G Venugopal: ക്യാൻസർ ബാധിച്ചു മരിച്ചെന്ന് പോസ്റ്റ്; രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനെന്ന് വേണുഗോപാൽ
കണ്ണീരോടെ ജി വേണുഗോപാൽ, കണ്ണീരായി ജി വേണുഗോപാൽ എന്നായിരുന്നു സോഷ്യൽ മീഡിയ പോസ്റ്റ്, ഇതിൻ്റെ യാഥാർത്ഥ്യത്തെ പറ്റി പറയുകയാണ് ജി വേണുഗോപാൽ

തിരുവനന്തപുരം: സിനിമ, സീരിയൽ താരങ്ങളടക്കം മിക്കവാറും പ്രമുഖ വ്യക്തികൾ മരിച്ചെന്ന സോഷ്യൽ മീഡിയ പ്രചാരണവും വ്യാജ വാർത്തകളും സമീപകാലത്ത് ഏറ്റവുമധികം ചർച്ചയാകുന്ന സംഭവങ്ങളിൽ ഒന്നാണ്. അത്തരമൊരു ദുരനുഭവം ഇത്തവണ തേടിയെത്തിയത് ഗായകൻ ജി.വേണുഗോപാലിനാണ്. അർബുധം കവർന്നെടുത്തു കണ്ണീരോടെ ജി വേണുഗോപാൽ, കണ്ണീരായി ജി വേണുഗോപാൽ എന്നായിരുന്നു സോഷ്യൽ മീഡിയ പോസ്റ്റ്. ചുരുക്കി പറഞ്ഞാൽ ജി വേണുഗോപാൽ മരിച്ചെന്ന് വ്യാജ പ്രചാരണം. വേണുഗോപാൽ തന്നെയാണ് വിവരം ഫേസ്ബുക്കിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പോസ്റ്റ് ചെയ്തത്.
വേണുഗോപാൽ പങ്ക് വെച്ച പോസ്റ്റ്
അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ. ഇപ്പോൾ, കാഷ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എൻ്റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ ” ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്….” എന്ന ശീർഷകത്തോടെ അയച്ച് തന്നത്. ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ.
അതേസമയം വേണുഗോപാൽ പങ്കുവെച്ച പോസ്റ്റിന് താഴെ വേറെയും കമൻ്റുകൾ വരുന്നുണ്ട്. കണ്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടി… പിന്നെ വേണു സാർ തന്നെ സ്വന്തം മരണ വാർത്ത പബ്ലിഷ് ചെയ്തപ്പോൾ ആശ്വാസമായി.. വാർത്ത ഇട്ടവർക്ക് കൂടുതൽ ശിക്ഷ ഒന്നും വേണ്ട..ആ ഗുവാഹട്ടി എക്സ്പ്രസ്സ് ട്രെയിനിൽ ലോക്കലിൽ തിരുവനന്തപുരം മുതൽ ഗുവാഹട്ടി വരെ സീറ്റിൽ കെട്ടിയിട്ട് ഒരു യാത്ര മതി എന്നായിരുന്നു ഒരാളുടെ കമൻ്റ്. എന്നാൽ വേണുച്ചേട്ടന്റെ ഈസ്റ്റർ ഉയർത്തെണീപ്പിന് വീണ്ടും വീണ്ടും ആശംസകൾ! എന്നായിരുന്നു എൻ പ്രശാന്ത് ഐഎഎസ് പങ്കുവെച്ച പോസ്റ്റ്. കർത്താവ് പോലും ഒരു വട്ടമേ ഉയിർത്തുള്ളൂ. ഇത് ഒരു വർഷം തന്നെ രണ്ട് ഉയിർപ്പ്. ഉയർത്തെന്ന് fb പോസ്റ്റും എന്നും മറ്റൊരു പ്രേക്ഷകൻ കൻ്റ് ചെയ്തു.