ്ത്രീയാണെങ്കിൽ അവർ ചെയ്യണം. സ്ത്രീകൾ മാറ്റിനിർത്തപ്പെടുന്ന പ്രവണതയുണ്ടെങ്കിൽ, അത് ഏത് മേഖലയാണെങ്കിലും മാറണം. എല്ലാവർക്കും എല്ലാ ജോലിയും ചെയ്യാനാവും. അതിൽ സ്ത്രീശാക്തീകരണം എന്നതൊന്നും ഞാൻ കാണുന്നില്ല. അവിടെ ജെൻഡർ നോക്കുന്നില്ല. എന്നാൽ, സ്ത്രീ ആയതുകൊണ്ട് അവർ മാറ്റിനിർത്തപ്പെടുന്നുണ്ടെങ്കിൽ അത് മോശമാണ്.
കുടുംബം
കണ്ണൂർ ഇരിട്ടിയാണ് സ്വദേശം. അഖിൽ പോളും അനുരാജ് മനോഹറും ഞാനും ഒരുമിച്ച് ഒരു സ്കൂളിൽ പഠിച്ചതാണ്. അനുരാജ് ഒരു വർഷം സീനിയറാണ്. അഖിൽ പോൾ ബയോളജിയും ഞാൻ കമ്പ്യൂട്ടർ സയൻസുമാണ് പഠിച്ചത്. ഞാനൊരു പാർട്ട് ടൈം ലക്ചററാണ്. പല കോളജുകളിലും ക്ലാസെടുക്കാൻ പോവാറുണ്ട്. ഒരുകാലത്ത് സർവൈവൽ ആയാണ് അതിനെ കണ്ടിരുന്നത്. ഇപ്പോൾ ഒരു റിലാക്സേഷനാണ് അത്. പുതിയ ആളുകൾ എന്ത് ചിന്തിക്കുന്നു എന്നൊക്കെ അറിയാനാവും.