5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shalu Kurian: നായിക ആണെങ്കില്‍ ബോള്‍ഡായിരിക്കണം; കരഞ്ഞിരിക്കുന്നതും സഹതാപം കിട്ടുന്നതുമായ കഥാപാത്രങ്ങളോട് എനിക്ക് താത്പര്യമില്ല: ഷാലു കുര്യന്‍

Actress Shalu Kurian Interview: ചന്ദനമഴയിലെ വര്‍ഷയെ പോലെ തന്നെ ആ കഥാപാത്രവും എല്ലാവരും തിരിച്ചറിഞ്ഞ ഒന്നാണ്. ആ കഥാപാത്രം ചെയ്യുന്നതിനായി എന്നെ ആദ്യം വിളിക്കുന്നത് മഞ്ജു പിള്ളയാണ്. ഇങ്ങനെയൊരു ക്യാരക്ടര്‍ വരുന്നുണ്ട് നിനക്ക് ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ചു. അപ്പോഴെനിക്കൊരു സംശയമുണ്ടായിരുന്നു...

Shalu Kurian: നായിക ആണെങ്കില്‍ ബോള്‍ഡായിരിക്കണം; കരഞ്ഞിരിക്കുന്നതും സഹതാപം കിട്ടുന്നതുമായ കഥാപാത്രങ്ങളോട് എനിക്ക് താത്പര്യമില്ല: ഷാലു കുര്യന്‍
shiji-mk
SHIJI M K | Updated On: 02 Aug 2024 14:56 PM

നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ഷാലു കുര്യന്‍. മിനിസ്‌ക്രീന്‍ താരമായി അഭിനയ ജീവിതം ആരംഭിച്ച ഷാലു ചെയ്ത ഒട്ടുമിക്ക കഥാപാത്രങ്ങളേയും പ്രേക്ഷകര്‍ ഇന്നും നെഞ്ചേറ്റുന്നുണ്ട്. തന്റെ അഭിനയ ജീവിതത്തെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും മനസുതുറക്കുകയാണ് ഷാലു ടിവി9 ഡയലോഗ് ബോക്‌സില്‍.

ഷാലു കുര്യന്‍ എന്ന പേര് പറഞ്ഞാല്‍ അറിയാത്തവര്‍ക്ക് പോലും ചന്ദനമഴയിലെ വര്‍ഷയെ അറിയാം. വര്‍ഷയ്ക്ക് ലഭിച്ച സ്വീകാര്യത വളരെ വലുതാണ്…

ഞാന്‍ അഭിനയ ജീവിതം ആരംഭിച്ചിട്ട് ഏകദേശം 20 വര്‍ഷത്തിന് അടുത്തായി. ഒരുപാട് സീരിയലുകളുടെ ഭാഗമായിട്ടുണ്ട്, എന്നാലും ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ക്ക് എന്നെ അറിയാം എന്നല്ലാതെ പുറത്ത് ആര്‍ക്കും എന്നെ അറിയില്ലായിരുന്നു. അങ്ങനെ പുറത്തറിയാന്‍ വേണ്ടിയുള്ള കഥാപാത്രങ്ങളൊന്നും ഞാന്‍ ചെയ്തിട്ടില്ലായിരുന്നു. എന്നെ ആളുകള്‍ തിരിച്ചറിഞ്ഞൊരു സീരിയല്‍ സരയു ആണ്. അതിലും വില്ലത്തി വേഷം തന്നെയായിരുന്നു. ആ സീരിയല്‍ കണ്ടിട്ടാണ് ജയകുമാര്‍ സാര്‍ ചന്ദനമഴയില്‍ വര്‍ഷ എന്ന കഥാപാത്രം ചെയ്യാന്‍ എന്നെ വിളിക്കുന്നത്. വര്‍ഷയുടെ പ്രത്യേക എന്താണെന്ന് വെച്ചാല്‍, ഞാന്‍ ഡിഗ്രി പഠിക്കുന്ന സമയംതൊട്ട് ചന്ദനമഴയുടെ ഹിന്ദി പതിപ്പ് കാണാറുണ്ടായിരുന്നു. അതിലുള്ള വില്ലത്തി കഥാപാത്രത്തോട് എനിക്കൊരു ഇഷ്ടവും ഉണ്ടായിരുന്നു. ആ സമയത്ത് ഡിഗ്രി പഠിക്കാന്‍ ഞാന്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒന്നുമാറി നില്‍ക്കുകയായിരുന്നു. ആ സീരിയല്‍ ഒരിക്കലും എടുക്കുമെന്നോ എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രം തന്നെ ചെയ്യാന്‍ സാധിക്കുമെന്നോ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. എനിക്കാണേല്‍ ഹിന്ദി അറിയുകയും ഇല്ല. എന്റെ ക്ലാസില്‍ സെക്കന്റ് ലാഗ്വേജ് ഹിന്ദി എടുത്തിട്ടുള്ളൊരു കുട്ടിയുണ്ടായിരുന്നു. അവളാണ് ഇതെല്ലാം മലയാളത്തിലേക്ക് പറഞ്ഞുതന്നിരുന്നത്. ഡിഗ്രി കഴിഞ്ഞ് രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചന്ദനമഴയിലേക്ക് വിളിക്കുന്നത്.

