Shaji N Karun: ‘ആ ചെറുകഥ സിനിമയാക്കാൻ പ്ലാനുണ്ടായിരുന്നു, മോഹൻലാൽ ആയിരുന്നു നടൻ’; നടക്കാതെ പോയ സിനിമയെക്കുറിച്ച് ഷാജി എൻ കരുൺ
Shaji n karun About Gatha: ഷാജി എന്‍ കരുണിന്‍റെ അസോസിയേറ്റും തിരക്കഥാകൃത്തുമായ സജീവ് പാഴൂര്‍ 2017 ല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന തരത്തിൽ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. എന്നാൽ ആ സിനിമ ഉപേക്ഷിച്ചു എന്നാണ് ഷാജി എൻ കരുൺ പിന്നീട് പറഞ്ഞത്.

മലയാള സിനിമയെ ലോക സിനിമയ്ക്ക് മുൻപിൽ ഉയർത്തിക്കാട്ടിയ ഫിലിം മേക്കറാണ് ഷാജി എൻ കരുൺ. 1988ൽ സംവിധാനം ചെയ്ത ‘പിറവി’യിലൂടെ ഷാജി എൻ കരുൺ തുടക്കം കുറിക്കുന്നത്. മലയാള സിനിമയുടെ യശസ് ഉയർത്തിയ അദ്ദേഹം ഇനി ഓർമകൾ മാത്രം. ആദ്യ ചിത്രത്തിലൂടെ തന്നെ അന്താരഷ്ട്ര ഫിലിം ഫെസ്റ്റിവൽ വേദികളിൽ അദ്ദേഹം ശ്രദ്ധ നേടി. പിന്നീടങ്ങോട്ടേക്ക് സമ്മാനിച്ച് ഒരുപിടി നല്ല ചിത്രങ്ങൾ.
1999 ൽ ഷാജി എൻ കരുൺ-മോഹൻലാൽ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘വാനപ്രസ്ഥം’ അന്താരാഷ്ട്ര വേദികളിൽ മികച്ച പ്രശംസകൾ നേടിയിരുന്നു. ചിത്രത്തിൽ കുഞ്ഞികുട്ടൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. കഥകളി കലാകാരനായി മികച്ച പ്രകടനമാണ് ചിത്രത്തിൽ മോഹൻലാൽ നടത്തിയത്. അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ തന്നെ ഏറ്റവും നല്ല കഥാപാത്രമാണ് ഇത്. ചിത്രം മോഹൻലാലിന് മികച്ച നടനുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും നേടി കൊടുത്തിരുന്നു. കൂടാതെ മികച്ച എഡിറ്റിങ്ങിനും ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും വാനപ്രസ്ഥം സ്വന്തമാക്കി.
വാനപ്രസ്ഥത്തിന് ശേഷം ഷാജി എൻ കരുൺ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു എന്ന വാർത്തകൾ പിന്നീട് പ്രചരിച്ചിരുന്നു. ടി പത്മനാഭന്റെ ‘കടൽ’ എന്ന ചെറുകഥയെ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കാൻ നിന്നത്. ‘ഗാഥ’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഇതിനു ശേഷം എന്തുകൊണ്ടാണ് ‘ഗാഥ’ എന്ന സിനിമ നടക്കാതെ പോയത് എന്നതിനെ പറ്റി ഷാജി എൻ കരുൺ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഷാജി എന്‍ കരുണിന്‍റെ അസോസിയേറ്റും തിരക്കഥാകൃത്തുമായ സജീവ് പാഴൂര്‍ 2017 ല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന തരത്തിൽ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. എന്നാൽ ആ സിനിമ ഉപേക്ഷിച്ചു എന്നാണ് ഷാജി എൻ കരുൺ പിന്നീട് പറഞ്ഞത്. ആ സിനിമ നടക്കാതെ പോയതിന് പ്രധാന കാരണം പണത്തിന്‍റെ ദൗര്‍ലഭ്യം ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു.