P Jayachandran Profile : മഞ്ഞലയിൽ മുങ്ങിത്തോർത്തിക്കയറിവന്ന അനശ്വര ഗായകൻ; പി ജയചന്ദ്രൻ ബാക്കിയാക്കുന്ന ഓർമ്മകളുടെ വളപ്പൊട്ട്

Legendary Singer P Jayachandran Profile: മലയാള സിനിമാ പിന്നണി ഗാന രംഗത്ത് 60 വർഷത്തോളം നിറഞ്ഞുനിന്ന ഗായകനായിരുന്നു പി ജയചന്ദ്രൻ. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലെ സിനിമകളിലും ആൽബങ്ങളിലും ലളിതഗാനങ്ങളിലുമൊക്കെ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

P Jayachandran Profile : മഞ്ഞലയിൽ മുങ്ങിത്തോർത്തിക്കയറിവന്ന അനശ്വര ഗായകൻ; പി ജയചന്ദ്രൻ ബാക്കിയാക്കുന്ന ഓർമ്മകളുടെ വളപ്പൊട്ട്

പി ജയചന്ദ്രൻ

Published: 

09 Jan 2025 21:00 PM

1960കളാണ് കാലഘട്ടം. കെജെ യേശുദാസ് എന്ന 20കാരൻ യുവാവ് മലയാള സിനിമാ പിന്നണി ഗാനങ്ങളിൽ താളം കണ്ടെത്തിത്തുടങ്ങുകയാണ്. യേശുദാസിന് അന്ന് കാര്യമായ വിലാസമുണ്ടായിട്ടില്ല. ആ സമയത്ത് തന്നെ സമാന്തരമായി പി ജയചന്ദ്രൻ എന്ന 20കാരനും മലയാള സിനിമാരംഗത്ത് വിലാസമുണ്ടാക്കാനുള്ള ശ്രമമാരംഭിച്ചിരുന്നു. 1965ൽ കരിയറിലെ ആദ്യ പാട്ട് പാടിയെങ്കിലും ചിത്രത്തിൻ്റെ റിലീസ് വൈകി. എന്നാൽ ഈ പാട്ട് കേട്ട സാക്ഷാൽ ജി ദേവരാജൻ എന്ന ദേവരാജൻ മാസ്റ്റർക്ക് ജയചന്ദ്രനെ ബോധിച്ചു. തൊട്ടടുത്ത വർഷം കളിത്തോഴൻ എന്ന തൻ്റെ സിനിമയിൽ ദേവരാജൻ മാസ്റ്റർ യുവാവിന് പാടാൻ അവസരം നൽകി. 22ആം വയസിൽ അവൻ പാടിയ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി. ആ പാട്ട് പുറത്തിയിട്ട് വർഷം 59. അര നൂറ്റാണ്ട് കഴിഞ്ഞിട്ടും മറക്കാതെ, മരിക്കാതെ മലയാളി താലോലിയ്ക്കുന്ന ആ ശബ്ദത്തിൻ്റെ ഉടമയാണ് പി ജയചന്ദ്രനെന്ന മാന്ത്രികൻ.

1944 മാർച്ച് മൂന്നിനാണ് അദ്ദേഹം ജനിച്ചത്. തൃപ്പൂണിത്തുറ കോവിലകത്തെ വിവർമ കൊച്ചനിയൻ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി പിറന്ന ജയചന്ദ്രൻ കുട്ടിക്കാലത്ത് തന്നെ സംഗീതവുമായി ആത്മബന്ധം സ്ഥാപിച്ചു. ചെണ്ട, മൃദംഗ പഠനം നടത്തിയ ബാല്യത്തിൽ നിന്ന് സാവധാനം ജയചന്ദ്രൻ പാട്ടിലേക്ക് ചുവടുമാറ്റി. ഗായകനായിരുന്ന പിതാവ് ഈ മാറ്റത്തിന് പിന്നിലെ ചാലകശക്തിയായിരുന്നു. അങ്ങനെ സ്കൂളിലും സമീപത്തെ ക്രിസ്ത്യൻ പള്ളിയിലുമൊക്കെ നിരന്തരമായി ജയചന്ദ്രൻ്റെ ശബ്ദം സ്വരസ്ഥാനങ്ങളിലൂടെ പരന്നൊഴുകി.

പാലിയം സ്കൂൾ, ആലുവ സെൻ്റ് മേരീസ് ഹൈസ്കൂൾ, ഇരിങ്ങാലക്കുട നാഷണൽ ഹൈസ്കൂൾ, ഇരിങ്ങാലക്കുട ക്രൈസ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ജയചന്ദ്രൻ 1858ൽ നടന്ന ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ തന്നെ തൻ്റെ അടയാളം കുറിച്ചിട്ടു. അത്തവണ മൃദംഗത്തിൽ ഒന്നാംസ്ഥാനവും ലളിതഗാനത്തിൽ രണ്ടാം സ്ഥാനവും അവനായിരുന്നു. ലളിതഗാനത്തിൽ ഒന്നാം സ്ഥാനം നേടിയ ആൾ നേരത്തെ പറഞ്ഞയാളായിരുന്നു. കെജെ യേശുദാസ്.

