Jani Chacko Uthup : ഉഷ ഉതുപ്പിൻ്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു
Usha Uthup Husband Jani Chacko Uthup Death : ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കൊൽക്കത്തയിൽ വെച്ചായിരുന്നു അന്ത്യം. കോട്ടയം സ്വദേശിയാണ് ജാനി ചാക്കോ ഉതുപ്പ്
കൊൽക്കത്ത : പ്രമുഖ ഗായിക ഉഷ ഉതുപ്പിൻ്റെ (Usha Uthup) ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് (78) അന്തരിച്ചു. കോട്ടയം കളത്തിപ്പടി സ്വദേശിയായ ജാനി ചാക്കോയുടെ അന്ത്യം കൊൽക്കത്തയിൽ വെച്ചായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജാനി ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ചൊവ്വാഴ്ച കൊൽക്കത്തയിൽ വെച്ച് തന്നെ മൃതദേഹം സംസ്കരിക്കും.
1971ലാണ് ജാനി ചാക്കോയും ഉഷയും തമ്മിൽ വിവാഹിതരാകുന്നത്. 60കളുടെ അവസാനം കൊൽക്കത്തയിലെ നിശാ ക്ലബിൽ ഉഷ പാടുന്ന സമയത്താണ് ഇരുവരും തമ്മിൽ കണ്ട് പ്രണയത്തിലാകുന്നത്. തുടർന്നായിരുന്നു 71 ഇരുവരും തമ്മിൽ വിവാഹിതരാകുന്നത്. പിന്നീട് ജാനിക്ക് കൊൽക്കത്തയിൽ നിന്നും കൊച്ചിയിലേക്ക് സ്ഥലമാറ്റം ലഭിച്ചപ്പോൾ ഉഷയും കേരളത്തിലേക്ക് വന്നു. മക്കളായ സണ്ണി ഉതുപ്പും അഞ്ജലി ഉതപ്പും കേരളത്തിലാണ് ജനിച്ചത്. പിന്നീട് കുടുംബമായി ഇവർ കൊൽക്കത്തയിലേക്ക് തിരികെ പോയി.
മൃതദേഹം കൊൽക്കത്തയിലെ പീസ് വേൾഡ് ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് കോട്ടയത്ത് നിന്നുമുള്ള കുടുംബം എത്തിയതിന് ശേഷമാകും സംസ്കാരം. കോട്ടയം പൈനുങ്കൽ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ. ബ്രിഗേഡിയർ സിസി ഉതുപ്പിൻ്റെയും എലിസബത്ത് ഉതുപ്പിൻ്റെയും മകനാണ് ജാനി ചാക്കോ.
പോപ്പിന് സമാനമായ ഏതാനും മലയാളം ഗാനങ്ങളാണ് ഉഷ ഉതുപ്പ് ആലപിച്ചിട്ടുള്ളത്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഉഷ ഉതുപ്പ് ഏറെ ശ്രദ്ധേയായത്. പിന്നീട് മമ്മീട്ടിയുടെ പോത്തൻ വാവ എന്ന സിനിമയിൽ ഉഷ ഉതുപ്പ് വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.