Shaji N Karun: ഷാജി എൻ കരുണിൻ്റെ സംസ്കാരം ഇന്ന്; കലാഭവനിൽ പൊതുദർശനം
Shaji N Karun Funeral Today: വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ 'പിറവി'യിൽ വച്ചായിരുന്നു അന്ത്യം. കലാ - സാംസ്കാരിക രംഗത്തെ പ്രമുഖർ മരണത്തിൽ അനുശോചനം അറിയിച്ചു.

അന്തരിച്ച പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുണിന്റെ സംസ്കാരം ഇന്ന്. വൈകീട്ട് നാല് മണിക്ക് ശാന്തി കവാടത്തിലാണ് സംസ്കാരം. ഭൗതിക ശരീരം രാവിലെ 10.30 മുതൽ 12.30 വരെ കലാഭവനിൽ പൊതുദർശനത്തിന് വെക്കും. 73ാം വയസിലാണ് അന്ത്യം. കലാ – സാംസ്കാരിക രംഗത്തെ പ്രമുഖർ ഷാജി എൻ കരുണിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു.
വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ ‘പിറവി’യിൽ വച്ചായിരുന്നു അന്ത്യം. കാൻസർ രോഗബാധിതനായിരുന്നു അദ്ദേഹം. ‘പിറവി’, ‘വാനപ്രസ്ഥം’, ‘കുട്ടിസ്രാങ്ക്’, ‘സ്വം’ തുടങ്ങിയ വിഖ്യാത ചിത്രങ്ങൾ ഒരുക്കിയ ഷാജി എൻ കരുൺ 40ഓളം സിനിമകളിൽ ഛായാഗ്രഹണം നിർവഹിച്ചിട്ടുമുണ്ട്. 1988ലാണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘പിറവി’ റിലീസ് ചെയ്യുന്നത്. കാൻസ് ഫെസ്റ്റിവലിൽ ഉൾപ്പടെ എഴുപതോളം ചലച്ചിത്ര മേളകളിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. കൂടാതെ, 31 പുരസ്‌കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തു.
പിന്നാലെ അദ്ദേഹത്തിന്റെ ചിത്രമായ ‘സ്വം’ കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശം ചെയ്യപ്പെടുകയും, ‘വാനപ്രസ്ഥം’ കാനില്‍ ഔദ്യോഗികവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രമാണ് ‘സ്വം’. സംവിധായകന്‍ എന്ന നിലയില്‍ ഏഴ് വീതം ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ഒരു തവണയും സംസ്ഥാന പുരസ്‌കാരം മൂന്ന് തവണയും സ്വന്തമാക്കി. ജെ.സി ഡാനിയേൽ പുരസ്കാര ജേതാവ് കൂടിയാണ്. പത്മശ്രീ പുരസ്‌കാരവും ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സും ലഭിച്ചിട്ടുണ്ട്.