Shine Tom Chacko: ‘ഹോട്ടലിൽ പോയത് മറ്റൊരാളെ തേടി; ഷൈൻ എന്തിനാണ് ഓടിയതെന്ന് അറിയില്ല, കേസെടുത്തിട്ടില്ല; പോലീസ്
Shine Tom Chacko Hotel Raid: ഷൈനിനെതിരെ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും തുടർ നടപടികൾ പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷമെടുക്കുമെന്നും പറഞ്ഞ എസിപി വിൻസിയുടെ മൊഴിയെടുക്കേണ്ട ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു.

കൊച്ചി: പോലീസ് പരിശോധനക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും കടന്നു കളഞ്ഞ സംഭവത്തിൽ വിശദീകരണവുമായി പോലീസ്. ഡാൻസാഫ് സംഘം ഹോട്ടലിൽ എത്തിയത് ഷൈനിനെ അന്വേഷിച്ചല്ലെന്നും പകരം മറ്റൊരു ലഹരി കച്ചവടക്കാരനെ തേടിയാണെന്നും നർകോട്ടിക്സ് എസിപി അബ്ദുൽ സലാം വ്യക്തമാക്കി.
‘ഷൈനിനെ തേടിയല്ല പോലീസ് ഹോട്ടലിൽ എത്തിയത്. അവിടെയെത്തിയ സമയം ഷൈനും ആ ഹോട്ടലിൽ റൂം എടുത്തിട്ടുണ്ടെന്ന് യാതൃശ്ചികമായി അറിയാൻ കഴിഞ്ഞു. അപ്പോൾ ആ റൂം കൂടി പരിശോധിച്ചു. ഷൈൻ ഓടി പോയത് എന്തിനാണെന്ന് അറിയില്ല. പരിശോധനയിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ല. ചോദ്യം ചെയ്താൽ മാത്രമേ ഓടി പോയത് എന്തുകൊണ്ടാണെന്ന് വ്യക്തമാവുകയുള്ളൂ’ എസിപി പറഞ്ഞു.
ഷൈനിനെതിരെ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും തുടർ നടപടികൾ പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷമെടുക്കുമെന്നും പറഞ്ഞ എസിപി വിൻസിയുടെ മൊഴിയെടുക്കേണ്ട ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു. അതേസമയം, ചോദ്യം ചെയ്യലിനായി ഷൈനിന് നോട്ടീസ് അയക്കാൻ കൊച്ചി പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ഡാൻസാഫ് സംഘം പരിശോധനയ്‌ക്കെത്തിയത് അറിഞ്ഞ് ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നാണ് ഷൈൻ ചാടി ഓടിയത്. നോർത്ത് പാലത്തിന് സമീപത്തുള്ള ഹോട്ടലിൽ നിന്നാണ് നടൻ കടന്നു കളഞ്ഞത്. മൂന്നാം നിലയിലെ മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് പോർച്ചിന് മുകളിലുള്ള സ്വിമിങ് പൂളിലേക്കും ചാടുകയായിരുന്നു. അവിടെ നിന്ന് സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ALSO READ: നിങ്ങൾ അങ്ങനെ വിചാരിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല, ഇത് കോമഡിയല്ല കുറ്റകൃത്യമാണ്
ഹോട്ടലിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും വില്പനക്കാരിൽ ഒരാൾ താമസിക്കുന്നുണ്ടെന്നും രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡാൻസാഫ് സംഘം ബുധനാഴ്ച രാത്രി 10.40 ഓടെ ഹോട്ടലിൽ എത്തിയത്. ഷൈനിന്റെ പേരിലെടുത്ത മുറിയിൽ ബെൽ അടിച്ചപ്പോൾ തുറന്നത് മേക്കപ്പ്മാനായ മുർഷിദാണ്. അനന്തകൃഷ്ണൻ എന്നൊരാളും മുറിയിൽ ഉണ്ടായിരുന്നു. ഷൈൻ അവിടെ ഉണ്ടായിരുന്നുവെന്ന് ഇരുവരും സമ്മതിച്ചു. ഡോർ ലെന്സിലൂടെയാണ് പോലീസ് എത്തിയ വിവരം ഷൈൻ മനസിലാക്കിയതെന്ന് പോലീസ് പറയുന്നു.