AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shaijo Adimaly: ‘ഞാന്‍ കാരവനില്‍ പെട്ടുപോയി; എന്നേയും കാത്ത് ലാല്‍ സാര്‍ മഴയത്ത്, ഷര്‍ട്ടൊക്കെ നനഞ്ഞു’; ഷൈജു അടിമാലി

Shaijo Adimaly About Mohanlal: ഒരു തെറ്റിദ്ധാരണ കാരണം താൻ കാരവനിൽ പെട്ടുപോയെന്നും തന്നെയും കാത്ത് നടൻ മോഹൻലാലിന് മഴയത്ത് നിന്നുവെന്നും പറയുകയാണ് നടൻ ഷൈജു അടിമാലി.

Shaijo Adimaly: ‘ഞാന്‍ കാരവനില്‍ പെട്ടുപോയി; എന്നേയും കാത്ത് ലാല്‍ സാര്‍ മഴയത്ത്, ഷര്‍ട്ടൊക്കെ നനഞ്ഞു’; ഷൈജു അടിമാലി
ഷൈജു അടിമാലി, മോഹൻലാൽ Image Credit source: Facebook
nandha-das
Nandha Das | Updated On: 29 Apr 2025 13:37 PM

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് ‘തുടരും’. തീയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ ചിത്രം മുന്നേറുകയാണ്. ഇപ്പോഴിതാ ഈ സിനിമയിൽ വേഷമിട്ട ഷൈജു അടിമാലി ഷൂട്ടിങ് സമയത്തെ ഒരു അനുഭവം പങ്കുവെക്കുകയാണ്. ഒരു തെറ്റിദ്ധാരണ കാരണം താൻ കാരവനിൽ പെട്ടുപോയെന്നും തന്നെയും കാത്ത് നടൻ മോഹൻലാലിന് മഴയത്ത് നിന്നുവെന്നും പറയുകയാണ് നടൻ. മോഹൻലാൽ എന്ന ലെജന്റ് യഥാർത്ഥത്തിൽ ആരാണെന്ന് മനസിലാക്കിയത് ആ നിമിഷമായിരുന്നുവെന്നും നടൻ പറയുന്നു.

‘തുടരും’ സിനിമയുടെ പോസ്റ്ററിൽ ഉള്ള ബൈക്കിൽ പോകുന്ന സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് മഴ വന്നതിനെ തുടർന്ന് ഷൂട്ടിംഗ് അൽപ നേരം വൈകിയെന്ന് ഷൈജു പറയുന്നു. അങ്ങനെ എല്ലാവരുമായും സംസാരിച്ച് കൊണ്ടിരിക്കുന്ന സമയത്ത് തന്നോട് കാരവനിൽ കയറി ഇരിക്കാൻ പറഞ്ഞു. പിന്നീട് മറ്റുള്ളവർ സെറ്റിലേക്ക് പോയത് താൻ അറിഞ്ഞില്ലെന്നും, താൻ വന്നപ്പോൾ മോഹൻലാൽ മഴയത്ത് നിൽക്കുകയായിരുന്നു എന്നും ഷൈജു അടിമാലി പറയുന്നു. വൺ ടു ടോക്ക് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ലാൽ സാറും ഞാനും ബൈക്കിൽ പോകുന്ന സീൻ എടുക്കുന്ന ദിവസം. അന്ന് ഒരു ചാറ്റൽ മഴയുണ്ട്. അപ്പോൾ നമ്മുടെ ഷർട്ടൊക്കെ നനഞ്ഞു കഴിഞ്ഞാൽ പ്രശ്‌നമാണല്ലോ. നമുക്ക് അവിടെ കാരവനൊക്കെ ഉണ്ട്. പക്ഷേ നമ്മൾ പുറത്താണ് ഇരിക്കാറ്. എല്ലാവരുമായി വർത്തമാനം പറഞ്ഞ് ഇരിക്കാമല്ലോ. ഇങ്ങനെ ഒരു സെറ്റ് നമുക്ക് അഭിനയിക്കാൻ കിട്ടുകയാണല്ലോ. ആ സുഖം കാരവനിൽ ഇരുന്നാൽ കിട്ടില്ല. ലാൽ സാറിനെ, ശോഭനാ മാമിനെ പിന്നെ തരുൺ സാറിന്റെ ഡയറക്ഷൻ എല്ലാം കണ്ടു നിൽക്കാൻ തന്നെ നല്ല രസമാണ്.

