Anju Joseph: ‘പ്രണയകഥയിലെ ഹംസമായത് ഐശ്വര്യ ലക്ഷ്മി; ആ ഒറ്റ കാര്യമോർത്ത് ടെൻഷൻ തോന്നി’; മനസുതുറന്ന് അഞ്ജു ജോസഫ്
Singer Anju Joseph Reveals Love Story: അഞ്ജുവിന്റെ സുഹൃത്തായ ഐശ്വര്യ ലക്ഷ്മിയും തന്റെ സുഹൃത്തായ ആഷിഖുമാണ് ഈ ബന്ധത്തില്‍ ഹംസമായി പ്രവര്‍ത്തിച്ചതെന്നും ആദിത്യ തമാശരൂപേണ പറഞ്ഞു.
ടെലിവിഷൻ പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ഗായിക അഞ്ജു ജോസഫ്. കഴിഞ്ഞ കുറച്ച് ദിവസമായി അഞ്ജുവിന്റെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കഴിഞ്ഞ മാസം 30നായിരുന്നു താരത്തിന്റെ വിവാഹം. സിവില്‍ എഞ്ചിനീയറായ ആദിത്യ പരമേശ്വരനാണ് വരന്‍. വളരെ ലളിതമായി ആലപ്പുഴ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു ഇരവരുടെയും വിവാഹം. ഇപ്പോഴിതാ ഇതിനു പിന്നാലെ പ്രണയത്തെക്കുറിച്ചും അത് വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചും മനസുതുറക്കുകയാണ് താരം. ലെറ്റ്സ് ടോക്ക് ലാല എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇരുവരും പ്രണയകഥ പങ്കുവെച്ചത്.
തങ്ങൾക്ക് ചെറുപ്പം മുതലെ പരസ്പരം അറിയാമെന്നും സുഹൃത്തുക്കളായിരുന്നുവെന്നും ആദിത്യ പറയുന്നു. തങ്ങളുടെ കുടുംബങ്ങളും പരസ്പരം അറിയുന്നവരായിരുന്നുവെന്നും കോവിഡിന് ശേഷമാണ് തമ്മില്‍ അടുക്കുന്നതെന്നും ആദിത്യ പറഞ്ഞു. അഞ്ജുവിന്റെ സുഹൃത്തായ ഐശ്വര്യ ലക്ഷ്മിയും തന്റെ സുഹൃത്തായ ആഷിഖുമാണ് ഈ ബന്ധത്തില്‍ ഹംസമായി പ്രവര്‍ത്തിച്ചതെന്നും ആദിത്യ തമാശരൂപേണ പറഞ്ഞു. ”ഐശ്വര്യ ലക്ഷ്മിയാണ് ഹംസം നമ്പര്‍ വണ്‍. രണ്ടാമത്തെ ഹംസം എന്റെ ഫ്രണ്ടാണ്, ആഷിഖ്. എന്റെ പഴയ സ്‌കൂള്‍ ഫ്രണ്ടാണ്. ആഷിഖും ഐശ്വര്യ ലക്ഷ്മിയുമാണ് ഇതില്‍ ഹംസങ്ങളായി വര്‍ക്ക് ചെയ്തത്,” ആദിത്യ പറഞ്ഞു.
Also Read-Anju Joseph: ഗായിക അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി; ചിത്രം പങ്കുവെച്ച് താരം
ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് ഏറെ ആശങ്കകൾ ഉണ്ടായിരുന്നുവെന്ന് അഞ്ജു ജോസഫ് പറയുന്നു. നല്ല സുഹൃത്തുക്കളായിരുന്നതുകൊണ്ടുതന്നെ പ്രണയം തുടങ്ങിക്കഴിഞ്ഞ് അഥവാ ബ്രേക്കപ് ആയാൽ ആ സൗഹൃദവും നഷ്ടപ്പെട്ടു പോകുമല്ലോ എന്നായിരുന്നു തന്റെ പേടി. നല്ലൊരു സുഹൃത്തിനെ നഷ്ടപ്പെടുത്താൻ തനിക്ക് താത്പര്യമില്ലെന്നും താരം പറഞ്ഞു. ആദിത്യയാണ് ആദ്യം പ്രൊപ്പോസ് ചെയ്തതെന്നും ആദിത്യ ആദ്യം മുതല്‍ തന്നെ വിവാഹത്തിന് തയ്യാറായിരുന്നുവെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.
അതേസമയം അഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്. റിയാലിറ്റി ഷോ സംവിധായകനായ അനൂപ് ജോണിനെയാണ് അഞ്ജു ആദ്യം വിവാഹം ചെയ്തത്. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു. ഇതിനു പിന്നാലെ കടന്നുപോയ ബുദ്ധിമുട്ടുകളെ പറ്റി താരം തന്നെ മനസ്സ്തുറന്നിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ എറെ ചർച്ചയായിരുന്നു. ‘ഡോക്ടര്‍ ലവ്’ എന്ന ചിത്രത്തില്‍ പാടിയാണ് അഞ്ജു സിനിമ പിന്നണി ഗാനരംഗത്ത് അരങ്ങേറിയത്. അര്‍ച്ചന 31 നോട്ടൗട്ട് എന്ന ചിത്രത്തിലൂടെ അഭിനയത്തിലും ഒരു കൈ നോക്കിയ അഞ്ജുവിന്റെ കവർ സോങ്ങുകൾക്കും വലിയ ആരാധകരുണ്ട്.