ഷാലു കുര്യന്‍

കുറച്ചുനാളായിട്ട് സോഷ്യല്‍ മീഡിയയില്‍ ചന്ദനമഴയാണ് സംസാര വിഷയം. ആ സീരിയല്‍ ഇറങ്ങിയ കാലത്ത് കാണാതിരുന്നവര്‍ പോലും ഇന്നത് കണ്ട് അഭിപ്രായം പറയുന്നു…

ഒരു സീരിയല്‍ അവസാനിച്ച് എട്ടോ ഒന്‍പതോ വര്‍ഷത്തിന് ശേഷം വീണ്ടും അത് ചര്‍ച്ചാവിഷയമാവുക ആദ്യ എപ്പിസോഡ് മുതല്‍ ആളുകള്‍ കാണുന്നു ഇതിന് മുമ്പ് ഇങ്ങനെയൊരു കാര്യം നടന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. ആദ്യം ആ സീരിയലിലെ പല ഡയലോഗുകളും എടുത്ത് ട്രോളാക്കിയാണ് വന്നുകൊണ്ടിരുന്നത്. ഈ ട്രോളാക്കിയ ഡയലോഗുകള്‍ നമ്മള്‍ മലയാളികള്‍ക്ക് അന്നേ ദഹിക്കില്ലായിരുന്നു, പിന്നെ അന്ന് സോഷ്യല്‍ മീഡിയ ഇന്നത്തേത് പോലെ സജീവമല്ലാത്തതുകൊണ്ടാണ് അധികം വിമര്‍ശനങ്ങള്‍ വരാതിരുന്നത്. ട്രോള്‍സ് ഉണ്ടെങ്കിലും അതിന് ഒരു പരിധിയുണ്ടായിരുന്നു. ഇന്ന് ട്രോളുകളുടെ അതിപ്രസരം വളരെ വലുതാണ്. ആദ്യം ട്രോളില്‍ തുടങ്ങി, പിന്നെ ആളുകള്‍ക്ക് സീരിയലിനോട് ഒരു അഡിക്ഷനായി, ആര്‍ട്ടിസ്റ്റുകള്‍ പോലും എന്നെ വിളിച്ചിട്ട് പറയാറുണ്ട് രാത്രിയൊക്കെ ഇരുന്ന് ഇത് കാണുകയാണെന്ന്. ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നവര്‍ക്ക് പോലും ഇതൊരു അഡിക്ഷനായി മാറികഴിഞ്ഞു. ഈ ഞാനും ഇത് കാണുന്നുണ്ട്. ചില സീനുകള്‍ ചെയ്തതായി എനിക്ക് ഓര്‍മപോലുമില്ല. ആളുകള്‍ വീണ്ടും കാണുന്നതിലും അതിനെ കുറിച്ച് സംസാരിക്കുന്നതിലുമെല്ലാം ഒരുപാട് സന്തോഷം.

അന്ന് വര്‍ഷ എന്ത് ക്രൂരയാണ് എന്ന് പറഞ്ഞയാളുകള്‍ ഇന്ന് ആ വീട്ടില്‍ ആകെ നോര്‍മലായിട്ടുള്ളത് വര്‍ഷയാണെന്നാണ് പറയുന്നത്…