അങ്ങനെ ഈ ബൈക്ക് സീനിൽ ഞാനും സാറുമാണ് വേണ്ടത്. മറ്റുള്ളവരെല്ലാം കാറിലാണ്. അവിടെ ചാറ്റൽ മഴ വന്നപ്പോൾ ഷൈജു നനയണ്ട, കാരവനിൽ കയറി ഇരുന്നോ എന്ന് എന്നോട് പറഞ്ഞു. ഞാൻ പോയിരിന്നു. അൽപ നേരം കഴിഞ്ഞിട്ടും എന്നെ ആരും വിളിക്കാൻ വരാത്തതിനെ തുടർന്ന് കാരവാൻ തുറന്ന് നോക്കിയപ്പോൾ അവിടെ ആരുമില്ല. വണ്ടികളും ഇല്ല. നമ്മളെ കൊണ്ടുപോകുന്ന ഒരു വണ്ടി മറ്റെന്തോ ആവശ്യത്തിന് എടുക്കേണ്ടി വന്നപ്പോൾ എന്നോട് കാരവനിലേക്ക് ഇരിക്കാൻ പറഞ്ഞതായിരുന്നു.

ALSO READ: അത് സിനിമയ്ക്ക് മാത്രം പറ്റുന്ന ഭാഗ്യം; ‘തുടരും’ ചിത്രത്തിലെ കൽപനയുടെ സാന്നിധ്യത്തെക്കുറിച്ച് ഉർവശി

ഞാൻ ആ വണ്ടിയിൽ ഉണ്ടാകുമെന്ന് മറ്റുള്ളവർ കരുതി കാണും. പിന്നാലെ എനിക്ക് ഡിക്‌സൺ ചേട്ടന്റെ കോൾ വന്നു. എവിടെയുണ്ട് ഷൈജു? എന്ന് ചോദിച്ചു. ഞാൻ കാരവനിൽ, എന്നെ ഇവിടെ കൊണ്ടിരുത്തിയതാണ് എന്ന് പറഞ്ഞു. അയ്യോ ലൊക്കേഷനിൽ വരണ്ടേ എന്ന് ചോദിച്ചു. അഞ്ചോ ആറോ കിലോമീറ്റർ അപ്പുറത്താണ് ഷൂട്ട് നടക്കുന്നത്. അങ്ങനെ മറ്റൊരു വണ്ടി എന്നെ വിളിക്കാൻ വന്നു. ഞാൻ അവിടെ ചെല്ലുമ്പോൾ കാണുന്നത് ലാൽ സാർ റെഡിയായിട്ട് ബൈക്കിൽ ചാരി നിൽക്കുന്നു. സാറിന് കുടചൂടി പ്രൊഡ്യൂസർ രഞ്ജിത് സാർ വർത്തമാനം പറഞ്ഞ് കൂടെ നില്പുണ്ട്. സാറിനോട് ആൾ വന്നിട്ടില്ലെന്നും കാരവാനിൽ കുടുങ്ങിയെന്നും പറഞ്ഞപ്പോൾ കുഴപ്പമില്ല ആള് വരട്ടെ എന്നാണ് ലാൽ സാർ പറഞ്ഞത്.

ആ ചാറ്റൽ മഴയത്ത് കുടയും ചൂടി വർത്തമാനം പറഞ്ഞ് ഞാൻ വരുന്ന അത്രയും സമയം അദ്ദേഹം അവിടെ നിന്നു. എമ്പുരാൻ ഉൾപ്പെടെയുള്ള ഷൂട്ടും തിരക്കുമായി നടക്കുന്ന വലിയൊരു ലെജന്റായുള്ള മനുഷ്യൻ നമുക്ക് വേണ്ടി, കാരണം എന്റേതല്ലെങ്കിൽ പോലും അത്രയും നേരം കാത്തു നിന്നെങ്കിൽ ഒന്ന് ആലോചിച്ചു നോക്കൂ. തുടർന്ന്, ജോളിയായി ആ സീൻ അങ്ങ് ചെയ്തു. അത്ര നല്ല ലൊക്കേഷനും അത്രയും നല്ല അനുഭവവും ആണ് എനിക്കുണ്ടായത്” ഷൈജു അടിമാലി പറഞ്ഞു.