Also Read : P Jayachandran: ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു

സുവോളജിയിലായിരുന്നു ജയചന്ദ്രൻ ബിരുദം നേടിയത്. സംഗീതം ഒരു നേരമ്പോക്ക് എന്ന നിലയിൽ മാത്രം. അരി വാങ്ങാൻ ജോലി വേണമല്ലോ. ജോലി വേണമെങ്കിൽ പഠിക്കണമല്ലോ. പഠനം കഴിഞ്ഞപ്പോൾ ജയചന്ദ്രൻ മദ്രാസിലേക്ക് ചുവടുമാറി. അവിടെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിയ്ക്ക് കയറി. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ. അരി വാങ്ങാനുള്ള ജോലിയ്ക്കായാണ് ജയചന്ദ്രൻ മദ്രാസിലെത്തിയതെങ്കിലും അവിടെ അവനെ കാത്ത് ഒരു വലിയ ട്വിസ്റ്റുണ്ടായിരുന്നു. നേരമ്പോക്ക് പാട്ടുകാരനായി സ്വയം അടയാളപ്പെടുത്തിയ ജയചന്ദ്രൻ അവിടെ ഗാനമേളകളിൽ പാടാനാരംഭിച്ചു. ഈ പാട്ട് അന്നത്തെ പ്രമുഖ നിർമ്മാതാവായിരുന്ന ശോഭന പരമേശ്വരൻ നായരും സംവിധായകൻ എ വിൻസെന്റും കേട്ടു. അങ്ങനെ അവരുടെ ക്ഷണപ്രകാരം ആ നേരമ്പോക്ക് പാട്ടുകാരൻ സിനിമാ പിന്നണി ഗാനം പാടാൻ സ്റ്റുഡിയോയിലെത്തി. 1965ൽ എസ് എസ് രാജൻ സംവിധാനം ചെയ്ത കുഞ്ഞാലിമരക്കാർ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി പാടിയത്. ഒരു മുല്ലപ്പൂ മാലയുമായി എന്ന ഗാനത്തിൻ്റെ വരികൾ പി ഭാസ്കരൻ്റേതായിരുന്നു. അതേ സിനിമയിൽ തന്നെ ഉദിക്കുന്ന സൂര്യനെ എന്ന പാട്ടിൽ യേശുദാസിൻ്റെ ശബ്ദവും കേട്ടു. സിനിമയുടെ റിലീസ് വൈകിയപ്പോഴാണ് ദേവരാജൻ മാസ്റ്റർ കളിത്തോഴനിലേക്ക് ജയചന്ദ്രനെ വിളിയ്ക്കുന്നത്. ആ ഗാനത്തോടെ ജയചന്ദ്രൻ നേരമ്പോക്ക് ഗായകനിൽ നിന്ന് പിന്നണി ഗായകനായി. ജോലി രാജിവച്ചു. പിന്നെ ശ്രദ്ധ പാട്ടിൽ മാത്രം.

പിന്നീട് അര നൂറ്റാണ്ട് നീണ്ട കരിയറിൽ അദ്ദേഹം പാടിത്തീർത്തത് മരണമില്ലാത്ത ഒട്ടേറെ പാട്ടുകളായിരുന്നു. അദ്ദേഹത്തിൻ്റെ ഗാനങ്ങളുടെ ഒരു പട്ടികയെടുത്ത് അതിൽ നിന്ന് വെറുതേ ഒരു പാട്ടെടുത്താലും അത് കേൾക്കാൻ മനോഹരമായിരിക്കും. വീണ്ടും വീണ്ടും വീണ്ടും കേട്ടാലും മതിവരാത്ത ഗാനങ്ങൾ. ശബ്ദം എന്നതിനപ്പുറം അദ്ദേഹം പാട്ടിന് നൽകുന്ന ഭാവം, ആ പാട്ടിൻ്റെ വികാരം ഇതൊക്കെ ആസ്വാദനത്തിൻ്റെ സുന്ദരമായ അനുഭവമായിരുന്നു. മലയാളത്തിൽ മാത്രമല്ല, ഇളയരാജ എന്ന ഇസൈഗ്നാനിയുമായി ചേർന്ന് തമിഴിലും അദ്ദേഹത്തെ ഭാവശബ്ദം ഏറെ പാട്ടുകളിൽ ഭ്രമിപ്പിച്ചിട്ടുണ്ട്. ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും അദ്ദേഹം പാടി. ഇതിനൊപ്പം ആൽബം, ലളിതഗാനങ്ങളും. 1600ലധികം ഗാനങ്ങളാണ് അദ്ദേഹം തൻ്റെ കരിയറിലാകെ പാടിത്തീർത്തത്.

ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പം തമിഴ്നാട് സർക്കാരിൻ്റെ സിനിമാ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ദിനനാഥൻ ഗായകനാണ്.

 

സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം