5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Manju Warrier: 26 വർഷത്തിന് ശേഷം! ഭാനുവിൻ്റെയും വിശ്വനാഥൻ്റെയും ഓർമകളുള്ള ‘കവ’; കന്മദത്തിൻ്റെ ലൊക്കേഷനിൽ മഞ്ജു വാര്യർ

Manju Warrier Visit Kanmadam Location: പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനക്കലിന് ഒപ്പം ആ ലൊക്കേഷൻ കാണാൻ വർങ്ങൾക്ക് ശേഷം എത്തിയതാണ് മഞ്ജു. സിദ്ദുവാണ് നിമിഷങ്ങൾ കോർത്തിണക്കിയ ഓർമ്മപ്പെടുത്തലുകളുടെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മഞ്ജുവിൻറെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച കഥാപാത്രമായിരുന്നു കന്മദത്തിലെ ഭാനുമതി എന്നത്.

Manju Warrier: 26 വർഷത്തിന് ശേഷം! ഭാനുവിൻ്റെയും വിശ്വനാഥൻ്റെയും ഓർമകളുള്ള ‘കവ’; കന്മദത്തിൻ്റെ ലൊക്കേഷനിൽ മഞ്ജു വാര്യർ
മഞ്ജു വാര്യർ കന്മദം ചിത്രത്തിൻ്റെ ലൊക്കേഷനിൽ (​Image Credits: Facebook)
neethu-vijayan
Neethu Vijayan | Published: 01 Dec 2024 10:10 AM

വിശ്വനാഥനും, ഭാനുമതിയും ഒപ്പം സഹോദരിമാരും, മുത്തശ്ശനും, മുത്തശ്ശിയും, ജോണിയുമൊക്കെ ഇന്നും മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിലകൊള്ളുന്നു. കന്മദം തീയേറ്ററുകളിൽ എത്തിയിട്ട് വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞെങ്കിലും ഇന്നും ഈ കഥാപാത്രങ്ങളെ സമ്മാനിച്ച നിമിഷങ്ങളെയും അതിലെ താരങ്ങളെയും ആരാധകർക്ക് മറക്കാൻ കഴിയില്ല എന്നതാണ് സത്യം. ലോഹിതദാസിൻറെ സംവിധാനമികവിൽ 1998ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും മികച്ച മലയാളസിനിമകളുടെ പട്ടികയിൽ മുൻനിരയിലുണ്ട്. ഇപ്പോഴിതാ കന്മദത്തിൻ്റെ ഷൂട്ടിങ് ലൊക്കേഷനിൽ ഒരിക്കൽക്കൂടി വന്നിരിക്കുകയാണ് മഞ്ജു വാര്യർ.

പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനക്കലിന് ഒപ്പം ആ ലൊക്കേഷൻ കാണാൻ വർങ്ങൾക്ക് ശേഷം എത്തിയതാണ് മഞ്ജു. സിദ്ദുവാണ് നിമിഷങ്ങൾ കോർത്തിണക്കിയ ഓർമ്മപ്പെടുത്തലുകളുടെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മഞ്ജുവിൻറെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച കഥാപാത്രമായിരുന്നു കന്മദത്തിലെ ഭാനുമതി എന്നത്.

സിദ്ദു പനക്കലിൻ്റെ ഫേസ്ബുക്ക് കുറിപ്പ്

പാലക്കാട്‌ “എമ്പുരാൻ” സിനിമയുടെ ഷൂട്ടിഗിന് വന്ന ഞാൻ ആറു ദിവസം മുൻപ് കന്മദം ഷൂട്ട് ചെയ്ത കവ എന്ന ലൊക്കേഷനിൽ പോയ അനുഭവം fb യിൽ പങ്കുവെച്ചിരുന്നു. എന്റെ എഫ് ബി പോസ്റ്റ് മഞ്ജു കണ്ടിട്ടുണ്ടായിരുന്നില്ല. സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ അത് മഞ്ജുവിന് അയച്ചുകൊടുത്തു. മഞ്ജു അത് എനിക്ക് അയച്ചുതന്ന് ആ ലൊക്കേഷൻ വീണ്ടും കാണണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു.

