Apsara Raj: ‘ഗെയിമിന്റെ പ്രൊമോഷനൊക്കെ വരും, എന്റെ അക്കൗണ്ട് കണ്ട് ആരും അപകടത്തില്‍പ്പെടരുത്; സത്യസന്ധമെന്ന് തോന്നുന്നത് മാത്രമേ പ്രൊമോട്ട് ചെയ്യാറുള്ളൂ’
Social Media Influencer Apsara Raj Interview: എന്റെ വീട് ഒരു ഗ്രാമപ്രദേശത്താണ്, ഞാന്‍ വീഡിയോ ചെയ്യുന്നതെല്ലാം അവിടുത്തെ ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ഒരു പെണ്‍കുട്ടി വീഡിയോ ചെയ്യുന്നത് തന്നെ എല്ലാവര്‍ക്കും ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇങ്ങനെ വീഡിയോ എടുക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമായത് കൊണ്ടും ഞാന്‍ തെറ്റൊന്നും ചെയ്യുന്നില്ല എന്ന ബോധ്യമുള്ളതുകൊണ്ടും വിമര്‍ശനങ്ങളെയൊന്നും കാര്യമാക്കിയെടുത്തില്ല.
ദിനംപ്രതി എത്രയെത്ര വൈറല്‍ താരങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തെ വിമര്‍ശിക്കുമ്പോഴും ഇതേ സോഷ്യല്‍ മീഡിയ വഴി ഉടലെടുക്കുന്ന താരങ്ങളെ കുറിച്ചും പറയേണ്ടതാണ്. ടിക് ടോക് ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ എത്രയെത്ര ആളുകളാണ് വിജയത്തിന്റെ പടവുകള്‍ കയറിയത്. അത്തരത്തില്‍ ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ കാരണം ശ്രദ്ധേയായ അപ്‌സര രാജാണ് ടിവി 9 മലയാളത്തിനൊപ്പം ചേരുന്നത്.
സന്തോഷമല്ല അത്ഭുതമായിരുന്നു
എന്റെ വീഡിയോകള്‍ എല്ലാവരും ഏറ്റെടുക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം അത്ഭുതമാണ് തോന്നിയത്. ഇപ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. വീഡിയോ ചെയ്ത് തുടങ്ങിയ സമയത്ത് എന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ചോദിക്കുമായിരുന്നു എന്തിനാണ് ഇങ്ങനെ കോമാളിത്തരം കാണിക്കുന്നത് അതിന്റെ ആവശ്യമുണ്ടോ എന്നെല്ലാം. എന്റെ വീട് ഒരു ഗ്രാമപ്രദേശത്താണ്, ഞാന്‍ വീഡിയോ ചെയ്യുന്നതെല്ലാം അവിടുത്തെ ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ഒരു പെണ്‍കുട്ടി വീഡിയോ ചെയ്യുന്നത് തന്നെ എല്ലാവര്‍ക്കും ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇങ്ങനെ വീഡിയോ എടുക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമായത് കൊണ്ടും ഞാന്‍ തെറ്റൊന്നും ചെയ്യുന്നില്ല എന്ന ബോധ്യമുള്ളതുകൊണ്ടും വിമര്‍ശനങ്ങളെയൊന്നും കാര്യമാക്കിയെടുത്തില്ല.
ബെല്ലും ബ്രേക്കും
എല്ലാ വീഡിയോകള്‍ എടുക്കുന്നതിനും ഒരുപാട് കഷ്ടപ്പാടുകളുണ്ട്. ഞാന്‍ ചെയ്ത മാക്രി ഗോപാലന്‍ വീഡിയോക്ക് വേണ്ടി എനിക്ക് സൈക്കിള്‍ തന്നത് വീടിനടുത്തുള്ള ചേച്ചിയാണ്. നാളേക്ക് വീഡിയോ എടുക്കാനായി സൈക്കിള്‍ തരാമോ എന്ന് ചോദിച്ചപ്പോള്‍ തന്നെ അവര്‍ക്ക് വലിയ സന്തോഷമായി. ബെല്ലും ബ്രേക്കും ഒന്നുമില്ലാത്ത ഒരു സൈക്കിളായിരുന്നു അത്, എന്നാല്‍ അത് കാഴ്ചക്കാര്‍ക്ക് മനസിലാകാത്ത വിധത്തിലാണ് വീഡിയോ എടുത്തിരിക്കുന്നത്. ഓരോ വീഡിയോയ്ക്ക് വേണ്ടിയും ഓരോ സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ ഇത്തരത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് മനസിലാകാത്ത രൂപത്തിലാണ് അവതരിപ്പിക്കാറുള്ളത്.
സന്തോഷം
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് എനിക്ക് വലിയ രീതിയിലുള്ള ആശ്വാസമാണ്. എന്റെ വീഡിയോ കണ്ട് ഒരുപാട് പോസിറ്റീവ് അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്. വീഡിയോകള്‍ കണ്ടിട്ട് അമ്മമാരെല്ലാം മെസേജ് അയക്കും, കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്ന സമയത്ത് റീലുകള്‍ കാണിക്കാറുണ്ടെന്നും അവര്‍ക്കെല്ലാം വലിയ ഇഷ്ടമാണെന്നൊക്കെയാണ് പറയാറ്. ജോലിയുടെ പ്രഷറിനിടയില്‍ ഇയാളുടെ വീഡിയോകള്‍ കാണുമ്പോള്‍ ആശ്വാസം ലഭിക്കാറുണ്ടെന്നെല്ലാം
ചിലര്‍ പറയും. ഞാന്‍ കാരണം അവര്‍ക്ക് അല്‍പമെങ്കിലും സന്തോഷം ലഭിക്കുന്നുണ്ടല്ലോ.
