Shine Tom Chacko: ഷൈൻ ടോം ചാക്കോ കൊക്കെയ്ന്‍ കേസ്; കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍
Shine Tom Chacko Cocaine Case: കേസിൽ ഷൈനെ കുറ്റവിമുക്തനാക്കിയത് അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടിയാണ് നൽകിയത്. അന്വേഷണം പൂർത്തിയാക്കിയത് നടപടി ക്രമങ്ങള്‍ പാലിക്കാതെ ആണെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊച്ചി: കൊക്കെയ്ൻ കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിക്കുക. വിചാരണക്കോടതി ഉത്തരവ് പരിശോധിച്ച ശേഷം പ്രൊസിക്യൂഷന്‍ തീരുമാനമെടുക്കും.
കേസിൽ ഷൈനെ കുറ്റവിമുക്തനാക്കിയത് അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടിയാണ് നൽകിയത്. അന്വേഷണം പൂർത്തിയാക്കിയത് നടപടി ക്രമങ്ങള്‍ പാലിക്കാതെ ആണെന്നും കോടതി ചൂണ്ടിക്കാട്ടി. പിടിച്ചെടുത്ത കൊക്കെയ്‌ന്റെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിക്കാനോ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്താനോ അന്വേഷണ സംഘം തയ്യാറായില്ലെന്നും നടനും സുഹൃത്തുക്കളും കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിച്ചില്ലെന്നും തുടങ്ങി അന്വേഷണ സംഘത്തിന്റെ വീഴ്ചകള്‍ വിചാരണക്കോടതി എണ്ണിപ്പറഞ്ഞിരുന്നു.
2015 ജനുവരിയിലായിരുന്നു കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിലാവുന്നത്. കൊച്ചിയില്‍ നിശാ പാര്‍ട്ടിയില്‍ ലഹരി ഉപയോഗിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ നടനും സുഹൃത്തുക്കളും പിടിയിലാവുകയും കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസായി ഇത് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കേസിൽ ഷൈൻ മാസങ്ങള്‍ നീണ്ട ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.
അതേസമയം, ലഹരി മരുന്ന് പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട ഷൈനിന് ഇന്ന് പൊലീസ് നോട്ടീസ് അയക്കും. പരിശോധനക്കിടെ ഓടിപ്പോയത് എന്തിനാണെന്ന് താരം നേരിട്ടെത്തി വിശദീകരിക്കണം. സിറ്റി പൊലീസ് കമ്മിഷണര്‍ക്കു മുന്നില്‍ ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നും ആവശ്യപ്പെടും. ഷൈനിനെ ഫോണില്‍ കിട്ടാത്തതിനാല്‍ തൃശൂരിലെ വീട്ടിലേക്ക് നോട്ടീസ് എത്തിക്കാനാണ് തീരുമാനം.