സത്യം പറഞ്ഞാല്‍ എനിക്ക് വിഷമമുണ്ട്, നമ്മുടെ അവസ്ഥ ഇന്നതാണ്, അന്ന് അങ്ങനെയല്ല. അമൃതയെ എല്ലാവരും സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്നതും ഇത്രയും ക്രൂരയായ എന്നെ സപ്പോര്‍ട്ട് ചെയ്യാതെ ഇരുന്നതും അന്നത്തെ നമ്മുടെ കേരളത്തിന്റെ അവസ്ഥ അതായതുകൊണ്ടാണ്. പക്ഷെ ഇന്ന് വര്‍ഷയെ പോലെ കാര്യങ്ങള്‍ തുറന്നുപറയുന്ന പെണ്‍കുട്ടികളാണ് വേണ്ടത്. ഈ കാലഘട്ടത്തിന് അത് അനിവാര്യമാണ്, അല്ലെങ്കില്‍ അവരുടെ ജീവന്‍ പോലും അപകടത്തില്‍പ്പെട്ടേക്കാം. വര്‍ഷ സംസാരിക്കുന്നതുപോലെ സംസാരിക്കണം. നോ പറയേണ്ടിടത്ത് നോ പറയണം അല്ലെങ്കില്‍ ആളുകള്‍ തലയില്‍ കയറി ഇരിക്കും. ആളുകളുടെ മനസിലേക്ക് അങ്ങനൊരു ചിന്ത വന്നത് നല്ലകാര്യം.

നെഗറ്റീവ് റോളുകള്‍ ചെയ്യുമ്പോഴാണോ അഭിനയിക്കാന്‍ കുറച്ചുകൂടി സാധ്യതയുള്ളത്?

എനിക്ക് അതാണ് ഇഷ്ടം, ഇനിയിപ്പോള്‍ നായിക ആണെങ്കില്‍ ഭയങ്കര ബോള്‍ഡായിരിക്കണം. കരഞ്ഞിരിക്കുന്നതും സഹതാപം കിട്ടുന്നതുമായ കഥാപാത്രങ്ങളോട് എനിക്ക് താത്പര്യമില്ല. എനിക്ക് ഫ്‌ളെക്‌സിബിള്‍ ആയി ചെയ്യാന്‍ പറ്റുന്നത് ഒന്നുകില്‍ നെഗറ്റീവ് അല്ലെങ്കില്‍ ബോള്‍ഡായിട്ടുള്ളതാണ്. ഞാന്‍ നായിക വേഷങ്ങള്‍ ചെയ്തിട്ടുണ്ട്, ചട്ടമ്പി കല്യാണി എന്നൊരു സീരിയല്‍ ചെയ്തിരുന്നു. അത് അങ്ങനെ ആരും കണ്ടിട്ടുണ്ടാകില്ല. അതില്‍ വളരെ ബോള്‍ഡായിട്ടുള്ളൊരു കഥാപാത്രമായിരുന്നു, കരച്ചിലും പിഴിച്ചിലുമൊന്നുമില്ല. കുടുംബപോലീസ് എന്ന സീരിയലില്‍ കോമഡി ടച്ചുള്ളൊരു നായികവേഷമായിരുന്നു.

ചന്ദനമഴ ചെയ്തതിന് ശേഷം ജീവിതത്തില്‍ വന്നമാറ്റങ്ങള്‍ എന്തെല്ലാമാണ്?

ചന്ദനമഴയ്ക്ക് ശേഷമാണ് എന്നെ ആളുകള്‍ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട് വര്‍ഷ എന്ന പേരില്‍ തന്നെയാണ് ഞാന്‍ അറിയപ്പെടുന്നതും. എന്റെ യഥാര്‍ഥ പേര് അറിയാവുന്ന ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ പോലും എന്നെ വര്‍ഷ എന്നാണ് വിളിക്കാറ്. അവര്‍ക്ക് അതാണ് സന്തോഷം. എല്ലാ മാറ്റങ്ങളും ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്, ഇഷ്ടപ്പെടുന്നുണ്ട്.

തട്ടിം മുട്ടിം എന്ന പരമ്പരയിലേതും ശ്രദ്ധിക്കപ്പെട്ടൊരു കഥാപാത്രം തന്നെയായിരുന്നു…