മഞ്ജു ആദ്യം നായികയായി അഭിനയിച്ച സല്ലാപം എന്ന പടത്തിന്റെ കൺട്രോളർ ഞാനായിരുന്നു. അന്നുമുതൽ ഇന്നുവരെ മുറിഞ്ഞു പോകാത്ത ബന്ധമാണ് മഞ്ജുവും കുടുംബവുമായി.

ഇന്ന് ഷൂട്ടിങ്ങിനു വരുന്ന വഴിക്ക് ഞാനും മഞ്ജുവും കൂടി ആ ലൊക്കേഷനിൽ പോയി. തന്റെ കരിയറിലെ ഒന്നാംതരം വേഷങ്ങളിൽ ഒന്നായ കന്മദത്തിലെ ഭാനുവിനെയും ലോഹി സാറിനെയും ലാലേട്ടനെയും കന്മദത്തിന്റെ നിർമ്മാതാവ് സുചിത്രചേച്ചിയെ പറ്റിയൊക്കെ ഓർക്കാനും ആ ഓർമ്മകളിൽ 26 വർഷം പിറകോട്ട് സഞ്ചരിക്കാനുമൊക്കെ മഞ്ജുവിന് കഴിഞ്ഞിരിക്കും. ആ ലൊക്കേഷനിലെ കുറച്ച് നിമിഷങ്ങളാണ് ഈ ഫോട്ടോകളിൽ..

സിദ്ദു ആദ്യം പങ്കുവച്ച ഫെയ്ബുക്ക് പോസ്റ്റ്

നവംബർ 22ന് ഇതേ ലൊക്കേഷനുമായി ബന്ധപ്പെട്ട് സിദ്ദു മറ്റൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. അതിൽ അന്ന് ചിത്രത്തിലുണ്ടായിരുന്ന പലതും അവിടെ അവശേഷിക്കുന്നില്ല എന്നൊരു ഓർമ്മപ്പെടുത്തലാണ് ഉണ്ടായിരുന്നത്.

ഭാനു: പോവുകയാണെന്ന് അറിഞ്ഞു

വിശ്വനാഥൻ: അതെ വന്ന കാര്യങ്ങളൊക്കെ കഴിഞ്ഞു. ഇനി എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ അറിയിക്കാം ഞാൻ വരും. വീട്ടിലെ അഡ്രസ്സ് അവിടെ ചെന്നിട്ട് ഞാൻ അറിയിക്കാം.

ഭാനു : അതിന്റെ ആവശ്യമില്ല ഇനി ഞങ്ങൾക്ക് വേണ്ടി ബുദ്ധിമുട്ടണ്ട ഇപ്പോൾ തന്നെ നിങ്ങടെ പേരില് ഞങ്ങൾ വേണ്ടാത്തതൊക്കെ കേൾക്കുന്നുണ്ട് ദയവുചെയ്ത് ഇനി ഇങ്ങോട്ട് വരരുത് ഞങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ. പിന്നെ എന്റെ ഏട്ടന്റെ പാസ്പോർട്ടും സാധനങ്ങളും എനിക്ക് വേണം ഇനി അതല്ലേ ബാക്കിയുള്ളൂ.

വിശ്വ : ഞാനിപ്പോ എടുത്തു തരാം.

ഭാനു : ഇപ്പോ വേണ്ട ഇപ്പോൾ അതു കണ്ടാൽ ഞാൻ പൊട്ടിപ്പോകും ഞാൻ ആരെയും അറിയിച്ചിട്ടില്ല.

വിശ്വ : പോണേനു മുമ്പ് ഞാൻ പറയാം മുത്തച്ഛനോട്.

ഭാനു : വേണ്ട ഏട്ടൻ വരുമെന്നും ഒരു നല്ല കാലം ഉണ്ടാകുമെന്നും വിചാരിച്ചിരിക്കുന്നവരാ എല്ലാവരും അത് അങ്ങനെ തന്നെ ഇരുന്നോട്ടെ.

