Shyju Adimali: ‘തുടരും സിനിമയിലേക്ക് വിളിച്ചപ്പോൾ ആദ്യം ചോദിച്ചത് പൈസ എത്ര കിട്ടുമെന്ന്’; ഷൈജു അടിമാലി
Shyju Adimali Talks About Thudarum: കോൾ വന്നപ്പോൾ മോഹൻലാൽ ചിത്രമാണെന്ന് അറിയില്ലായിരുന്നുവെന്നും ആദ്യം ചോദിച്ചത് എത്ര പൈസ കിട്ടുമെന്നായിരുന്നുവെന്നും ഷൈജു അടിമാലി പറയുന്നു.

മോഹൻലാൽ നായകനായ ‘തുടരും’ സിനിമ മികച്ച പ്രതികരണങ്ങളോടെ തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളിൽ ഏറ്റവും തരംഗമായ പോസ്റ്ററായിരുന്നു സ്‌പ്ലെൻഡർ ബൈക്കിൽ മോഹൻലാൽ പോകുന്നത്. അതിൽ മോഹൻലാലിൻറെ പുറകിൽ ഉണ്ടായിരുന്നത് നടൻ ഷൈജു അടിമാലിയാണ്. ഇപ്പോഴിതാ, സിനിമയിലേക്കുള്ള തന്റെ വരവിനെ കുറിച്ച് സംസാരിക്കുകയാണ് ഷൈജു.
കോൾ വന്നപ്പോൾ മോഹൻലാൽ ചിത്രമാണെന്ന് അറിയില്ലായിരുന്നുവെന്നും ആദ്യം ചോദിച്ചത് എത്ര പൈസ കിട്ടുമെന്നായിരുന്നുവെന്നും ഷൈജു അടിമാലി പറയുന്നു. വേണമെങ്കിൽ അവർക്ക് അപ്പോൾ തന്നെ കട്ട് ചെയ്യാമായിരുന്നു. എന്നാൽ, സാധാരണ കലാകാരൻമാരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി തനിക്ക് വേഷം നൽകിയെന്നും ഷൈജു കൂട്ടിച്ചേർത്തു. വൺ ടു ടോക്ക് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“തുടരും സിനിമയുടെ ആ പോസ്റ്റർ ഇറങ്ങിയ സമയത്ത് എന്റെ മനസിൽ ആദ്യം തെളിഞ്ഞ മുഖം തരുൺ മൂർത്തി സാറിന്റേതാണ്. സിനിമയ്ക്ക് മുന്നേ ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. അന്ന് എന്നോട് ഇങ്ങനെ ഒരു സിനിമയെക്കുറിച്ച് പറഞ്ഞിരുന്നില്ല. ചേട്ടാ ഒരു പരിപാടി വരുന്നുണ്ടെന്നും, ചേട്ടൻ ആ താടി ഒന്നും വടിക്കേണ്ട ചുമ്മാ വേണ്ടി വന്നാൽ നമ്മുക്ക് ഉപയോഗിക്കാലോ എന്നും പറഞ്ഞിരുന്നു. ഇങ്ങനെ ഒരു മികച്ച സിനിമ ആയിരിക്കുമെന്നോ അതിൽ എനിക്ക് വേഷം ഉണ്ടാകുമെന്നോ ഒന്നും അറിഞ്ഞില്ല. അത് ഞാൻ ചിന്തിച്ചിട്ടുമില്ല.
കൺട്രോളർ ഡിക്സൺ ചേട്ടൻ വിളിക്കുമ്പോഴാണ് ഞാൻ ഇക്കാര്യം അറിയുന്നത്. അപ്പോഴും ഒരബദ്ധം പറ്റി. പ്രോഗ്രാം കുറഞ്ഞ് വളരെ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിട്ടിരുന്ന സമയത്താണ് അദ്ദേഹം എന്നെ വിളിക്കുന്നത്. ഷൈജു ഒരു പടമുണ്ട് കുറച്ച് ദിവസം വേണ്ടി വരുമെന്ന് പറഞ്ഞു. ആ കോൾ വരുന്നത് വരെയും ഭാര്യയും മക്കളും സംസാരിച്ചുക്കൊണ്ടിരുന്നത് നമ്മുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചായിരുന്നു. അത് മനസിൽ ഉള്ളത് കൊണ്ട് ഞാൻ ആദ്യം ചോദിച്ചത് ‘എത്ര പൈസ കിട്ടുമെന്നാണ്’.
ഡയറക്ടറും, പ്രൊഡ്യൂസറും ഈ കഥാപാത്രത്തിന് ഒരു തുക ഇട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എത്ര ദിവസം വർക്ക് ഉണ്ടാകുമെന്ന് ചോദിച്ചപ്പോൾ അത് ലാൽ സാറിന്റെ ഡേറ്റ് നോക്കിയാണ് ചെയ്യുക എന്നായിരുന്നു മറുപടി. ഇത് കേട്ടതും എന്ത് എന്ന് ഞാൻ ഒരിക്കൽ കൂടെ ചോദിച്ചു. ലാൽ സാറിന്റെ ഡേറ്റ് എന്ന് പറഞ്ഞു. ആ നിമിഷം ഞാൻ സ്റ്റക്കായിപ്പോയി. ഇപ്പോൾ വിളിക്കാം എന്ന് പറഞ്ഞു കോൾ കട്ട് ചെയ്തു. നമ്മുടെ പിടിവിട്ട് പോകുമല്ലോ.
ഞങ്ങൾക്ക് വല്ലാതെ സങ്കടം വന്നു. ഉടനെ ഡിക്‌സൺ ചേട്ടനെ വിളിച്ചിട്ട് എനിക്ക് കുഴപ്പമില്ല എന്തായാലും ഓക്കേ ആണെന്ന് പറഞ്ഞു. എന്നാൽ, ഷൈജുവിന് ഒരു പ്രതിഫലം ഉണ്ട് അത് കൃത്യമായി കിട്ടുമെന്ന് അദ്ദേഹം ഉറപ്പുനൽകി. എനിക്ക് അതിൽ കൂടുതൽ പ്രൊഡ്യൂസർ രജപുത്ര രഞ്ജിത് തന്നു. അവർക്ക് വേണമെങ്കിൽ ഇവൻ പേയ്മെന്റ് ചോദിക്കുകയാണ് എന്ന് പറഞ്ഞ് എന്നെ കട്ടാക്കാമായിരുന്നു. വേറെ ഒരുപാട് ആർട്ടിസ്റ്റുകൾ നിൽക്കുകയല്ലേ. എന്നാൽ, എന്നെ പോലുള്ള കലാകാരൻമാരുടെ ബുദ്ധിമുട്ട് അവർ മനസിലാക്കി” ഷൈജു അടിമാലി പറഞ്ഞു.