Shine Tom Chacko Relationships: ആദ്യ ഭാര്യയുമായുള്ള വിവാഹമോചനം; പിന്നാലെ മോഡലുമായുള്ള നിശ്ചയവും വേര്‍പിരിയലും; മുൻ ബന്ധങ്ങളെ കുറിച്ച് ഷൈന്‍ ടോം ചാക്കോ അന്ന് പറഞ്ഞത്
Shine Tom Chacko Relationship History: ഷൈനും ആദ്യ ഭാര്യയുമായുള്ള വിവാഹമോചനവും, പിന്നാലെ ഉണ്ടായ പ്രണയവും തകർച്ചയും, ശേഷം മോഡൽ തനൂജയുമായുള്ള വിവാഹ നിശ്ചവും വേർപിരിയലുമെല്ലാം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

ലഹരി മരുന്ന് കേസും നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലും വന്നതോടെ സോഷ്യൽ മീഡിയ ചർച്ചകളിൽ വീണ്ടും നടൻ ഷൈൻ ടോം ചാക്കോയുടെ പേര് സജീവമായി ഉയർന്നു വരുന്നുണ്ട്. കഴിഞ്ഞ ദിവസം ലഹരി കേസിൽ മൂന്ന് മണിക്കൂറോളം നടനെ ചോദ്യം ചെയ്തതിന് പിന്നാലെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. എൻഡിപിഎസ് 27, 29 ആക്ട് പ്രകാരം ലഹരി ഉപയോഗിച്ചതിനും ഉപയോഗിക്കാൻ പ്രേരിപ്പിച്ചതിനും ഗൂഡാലോചനയ്‌ക്കുമാണ് നടനെതിരെ കേസെടുത്തത്. പിന്നാലെ വൈദ്യ പരിശോധനയ്ക്ക് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി നടന് ജാമ്യം അനുവദിക്കുകയായിരുന്നു.
അതിനിടെ, ഷൈൻ ടോം ചാക്കോയുടെ മുൻ ബന്ധങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്. ഷൈനും ആദ്യ ഭാര്യയുമായുള്ള വിവാഹമോചനവും, പിന്നാലെ ഉണ്ടായ പ്രണയവും തകർച്ചയും, ശേഷം മോഡൽ തനൂജയുമായുള്ള വിവാഹ നിശ്ചവും വേർപിരിയലുമെല്ലാം വീണ്ടും ഉയർന്ന് വരികയാണ്. ഇതേ കുറിച്ച് നടൻ മുമ്പ് നൽകിയ അഭിമുഖങ്ങളും ഇപ്പോൾ വൈറലാണ്. നേരത്തെ ഒരു അഭിമുഖത്തിൽ തന്റെ ആദ്യ വിവാഹം അറേഞ്ച്ഡ് ആയിരുന്നുവെന്നും ഒത്തിരി കാരണങ്ങൾ കൊണ്ടാണ് ആ വിവാഹബന്ധം അധികകാലം നിലനിൽക്കാതിരുന്നതെന്നും നടൻ പറഞ്ഞിരുന്നു. ആ സമയത്ത് തനിക്ക് വേറൊരു പ്രണയം ഉണ്ടായിരുന്നുവെന്നും നടൻ തുറന്നു സമ്മതിച്ചിരുന്നു.
വേറൊരാളുടെ ചിന്താ മണ്ഡലങ്ങൾ ഭരിക്കുന്ന പ്രണയബന്ധങ്ങളിൽ ഏർപ്പെടാൻ തനിക്ക് താത്പര്യമില്ലെന്നാണ് പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ നടന്റെ അന്നത്തെ മറുപടി. പ്രണയത്തിലാവാൻ താത്പര്യമില്ലെന്നതിനേക്കാൾ തനിക്കത് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ലെന്നും, കാഴ്ചകൾ കൊണ്ടും സംസാരം കൊണ്ടും ആദ്യം അടുക്കുമെങ്കിലും പിന്നീട് അതിനപ്പുറത്തേക്ക് കടക്കുന്നില്ലെന്നും നടൻ പറഞ്ഞു. ‘ഭാര്യയും കുഞ്ഞും സുഖമായിരിക്കുന്നു. രണ്ട് പേർ വേർപിരിഞ്ഞ് കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽ നിന്ന് വളരുന്നതാണ് നല്ലത്. അല്ലെങ്കിൽ പത്ത് ദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ബാക്കി ദിവസം ഇവിടെ നിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും’ എന്നുമായിരുന്നു നടൻ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ALSO READ: എമ്പുരാനിൽ ആ കഥാപാത്രം ഞാൻ ആകണമെന്ന് ആഗ്രഹിച്ചിരുന്നു, പൃഥ്വിരാജിനോട് ചാൻസും ചോദിച്ചു: അജു വർഗീസ്
പിന്നീട്, സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും മോഡലായ തനൂജയും തമ്മിലുള്ള പ്രണയവും വിവാഹ നിശ്ചയവും. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കു ശേഷമായിരുന്നു ഇരുവരും 2025ന്റെ തുടക്കത്തിൽ മോതിരം കൈമാറിയത്. എന്നാൽ, വിവാഹം എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നു. കുറച്ചു നാളുകൾ ഇരുവരെയും ഒന്നിച്ച് കാണാതിരുന്നതോടെ ഇവരുടെ ബ്രേക്കപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായി. പിന്നാലെ ബ്രേക്കപ്പ് വാർത്തകൾ ശരിവെച്ചു കൊണ്ട് തനൂജ തന്നെ രംഗത്തെത്തുകയായിരുന്നു. തുടർന്ന്, വിശദീകരണവുമായി ഷൈനും എത്തി.
“ഞാൻ വീണ്ടും സിംഗിൾ ആണ്. ജീവിതത്തിൽ ഇനിയും ഒരു പെണ്ണ് വേണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടേയില്ല. എന്നെ കൊണ്ട് സാധിക്കാത്ത ഒരു കാര്യമാണിത്. പ്രണയത്തോടും താല്പര്യം ഇല്ല. അതിലേക്ക് വീണ്ടും വീണ്ടും ചെന്ന് പെടുന്നതാണ്. മാനസിക ബലഹീനതയാകാം. ഒരു പ്രണയം മുന്നോട്ട് കൊണ്ട് പോകാൻ എന്നെ കൊണ്ട് കഴിയില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. എനിക്കും ആ വ്യക്തിയ്ക്കും അതുമൂലം ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. എന്റെ കൂടെ തന്നെ നിൽക്കണം എന്ന് പറഞ്ഞ് അയാളെ പിടിച്ചു നിർത്താൻ സാധിക്കില്ല” എന്നായിരുന്നു ബ്രേക്കപ്പിന് ശേഷം കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ ഷൈൻ ടോം ചാക്കോ പറഞ്ഞത്.