ചന്ദനമഴയിലെ വര്‍ഷയെ പോലെ തന്നെ ആ കഥാപാത്രവും എല്ലാവരും തിരിച്ചറിഞ്ഞ ഒന്നാണ്. ആ കഥാപാത്രം ചെയ്യുന്നതിനായി എന്നെ ആദ്യം വിളിക്കുന്നത് മഞ്ജു പിള്ളയാണ്. ഇങ്ങനെയൊരു ക്യാരക്ടര്‍ വരുന്നുണ്ട് നിനക്ക് ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ചു. അപ്പോഴെനിക്കൊരു സംശയമുണ്ടായിരുന്നു, പൊതുവേ നമുക്കിടയില്‍ ഒരു പറച്ചിലുണ്ട്, ഒരു സീരിയലിന്റെ തുടക്കം മുതല്‍ക്കുള്ള കഥാപാത്രങ്ങള്‍ മാത്രമേ അവസാനം വരെയും ഉണ്ടാവുവെന്ന്. ഇടയ്ക്ക് വരുന്നവരുടെ എല്ലാം കഥാപാത്രങ്ങളെ എപ്പോള്‍ വേണമെങ്കില്‍ എടുത്തുകളയാം. എന്നെ വിളിക്കുമ്പോഴേക്ക് തട്ടിം മുട്ടിം തുടങ്ങിയിട്ട് പത്തുവര്‍ഷമായി. പത്തുവര്‍ഷത്തിന് ശേഷമാണ് എന്റെ കഥാപാത്രം എന്റര്‍ ചെയ്യുന്നത്. എന്തായാലും മഞ്ജു ചേച്ചി വിളിച്ചതല്ലെ എന്ന് കരുതി ആ കഥാപാത്രം ഏറ്റെടുക്കുകയായിരുന്നു. അതില്‍ ഡയലോഗ് ഒക്കെ ഓണ്‍ ദി സ്‌പോട്ടില്‍ പറയുന്നതാണ്, വേറെ ഡബ്ബിങ് കാര്യങ്ങളൊന്നുമില്ല, ഞാന്‍ ആദ്യമായിട്ടായിരുന്നു അത്തരമൊരു കഥാപാത്രം ചെയ്യുന്നത്. പക്ഷെ വിധുബാല എന്ന കഥാപാത്രത്തിന് അത്രയേറെ പ്രാധാന്യമുണ്ടെന്ന് പിന്നീടാണ് മനസിലായത്.

ഷാലു കുര്യന്‍

നൃത്തം ആണ് അഭിനയത്തിലേക്കുള്ള വഴി തുറന്നത്, എന്നാലത് അഭ്യസിച്ചത് ഏറെ വ്യത്യസ്തമായിട്ടാണ്…

എന്റെ അമ്മ പഠിപ്പിക്കുന്ന സ്‌കൂളിലേക്ക് പെട്ടെന്ന് എന്നെ മാറ്റി. അതുവരെ സ്റ്റേജില്‍ കയറാനോ ഡാന്‍സ് കളിക്കാനോ ഉള്ള താത്പര്യം ഞാന്‍ പ്രകടിപ്പിച്ചിട്ടില്ല. ഏഴാം ക്ലാസിലേക്ക് ആണ് ഞാന്‍ ആ സ്‌കൂളില്‍ ചേര്‍ന്നത്. അങ്ങനെ യൂത്ത് ഫെസ്റ്റിവലിന്റെ സമയം വന്നപ്പോള്‍ ഞാനെന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു എനിക്ക് ഡാന്‍സ് പഠിച്ചാല്‍ കൊള്ളാമെന്ന്. ഞാന്‍ അത് പറയാന്‍ കാത്തിരിക്കുകയായിരുന്നു അവര്‍. പിറ്റേദിവസം തന്നെ സാറിനേയും കൊണ്ടുവന്നു. എന്നാല്‍ പഠിക്കാന്‍ തുടങ്ങി ആദ്യ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് മടുത്തു. ശരീരം അങ്ങനാതെ ഇരുന്നതല്ലെ അത്രയും നാള്‍, അതുകൊണ്ട് നല്ല ബോഡി പെയിന്‍ ആയിരുന്നു. എന്നാല്‍ ക്ലാസ് നിര്‍ത്താന്‍ പറ്റില്ല, കാരണം സാറിന് ഒരു മാസത്തെ ഫീസ് നേരത്തെ കൊടുത്തിട്ടുണ്ട്. അങ്ങനെ രണ്ട് വര്‍ഷം ഫോക്ക്ഡാന്‍സ് തന്നെ പഠിച്ചു. ഒമ്പതാം ക്ലാസ് മുതലാണ് ക്ലാസിക്കല്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയത്. സാധാരണ എല്ലാവരും അടവുകളെല്ലാം പഠിച്ചതിന് ശേഷമാണ് വര്‍ണം പഠിക്കുക. പക്ഷെ എന്റേത് നേരെ തിരിച്ചായിരുന്നു, ഒരു ഡാന്‍സ് ഐറ്റം പഠിച്ചതിന് ശേഷമാണ് ഞാന്‍ സ്റ്റെപ്പുകള്‍ പഠിച്ചത്. യൂത്ത് ഫെസ്റ്റിവലിന് വേണ്ടിയാണ് ഇങ്ങനെ ധൃതി കാണിച്ച് പഠിച്ചത്. ഇതൊക്കെ കഴിഞ്ഞ ഒരു ദിവസം അച്ഛന്‍ പുറത്തുപോയി വന്നപ്പോഴാണ് വീടിനടുത്ത് ഷൂട്ടിങ് നടക്കുന്നുണ്ടെന്ന് പറഞ്ഞത്. അപ്പോ തോന്നി അഭിനയിച്ചാലോ എന്ന്, ഞാനത് വീട്ടില്‍ പറഞ്ഞു. എന്റെ വീട്ടുകാരും കലയോട് വലിയ ഇഷ്ടമുള്ളവരാണ്. അവര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തത് എല്ലാം എന്നിലൂടെ നേടിയെടുക്കണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. എനിക്ക് അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ തന്നെ അവര്‍ നേരെ എന്റെ ഡാന്‍സ് സാറിനോട് പറഞ്ഞു. സാറിന്റെ പരിചയത്തിലുള്ളൊരു സംവിധായകന്റെ ഡോക്യുമെന്ററിയിലാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. പിന്നെ നിരവധി അവസരങ്ങള്‍ ലഭിച്ചുതുടങ്ങി.