കട്ടയ്ക്ക് നില്‍ക്കുന്ന അച്ഛനും അമ്മയും
വീഡിയോ ചെയ്ത് തുടങ്ങിയ സമയത്ത് വീട്ടുകാര്‍ക്കും വലിയ താത്പര്യം ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയല്ലേ എന്താ നാട്ടുകാര്‍ പറയുക എന്നെല്ലാമായിരുന്നു ചിന്ത. തുടക്ക സമയത്ത് ഒറ്റയ്ക്ക് വീഡിയോ എടുക്കേണ്ടി വന്നത് ഒരുപാട് വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നു.
അത്യാവശ്യം ക്യാമറ ക്വാളിറ്റിയുള്ള വീഡിയോകള്‍ എന്റെ അക്കൗണ്ടില്‍ ഇടാന്‍ തുടങ്ങിയപ്പോഴാണ് ആളുകള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ അച്ഛനും അമ്മയുമെല്ലാം തന്നെയാണ് വീഡിയോ എടുക്കുന്നതിനെല്ലാം സഹായിക്കുന്നത്. വീഡിയോ എടുക്കുന്നതിന് ആവശ്യമായ എന്തെങ്കിലും വേണമെന്ന് പറയേണ്ട താമസമേ ഉള്ളൂ അച്ഛന്‍ അത് ചെയ്ത് തരും.
അച്ഛന്‍ വെല്‍ഡിങ് തൊഴിലാളിയാണ്, അദ്ദേഹം തന്നെയാണ് എല്ലാ ക്രാഫ്റ്റ് വര്‍ക്കുകളും ചെയ്ത് തരുന്നത്. ജഗദീഷിന്റെ ഒരു വീഡിയോ ചെയ്യാന്‍ അസ്ഥികൂടം ആവശ്യമുണ്ടായിരുന്നു, അച്ഛന്‍ തന്നെയാണ് അത് സ്വയം നിര്‍മിച്ച് നല്‍കിയത്. എന്റെ എല്ലാ കാര്യങ്ങളിലും അച്ഛന്റെയും അമ്മയുടെയും പിന്തുണ വളരെ വലുതാണ്.
വരുമാനം
എനിക്ക് മറ്റ് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ സിനിമ പ്രൊമോഷന് പോകുന്നത് പോലെയെല്ലാം പോകണമെന്ന് വലിയ ആഗ്രഹമാണ്. യൂട്യൂബിന് വേണ്ടി മാത്രം നമ്മള്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ടെങ്കില്‍ മാത്രമേ നമുക്ക് അതില്‍ നിന്ന് വരുമാനം ലഭിക്കുകയുള്ളു. പക്ഷെ ഇന്‍സ്റ്റഗ്രാമില്‍ നമ്മള്‍ രണ്ടാഴ്ച വീഡിയോ ഇട്ടില്ലെങ്കില്‍ പോലും വീഡിയോകള്‍ക്ക് റീച്ച് കിട്ടും. എന്നാല്‍ പണം ലഭിക്കണമെങ്കില്‍ പ്രൊമോഷനോ കാര്യങ്ങളോ കിട്ടണം. എനിക്ക് ഗെയിമുകളുടെയെല്ലാം പ്രൊമോഷനാണ് വരാറുള്ളത്. അത് ചെയ്യാന്‍ എനിക്ക് താത്പര്യമില്ല.
എന്റെ അക്കൗണ്ട് കണ്ടിട്ട് ആരും അപകടത്തില്‍പ്പെടരുത്. അങ്ങനെയൊന്നും സംഭവിക്കില്ലായിരിക്കും, എന്നാലും എനിക്ക് പേടിയാണ്. തുടക്ക സമയത്ത് പലതരത്തിലുള്ള പ്രൊഡക്ടുകള്‍ ഞാന്‍ പ്രൊമോട്ട് ചെയ്തിരുന്നു. എന്നാല്‍ ഒരു സമയമെത്തിയപ്പോള്‍ എനിക്ക് തന്നെ മനസിലായി ഉപയോഗിച്ച് നോക്കിയതിന് ശേഷം മാത്രമേ ഇത്തരം പ്രൊഡക്ടുകള്‍ പ്രൊമോട്ട് ചെയ്യാന്‍ പാടുള്ളൂവെന്ന്. നമ്മളെ വിശ്വസിച്ച് ആരെങ്കിലും അതെല്ലാം വാങ്ങിച്ച്, ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയാണെങ്കിലോ. സത്യസന്ധമാണെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രമേ ഞാന്‍ പ്രൊമോട്ട് ചെയ്യാറുള്ളൂ.
സമയമില്ല
ജോലിയ്ക്ക് ഇടയില്‍ വീഡിയോകള്‍ ചെയ്യാന്‍ ഇപ്പോള്‍ അധികം സമയം കിട്ടാറില്ല. ഞാന്‍ തിരുവനന്തപുരത്ത് ഡെവലപ്പാറായി ജോലി ചെയ്യുകയാണ്. വീട്ടിലേക്ക് എത്തുന്ന സമയത്താണ് വീഡിയോ എടുക്കുന്നത്. ശനിയും ഞായറുമാണ് വീഡിയോ ചെയ്യുന്നത്. വിവാഹാലോചനകള്‍ തകൃതിയായി നടക്കുന്നുണ്ട്. വൈകാതെ വിവാഹമുണ്ടാകും.