Shine Tom Chacko Drug Case : രാസലഹരിയും കഞ്ചാവും സ്ഥിരമായി ഉപയോഗിക്കും; കൂത്താട്ടുകുളത്തെ ഡി-അഡിക്ഷൻ സെൻ്ററിൽ ചികിത്സയും തേടിയെന്ന് ഷൈൻ ടോം ചാക്കോ
Shine Tom Chacko Drug Case Update : കുറ്റസമ്മത മൊഴിലാണ് ഷൈൻ ടോം ചാക്കോ രാസലഹരി സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത്. ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസിൻ്റെ പിടിയിലായ തസ്ലിമയെ തനിക്ക് അറിയാമെന്ന് നടൻ വ്യക്തമാക്കി

കൊച്ചി : താൻ രാസലഹരിയായ മെത്താംഫെറ്റിനും കഞ്ചാവും സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്ന് പോലീസിനോട് കുറ്റസമ്മതം നടത്തി നടൻ ഷൈൻ ടോ ചാക്കോ. ഇന്ന് ഏപ്രിൽ 19-ാം തീയതി ശനിയാഴ്ച എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം ഹോട്ടലിൽ നിന്നും ഓടിപ്പോയ ദിവസം താൻ ലഹരി ഉപയോഗിച്ചിട്ടില്ലയിരുന്നുയെന്നാണ് നടൻ പോലീസിനോട് അറിയിച്ചിരിക്കുന്നത്.
ലഹരിക്ക് അടിമയായതോടെ താൻ കൂത്താട്ടുകുളത്തെ ഒരു ഡി-അഡിക്ഷൻ സെൻ്ററിൽ ചികിത്സ തേടിയെന്നും നടൻ അറിയിച്ചു. തൻ്റെ പിതാവാണ് ചികിത്സയ്ക്കായി ഡി-അഡിക്ഷൻ കേന്ദ്രത്തിൽ കൊണ്ടുവിട്ടത്. എന്നാൽ ചികിത്സ പൂർത്തിയാക്കുന്നതിന് മുമ്പ് 12-ാം ദിവസം അവിടെ നിന്നും മടങ്ങിയെന്നും ഷൈൻ ടോം ചാക്കോ തൻ്റെ മൊഴിൽ പറഞ്ഞു.
എന്നാൽ നടനെതിരെ കേസെടുക്കാൻ കാരണമായത് കൊച്ചിയിലെ ലഹരി ഇടപാടുകാരനായ സജീറുമായിട്ടുള്ള ബന്ധമാണ്. ഈ സജീറിനെ തേടി പോലീസെത്തിയപ്പോഴാണ് നടൻ ഹോട്ടലിൽ നിന്നും ചാടി ഓടിപ്പോയത്. അന്നേദിവസം സജീറിന് ഗുഗിൾ പേ വഴി ഷൈൻ 20,000 രൂപ പണമിടപാട് നടത്തിയതായി പോലീസ് കണ്ടെത്തി. കൂടാതെ മറ്റ് ഫോൺവിളി രേഖകളും പോലീസ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഡാൻസാഫ് സംഘം ഹോട്ടലിൽ പരിശോധന നടത്തുമ്പോൾ തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് നടൻ ഓടിപ്പോയതെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.




സജീറിന് പുറമെ ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്ലിമയെ തനിക്ക് പരിചയമുണ്ടെന്നും ഷൈൻ ടോം ചാക്കോ പോലീസിനെ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ എക്സൈസാണ് തസ്ലിമയെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടികൂടുന്നത്. ഷൈന് പുറമെ സിനിമ താരം ശ്രീനാഥ് ഭാസിയുടെ പേരും തസ്ലിമ എക്സൈസിനോട് അറിയിച്ചിരുന്നു.
അതേസമയം ലഹരി ഉപയോഗം, ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചു എന്ന എൻഡിപിഎസ് ആക്ടിലെ 27,29 (1) പ്രകാരമാണ് ഷൈൻ ടോം ചാക്കോയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് നടനെതിരെ എഫ്ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്തതിന് ശേഷം ഷൈനിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയത്. കായികതാരങ്ങൾക്കുള്ള ഡോപ്പിങ് പരിശോധനയ്ക്കാണ് ഷൈനെ വിധേയനാക്കിയത്. നഖം, മുടി, സ്രവം എന്നിവ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.