Chinmayi Sripada: ‘രണ്ടു സക്സസ് പോസ്റ്ററിലും നായകനൊപ്പം തോളോട് തോൾ ചേർന്ന് അഭിനയിച്ച സായ് പല്ലവിയുടെ ചിത്രമില്ല’; വിമർശനവുമായി ചിന്മയി
Chinamyi Sripada slams Amaran and Rowdy Baby Success Posters : ബോക്സ് ഓഫീസിൽ 300 കോടി നേടിയ 'അമരന്റെ' സക്സസ് പോസ്റ്ററിലായാലും, റൗഡി ബേബി എന്ന ഗാനം ഒരു ബില്യൺ വ്യൂസ് നേടിയതിന്റെ പോസ്റ്ററിൽ ആയാലും നായിക സായ് പല്ലവിയുടെ ചിത്രമില്ല.
തീയറ്ററുകളിൽ ഇപ്പോഴും വൻ വിജയം കൊയ്തുകൊണ്ടിരിക്കുന്ന ചിത്രമാണ് ‘അമരൻ’. വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ യഥാർഥ ജീവിത അടിസ്ഥാനമാക്കി നിർമ്മിച്ച ഈ ചിത്രം പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഇതിൽ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസിനെ അവതരിപ്പിച്ചിരിക്കുന്നത് നടി സായ് പല്ലവിയാണ്. ചിത്രത്തിലെ നായികയുടെ മികച്ച പ്രകടനം, പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടി.
അതുപോലെ തന്നെ, സായ് പല്ലവിയുടെ സിനിമ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു ‘മാരി 2’ എന്ന ധനുഷ് ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനം. നർത്തകിയാണെന്ന് അറിയാമെങ്കിലും, ആ ഗാനത്തിൽ അതിശയിപ്പിക്കുന്ന തരത്തിലുള്ള നൃത്ത പ്രകടനമാണ് സായ് പല്ലവി കാഴ്ചവെച്ചത്. പാട്ട് ഹിറ്റ് ആവാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് അതിന്റെ കൊറിയോഗ്രാഫി തന്നെയാണ്. യൂട്യൂബിൽ റൗഡി ബേബി ഗാനത്തിന് മൊത്തം ഒരു ബില്യൺ വ്യൂസ് ആണ് ഉള്ളത്.
എന്നാൽ, ബോക്സ് ഓഫീസിൽ 300 കോടി നേടിയ ‘അമരന്റെ’ സക്സസ് പോസ്റ്ററിലായാലും, റൗഡി ബേബി എന്ന ഗാനം ഒരു ബില്യൺ വ്യൂസ് നേടിയതിന്റെ പോസ്റ്ററിൽ ആയാലും നായിക സായ് പല്ലവിയുടെ ചിത്രമില്ല. ഈ പോസ്റ്ററുകൾ പങ്കുവെച്ചുകൊണ്ട് ഇതിനെതിരെ ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ. ഒരു സിനിമയോ ഗാനമോ ഹിറ്റാകുമ്പോൾ അതിന്റെ സക്സസ് പോസ്റ്ററുകളിൽ കലാകാരികൾക്ക് ഇടംകിട്ടാറില്ലെന്നാണ് ചിന്മയി പറയുന്നത്. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയായിരുന്നു ഗായികയുടെ പ്രതികരണം.
One of the most talented and beloved female artists in the South will still not find space in a success poster, shoulder to shoulder with a man.
Rowdy Baby was what it was also because of the trippy vocals of Dhee.
Anyway. pic.twitter.com/Nb6M1ax4jp
— Chinmayi Sripaada (@Chinmayi) November 20, 2024
അമരന്റെ പോസ്റ്ററിൽ നായകൻ ശിവകാർത്തികേയന്റെ ചിത്രം മാത്രമാണ് ഉള്ളത്. അതുപോലെ റൗഡി ബേബിയുടെ പോസ്റ്ററിലായാലും ഗിറ്റാർ പിടിച്ചു നിൽക്കുന്ന ധനുഷിന്റെ ചിത്രമാണ് ഉള്ളത്. റൗഡി ബേബി ഗാനം ആലപിച്ച ഗായിക ദീ എന്ന ദീക്ഷിത വെങ്കടേഷിന്റെ ചിത്രം പോലും പോസ്റ്ററിൽ ഇല്ല എന്നതും ഏറെ ശ്രദ്ധേയമാണ്.
“ദക്ഷിണേന്ത്യയിലെ ഏറ്റവും കഴിവുള്ളതും ഏറെ ആരാധിക്കപ്പെടുന്നവരിൽ ഒരാളുമായ കലാകാരിക്ക്, സക്സസ് പോസ്റ്ററിൽ പുരുഷനോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കാൻ ഇടം കിട്ടിയില്ല. റൗഡി ബേബി ഗാനം ഇത്രയേറെ ശ്രദ്ധിക്കപ്പെടാനുള്ള കാരണങ്ങളിൽ ഒന്ന് ദീയുടെ വ്യത്യസ്തമായ ശബ്ദം കൂടിയാണ്” ചിന്മയി എക്‌സിൽ കുറിച്ചു.
അതേസമയം, ചിന്മയിയുടെ ട്വീറ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഗായികയുടെ അഭിപ്രായം അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. അതിൽ ഒരു കൂട്ടർ വാദിച്ചത്, റൗഡി ബേബി ഗാനത്തിന്റെ പോസ്റ്റർ ആരാധകരിൽ ആരോ നിർമ്മിച്ചതാണെന്നായിരുന്നു. മറ്റു ചിലർ അഭിപ്രായപ്പെടുന്നത് അമരൻ ഇത്ര വലിയ വിജയം ആയതിന് ശിവകാർത്തികേയന്റെ സാന്നിധ്യമാണ് നിർണായകമായതെന്നാണ്.