Shalu Menon: ‘ഒരു നടിയെന്ന നിലയിലുള്ള പരിഗണന ജയിലില്‍ ലഭിച്ചില്ല, തറയില്‍ പാ വിരിച്ചാണ് കിടന്നത്, ഞാന്‍ തെറ്റ് ചെയ്തിട്ടില്ല’: ശാലു മേനോന്‍
Shalu Menon's Latest Interview: ചങ്ങനാശേരിയിലുള്ള ശാലുവിന്റെ വീട് നിര്‍മ്മിച്ച് നല്‍കിയത് ബിജു രാധാകൃഷ്ണനാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ജയില്‍ വാസത്തിനും വിവാദങ്ങള്‍ക്കും പിന്നാലെ സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം ഇപ്പോള്‍ സീരിയലുകളിലൂടെ വീണ്ടും സജീവമായിരിക്കുകയാണ്.
1998ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് ശാലു മേനോന്‍. പിന്നീട് മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരം പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേക്കേറിയത് വളരെ പെട്ടെന്നായിരുന്നു. നടി മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജയില്‍ വാസവും ശാലുവിന് അനുഭവിക്കേണ്ടി വന്നിരുന്നു. സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് പണം തട്ടിയെന്നതാണ് ശാലുവിനെതിരായ ആരോപണം.
കേസിലെ രണ്ടാം പ്രതിയായ ശാലു അറസ്റ്റിലാവുകയും ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിരുന്നു. ചങ്ങനാശേരിയിലുള്ള ശാലുവിന്റെ വീട് നിര്‍മ്മിച്ച് നല്‍കിയത് ബിജു രാധാകൃഷ്ണനാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ജയില്‍ വാസത്തിനും വിവാദങ്ങള്‍ക്കും പിന്നാലെ സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം ഇപ്പോള്‍ സീരിയലുകളിലൂടെ വീണ്ടും സജീവമായിരിക്കുകയാണ്.
സീരിയലുകള്‍ക്ക് പുറമെ സോഷ്യല്‍ മീഡിയയിലും നൃത്തപരിശീലനത്തിലും ശാലു സജീവമായി കഴിഞ്ഞു. താന്‍ അനുഭവിച്ച നാല്‍പത്തിയൊമ്പത് ദിവസത്തെ ജയില്‍ വാസത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തനിക്ക് ഒരു കഷ്ടകാലം വന്നപ്പോള്‍ ആരൊക്കെ കൂടെ നില്‍ക്കുമെന്ന് മനസിലായെന്നും എല്ലാവരെയും വിശ്വസിക്കുന്ന സ്വഭാവം മാറിയെന്നും മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ശാലു പറയുന്നു.
അപ്പൂപ്പനാണ് നൃത്തം പഠിപ്പിച്ചത്. ഞാന്‍ ആദ്യമായി ചെയ്ത സീരിയലില്‍ യക്ഷി വേഷമായിരുന്നു. പിന്നീട് ദേവി കഥാപാത്രങ്ങള്‍ ലഭിച്ചുതുടങ്ങി. പൊതുവേ ഞാന്‍ എല്ലാവരെയും അമിതമായി വിശ്വസിക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ പല സംഭവങ്ങളും ലൈഫിലുണ്ടായി. അതോടെ പാഠം പഠിച്ചു, എനിക്ക് ഈശ്വരാനുഗ്രഹമുള്ളതായിട്ട് തോന്നിയിട്ടുണ്ട്.
എന്റെ വിഷമഘട്ടത്തില്‍ കൂടെ നിന്നത് അമ്മയും അമ്മൂമ്മയും എന്റെ സ്റ്റുഡന്റ്‌സും അവരുടെ പാരന്റ്‌സും മാത്രമാണ്. സിനിമയിലൊക്കെ കാണുന്ന കാര്യങ്ങളാണ് ഞാന്‍ എന്റെ ജീവിതത്തില്‍ അനുഭവിച്ചത്. ജയില്‍ കിടന്നതിന്റെ പേരില്‍ പല സീരിയലുകളില്‍ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ വിഷമിച്ചിരിക്കേണ്ട കാര്യവും ഇല്ല. അന്ന് പല തരത്തിലുള്ള ആളുകളെ ജയിലില്‍ വെച്ച് കണ്ടിരുന്നു.
നാല്‍പ്പത്തിയൊമ്പത് ദിവസമാണ് ഞാന്‍ ജയിലില്‍ കിടന്നത്. അന്ന് പലരുടെയും വിഷമങ്ങള്‍ മനസിലാക്കാന്‍ പറ്റി. നടി എന്ന രീതിയിലുള്ള പരിഗണനയൊന്നും അവിടെ ലഭിച്ചിരുന്നില്ല. എല്ലാവരെയും പോലെ തറയില്‍ പാ വിരിച്ചാണ് ഉറങ്ങിയത്. എന്റെ കൂടെ സെല്ലില്‍ ഒരാള്‍ മാത്രമായിരുന്നു താമസിച്ചിരുന്നത്. ഒരു പ്രായമായ അമ്മ, നാല് വര്‍ഷമായിട്ട് അവര്‍ അവിടെയുണ്ട്. അവരുടെ മകന് അമ്മയെ വേണ്ട, അതുകൊണ്ടാണ് അവര്‍ ജയിലില്‍ തന്നെ തുടരുന്നത്.
എന്റെ അറസ്റ്റുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അന്ന് ന്യൂസ് കവര്‍ ചെയ്യാന്‍ വന്നവര്‍ക്കെല്ലാം ഞാന്‍ ചായ കൊടുത്തിരുന്നു. എന്നെ അറസ്റ്റ് ചെയ്യുമോയെന്ന് പേടിച്ച് കുടുംബക്കാരൊക്കെ മാറിനിന്നു. സത്യത്തില്‍ തന്റെ ജീവിതം ഒരു ബുക്കാക്കി മാറ്റാമെന്നും ശാലു പറഞ്ഞു.
അതേസമയം, ശാലുവിനെതിരെ ആരോപണങ്ങളുമായി മുന്‍ ഭര്‍ത്താവും നടനുമായ സജി നായര്‍ രംഗത്തെത്തിയിരുന്നു. 2016ലാണ് സജിയും ശാലുവും വിവാഹിതരയായത്. എന്നാല്‍ 2022ല്‍ ഇരുവരും പിരിയാന്‍ പോകുന്നവെന്ന വാര്‍ത്ത പുറത്തുവന്നു. ശാലു തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ തന്നെ മുഴുവനായും ശാലു നശിപ്പിച്ചുവെന്നാണ് സജി പ്രതികരിച്ചത്.