സിനിമയിലേക്കുള്ള എന്‍ട്രി എങ്ങനെയായിരുന്നു?

ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും, അതിലെനിക്ക് ഏറ്റവും രസകരമായൊരു കോള്‍ വന്നത് റോമന്‍സില്‍ നിന്നാണ്. ആ കഥാപാത്രം ചെയ്യുന്നതിനായി എന്നെ ആദ്യം വിളിച്ചത് പ്രൊഡ്യുസര്‍ അരുണ്‍ ഘോഷാണ്. അരുണ്‍ ഘോഷിന് എനിക്കറിയാവുന്നത് പാരിജാതം സീരിയലിലെ ഹീറോ എന്ന നിലയ്ക്കാണ്. ഫോണ്‍ വിളിച്ചിട്ട് അരുണ്‍ ഘോഷാണ് അറിയാമോ എന്ന് ചോദിച്ചു. ആ എനിക്ക് അറിയാം പാരിജാതത്തിലെ ഹീറോയല്ലെ എനിക്കറിയാം ചേട്ടാ എന്ന് ഞാന്‍ പറഞ്ഞു. ഹീറോ മാത്രമല്ല, ഞാനൊരു പ്രോഡ്യൂസര്‍ കൂടിയാണ് ഞാനാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി പ്രൊഡ്യൂസ് ചെയ്തത് എന്ന് തിരിച്ച് പറഞ്ഞു. പക്ഷെ ഞാന്‍ എനിക്കറിയില്ലെന്ന് പറഞ്ഞു. അദ്ദേഹം പ്രൊഡ്യൂസര്‍ എന്ന നിലയിലാണ് എന്നെ വിളിക്കുന്നത്, പക്ഷെ ഞാന്‍ ഇവിടെ നിന്ന് എനിക്കറിയില്ല എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. റോമന്‍സ് എന്നൊരു സിനിമ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും കൊടൈക്കിനാലിലാണ് ഷൂട്ട്, നാലഞ്ച് ദിവസം മതിയായിരിക്കും. ഡയലോഗുകള്‍ ഇല്ല. ബിജു മേനോന്റെ പെയര്‍ പോലെയാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ വരാമെന്നേറ്റു. അങ്ങനെ കൊടൈക്കിനാലിലെത്തി നാലഞ്ച് ദിവസം എന്നുപറഞ്ഞ ഷൂട്ട് അവിടുത്തെ കാലാവസ്ഥ കാരണം രണ്ട് മാസത്തേക്ക് നീണ്ടു. അവിടുത്തെ വീടുകളിലെത്തി പലഹാരങ്ങള്‍ വില്‍ക്കുന്നയാളിന്റേതാണ് എന്റെ വേഷം. ബിജു ചേട്ടന്റെ കഥാപാത്രത്തിന് എന്റെ കഥാപാത്രത്തോട് ഒരു അട്രാക്ഷന്‍ തോന്നുന്നു, പക്ഷെ ഡയലോഗുകള്‍ ഉണ്ടായിരുന്നില്ല.

Latest News