Singer P Susheela: ഗായിക പി സുശീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം
P Susheela Hospitalized: ഗായിക പി സുശീലയെ ആൾവാർപേട്ടിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രശസ്ത പിന്നണി ഗായിക പി സുശീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഠിനമായ വയറുവേദനയെ തുടർന്ന് ശനിയാഴ്ച രാത്രിയോടെയാണ് ആൾവാർ പേട്ടിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഒരുകാലത്തു മലയാളികൾ എന്നും റേഡിയോയിലൂടെ കാതോർത്തിരുന്ന ശബ്ദമാണ് പി സുശീലയുടേത്. മലയാളി അല്ലെങ്കിലും മലയാളത്തിൽ സുശീല പാടിയ എല്ലാ ഗാനങ്ങളും അത്രയേറെ ജനപ്രീതി നേടിയിരുന്നു. വിവിധ ഇന്ത്യൻ ഭാഷകളിലായി ആയിരത്തിലേറെ ഗാനങ്ങൾ പാടിയ സുശീല അഞ്ച് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി.
ആന്ധ്രാപ്രദേശിൽ ജനിച്ച ഇവർ 1952 മുതൽ ചലച്ചിത്ര പിന്നണിഗാനരംഗത്ത് പ്രവർത്തിച്ച് വരുന്നു. ആറ് ഭാഷകളിലായി 17,695 ലേറെ ഗാനങ്ങൾ ആലപിച്ചതിന് 2016 ൽ ഗിന്നസ് റെക്കോർഡും സ്വന്തമാക്കി. ഗിന്നസ് റെക്കോർഡിന് പുറമെ ഏഷ്യൻ ബുക്ക്സ് ഓഫ് റെക്കോർഡും സ്വന്തമായുണ്ട്.
‘പാട്ടുപാടി ഉറക്കാം ഞാൻ..’ എന്ന വരികളിൽ തുടങ്ങുന്ന ഗാനം കേൾക്കാത്തതായി ആരും തന്നെ ഉണ്ടാവില്ല. അമ്മയുടെ വാത്സല്യം തുളുമ്പുന്ന ആ പാട്ട് ഇന്നും അമ്മമാർ മക്കൾക്കായി പാടി കൊടുക്കുന്നു. കൂടാതെ ,ഏഴ് സുന്ദര രാത്രികൾ..’, ‘പൂന്തേനരുവി..’ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങൾ ആലപിച്ചതും പി സുശീല തന്നെ.