Shine Tom Chacko: ഷൈൻ ആന്റിഡോട്ട് ഉപയോഗിച്ചോ? അടുത്ത ചോദ്യം ചെയ്യൽ കൂടിയാലോചനയ്ക്ക് ശേഷം, ഇന്ന് ഹാജരാകേണ്ട
Shine Tom Chacko Controversial drug case: ലഹരി കണ്ടെത്താതിരിക്കാനുള്ള ആന്റിഡോട്ടുകൾ നടൻ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പൊലീസിന്റെ സംശയം. പൊലീസ് ചുമത്തിയ വകുപ്പുകൾ വളരെ ദുർബലമാണെന്നും താരത്തിൻ്റെ പക്കൽ നിന്ന് ലഹരി കണ്ടെടുക്കാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നുമാണ് ഷൈനിൻ്റെ അഭിഭാഷകർ പറയുന്നത്.

കൊച്ചി: ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. കൂടിയാലോചനയ്ക്ക് ശേഷമാകും ചോദ്യം ചെയ്യൽ എന്ന് വേണമെന്ന് തീരുമാനിക്കുക. ഇന്ന് പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുക.
നിലവിൽ ഷൈനിൻ്റെ മൊഴികൾ വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിൻറെ തീരുമാനം. കഴിഞ്ഞ തവണ ചോദ്യം ചെയ്യലിന് ശേഷം 22ന് ഹാജരാകണമെന്ന് അന്വേഷണ സംഘം നടന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ആ തീയതി അസൗകര്യം ഉണ്ടെന്നും പകരം 21ന് ഹാജരാകാമെന്ന് ഷൈൻ അറിയിച്ചതിനെ തുടർന്ന് പൊലീസ് സമ്മതിക്കുകയായിരുന്നു. എന്നാൽ പിന്നീട്, ഷൈൻ ഇന്ന് ഹാജരാകേണ്ടെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ താൻ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് നടൻ സമ്മതിച്ചിരുന്നു. തുടർന്ന് വൈദ്യ പരിശോധനയും നടത്തി. എന്നാൽ ലഹരി കണ്ടെത്താതിരിക്കാനുള്ള ആന്റിഡോട്ടുകൾ നടൻ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പൊലീസിന്റെ സംശയം.
അതേസമയം, ശാസ്ത്രീയ പരിശോധനയിൽ ലഹരി ഉപയോഗം തെളിഞ്ഞില്ലെങ്കിൽ എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കാനാണ് ഷൈന്റെ നീക്കം. പൊലീസ് ചുമത്തിയ വകുപ്പുകൾ വളരെ ദുർബലമാണെന്നും താരത്തിൻ്റെ പക്കൽ നിന്ന് ലഹരി കണ്ടെടുക്കാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നുമാണ് ഷൈനിൻ്റെ അഭിഭാഷകർ പറയുന്നത്. ലഹരിക്കേസിൽ പ്രതി ചേർക്കപ്പെട്ട നടൻ ഷൈൻ ടോം ചാക്കോക്കെതിരെ എൻഡിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കൽ വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഹോട്ടലിൽ നടത്തിയ ലഹരി പരിശോധനയ്ക്കിടെ നടൻ ഓടി രക്ഷപ്പെട്ടത്. തുടർന്ന് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നടന് നോട്ടീസ് അയച്ചു. 48 മണിക്കൂറിന് ശേഷം ഷൈൻ ഹാജരായി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും വൈകിട്ടോടെ ഷൈന് ജാമ്യം ലഭിച്ചിരുന്നു.