Shine Tom Chacko: ‘ഓടിയതിൽ എന്ത് തെറ്റ്, റൺ കൊച്ചി റൺ സംഘടിപ്പിക്കാറുണ്ടല്ലോ, അങ്ങനെ കണ്ടാൽ മതി’: ഷൈൻ ടോം ചാക്കോയുടെ സഹോദരൻ
Joe John Chacko Support Shine Tom Chacko: റൺ കൊച്ചി റൺ സംഘടിപ്പിക്കാറുണ്ടല്ലോ, അതിന്റെ ഭാഗമായി കണ്ടാൽ മതിയെന്നും ജോ ജോൺ ചാക്കോ പറയുന്നു. പരാതിയെ കുറിച്ച് അറിയില്ലെന്നും സഹോദരൻ വ്യക്തമാക്കി.

Joe John Chacko Support Shine Tom Chacko
നടി വിൻ സി അലോഷ്യസ് ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടത്തിയ വെളിപ്പെടുത്തലാണ് സിനിമ ലോകത്തെ പുതിയ ചർച്ച വിഷയം. സിനിമ സെറ്റിൽ വച്ച് നടൻ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്നാണ് നടി നൽകിയ പരാതിയിൽ പറയുന്നത്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി കൊച്ചിയിലെ ഹോട്ടലിൽ ലഹരിപരിശോധനയ്ക്കിടെ ഷൈൻ ടോം ചോക്കോ ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നത്.
ഇതോടെ നടനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് നടന്റെ സഹോദരൻ ജോ ജോൺ ചാക്കോ രംഗത്ത് എത്തിയിരിക്കുകയാണ്. ഹോട്ടലിൽ നിന്ന് ഷൈൻ ഓടിയതിൽ എന്ത് തെറ്റാണ് ഉള്ളത് എന്നാണ് സഹോദരൻ ചോദിക്കുന്നത്. ട്വന്റിഫോർ ന്യൂസിനോടായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. റൺ കൊച്ചി റൺ സംഘടിപ്പിക്കാറുണ്ടല്ലോ, അതിന്റെ ഭാഗമായി കണ്ടാൽ മതിയെന്നും ജോ ജോൺ ചാക്കോ പറയുന്നു. പരാതിയെ കുറിച്ച് അറിയില്ലെന്നും സഹോദരൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് നടൻ ഇറങ്ങിയോടിയത്. പോലീസിന്റെ ലഹരി പരിശോധനയ്ക്കിടെയാണ് സംഭവം. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. പരിശോധന സംഘം എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Also Read:വിന്‍സിയുടെ വെളിപ്പെടുത്തല്‍ ഇന്‍സ്റ്റ സ്റ്റോറിയാക്കി ഷൈന്‍; പരാതി പുറത്തുവന്നിട്ടും മാറ്റാതെ താരം
കഴിഞ്ഞ ദിവസമാണ് വിൻ സി ഒരു പരിപാടിക്കിടെ ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞത്. ഇതിനു പിന്നാലെ കൂടുതൽ വിശദീകരണം നൽകി കൊണ്ട് ഇൻസ്റ്റാഗ്രാമിൽ നടി ഒരു വീഡിയോ പങ്കുവച്ചിരുന്നു. സിനിമ സെറ്റില്‍വെച്ച് നടനില്‍നിന്ന് മോശം അനുഭവം നേരിട്ടെന്നാണ് ഇന്‍സ്റ്റഗ്രാമിലെ വീഡിയോയിലൂടെ വിന്‍ സി തുറന്നുപറഞ്ഞത്. ഇതിനു പിന്നാലെ ഇന്ന് പരാതിയുമായി എത്തിയതോടെയാണ് അത് ഷൈൻ ടോം ചാക്കോയാണെന്ന് പുറത്തറിഞ്ഞത്.
‘സൂത്രവാക്യം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് നടിക്ക് മോശം അനുഭവം ഉണ്ടായത്. അതേസമയം പരാതിയിൽ നടന്റേയും സിനിമയുടേയും പേര് പുറത്തുപറയരുതെന്ന് താൻ പ്രത്യേകം പറഞ്ഞിരുന്നുവെന്നും അത് എങ്ങനെയാണ് പരസ്യമായതെന്ന് അറിയില്ലെന്നും വിന്‍ സി പ്രതികരിച്ചിരുന്നു.