വിശ്വ : ഭാനു മാത്രം എല്ലാം മനസ്സിൽ അടക്കി പിടിച്ചു ജീവിക്കണ്ടേ.

ഭാനു : അത് സാരമില്ല അങ്ങനെ ജീവിച്ചു ജീവിച്ച് അത് ശീലായി വേലുമാമന്റെ വീട്ടിലെ തെക്കേ മുറിയില് ഒരു ഓട്ടുകലവും ഉരുളിയും ഇരിക്കുന്നുണ്ട് അതിനുള്ളിൽ പൊതിഞ്ഞു വെച്ചാൽ മതി കുറച്ചു ദിവസം കഴിഞ്ഞിട്ട് മനസൊന്നു തണുക്കുമ്പോൾ ഞാൻ എടുത്തോണ്ട് വന്നോളാം.

വിശ്വ : പോകുമ്പോൾ യാത്ര പറയാൻ എനിക്കവിടെ വരെയൊന്ന് വരാലോ ല്ലേ.

ഭാനു : മുത്തശ്ശിയോടും രാജിയോടുമൊക്കെ വരില്ല എന്ന് പറയേണ്ട നിങ്ങൾ പോണത് അവർക്കൊക്കെ വലിയ സങ്കടാണ് വെറുതെ വിചാരിച്ചോട്ടെ ഇനിയും വരുമെന്ന്.

കന്മദം എന്ന സിനിമയിലെ ഈ സീൻ ചിത്രീകരിക്കാൻ ലോഹി സർ തിരഞ്ഞെടുത്തത് കവയിലെ മഞ്ജുവിന്റെ വീടായി ഷൂട്ട് ചെയ്ത വീടിന്റെ തൊട്ടടുത്ത് ചെറിയൊരു തോടുണ്ട്. ആ തോടിനു കുറുകെ ചാഞ്ഞു കിടക്കുന്ന ഒരു തെങ്ങും. 26 വർഷത്തിനുശേഷം ഞാൻ അവിടെ വീണ്ടും പോയി ഇന്നലെ. കന്മദത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു ഞാൻ.

മഞ്ജുവിന്റെ വീടായി ഷൂട്ട് ചെയ്ത വീടും, മാള ചേട്ടന്റെവീടായി ഷൂട്ട് ചെയ്ത വീടും അവിടെയില്ല. മഞ്ജുവിന്റെ വീട്ടിൽ നിന്ന് നോക്കിയാൽ കാണുന്ന ലാലേട്ടൻ നിൽക്കുന്ന ചെറിയ കുന്ന് ഇപ്പോൾ മഞ്ജുവിന്റെ വീട് നിന്നിരുന്ന സ്ഥലത്തു നോക്കിയാൽ കാണാനില്ല. കവുങ്ങും തെങ്ങും വളർന്ന് കാഴ്ച മറിച്ചിരിക്കുന്നു.

പക്ഷേ ഒന്ന് അവിടെ ബാക്കിയുണ്ട്. ഈ സീൻ എടുത്ത ആ തെങ്ങും ചെറിയ തോടും. അന്ന് അത് ജീവനുള്ള തെങ്ങായിരുന്നു. ഇന്നത് തല തെറിച്ച് ജീവനില്ലാതെ നിൽക്കുന്നു. ഭാനുവിന്റെയും വിശ്വനാഥന്റെയും കരസ്പർശമേറ്റ ആ തെങ്ങ്, ലോഹി സാറിന്റെ സ്റ്റാർട്ടും കട്ടും കേട്ട ആ തെങ്ങ്. ആ തെങ്ങിന്റെ ജീവനറ്റ് പോയിരിക്കുന്നു. ലോഹി സാറിനെപ്പോലെ, മാള ചേട്ടനെ പോലെ, രാമചന്ദ്ര ബാബുവേട്ടനെ പോലെ, രവീന്ദ്രൻ മാഷിനെ പോലെ, ഉഷാറാണി ചേച്ചിയെ പോലെ ഭാനുവിന്റെ മുത്തശ്ശിയെപ്പോലെ മുത്തച്ഛനെ പോലെ…..