Pranav Mohanlal: അച്ഛനിവിടെ ജോലി ചെയ്യുന്നുണ്ടെന്ന് പ്രണവ്, സെക്യൂരിറ്റിക്ക് മനസ്സിലായില്ല; അപ്പു സെറ്റിലെത്തിയ ദിവസത്തെ പറ്റി അനീഷ് ഉപാസന
Pranav Mohanlal Barroz Movie Set: ഉച്ചക്ക് ഭക്ഷണം കഴിക്കുന്ന നേരത്ത് നോക്കുമ്പോൾ പ്രോഡക്ഷനിൽ ചോറ് വിളമ്പുന്നിടത്ത് ക്യൂ നിൽക്കുന്നു പ്രണവ്. അവിടെ സെറ്റിലെ ആൾക്കാരോട് അവിടെ ഇരുത്തി വിളമ്പാൻ പറഞ്ഞു, വേണ്ടെന്ന് പ്രണവ് തന്നെയാണ് പോലും പറഞ്ഞത്
മോഹൻലാലിൻ്റെ അത്രയും ഫാൻസുണ്ട് മകൻ പ്രണവ് മോഹൻലാലിന്. ഒരു താര ജാഡകളുമില്ലാതെ ലളിത ജീവിതം നയിക്കുന്ന പ്രണവിനെ പറ്റി നിരവധി കഥകളുമുണ്ട്. അത്തരത്തിലൊരു അനുഭവം പങ്ക് വെക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തും ഫോട്ടോഗ്രാഫറും കൂടിയായ അനീഷ് ഉപസാന. അനീഷിൻ്റെ വാക്കുകൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
ബറോസിൻ്റെ സെറ്റിൽ നിൽക്കുമ്പോൾ ഒരിക്കൽ സെക്യൂരിറ്റി വന്നിട്ട് പറഞ്ഞു ഒരാൾ ഗേറ്റിൽ വന്നു കാത്തു നിൽക്കുന്നു അയാളുടെ അച്ഛൻ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്ന് പറയുന്നു എന്ന്. കയറ്റി വിടാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ ചിരിക്കുന്നുവെന്നും പറഞ്ഞു. അതിന് മുൻപ് ഒരു ദിവസം സെറ്റിലൊരാൾ കയറി ആകെ പ്രശ്നമായിരുന്നു. ഞാൻ പുറത്ത് ചെന്ന് നോക്കിയപ്പോൾ അത് പ്രണവായിരുന്നു. അപ്പോൾ തന്നെ കൂട്ടിക്കൊണ്ടു പോയി, പുള്ളി വന്നത് ഊബറിലായിരുന്നു.
ഞാൻ അപ്പുവിനെ ലാൽസാറിൻ്റെ അടുത്ത് കൊണ്ട് ചെന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കുന്ന നേരത്ത് നോക്കുമ്പോൾ പ്രോഡക്ഷനിൽ ചോറ് വിളമ്പുന്നിടത്ത് ക്യൂ നിൽക്കുന്നു പ്രണവ്. അവിടെ സെറ്റിലെ ആൾക്കാരോട് അവിടെ ഇരുത്തി വിളമ്പാൻ പറഞ്ഞു വേണ്ടെന്ന് പ്രണവ് തന്നെയാണ് പോലും പറഞ്ഞത്, കുറച്ചു കഴിഞ്ഞ് അവിടുത്തെ ജോലിക്കാർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടു- അനീഷ് ഉപാസന പറഞ്ഞു.
ഇരുവരെയും ഒന്നിച്ച് ഒരു ഫോട്ടോ ഷൂട്ടിന് ശ്രമിച്ചില്ലേ എന്ന അവതാരികയുടെ ചോദ്യത്തിന് അനീഷിൻ്റെ മറുപടി ഇങ്ങനെ. ഇത് ലാൽ സാറിനോട് ചോദിച്ചാൽ ആദ്യം പറയുക അയാളെയോ എങ്ങനെ കിട്ടാനാ എന്നാവും. സർ സമ്മതിച്ചാലും പ്രണവ് നിന്ന് തരില്ല. എങ്കിലും സെറ്റിലൊക്കെ വരുമ്പോൾ ഞാൻ ചില ഫോട്ടോകളൊക്കെ എടുത്ത് വെക്കാറുണ്ട്. അത് പുള്ളി അറിയാതെയാണ്. അല്ലാതെ നിന്ന് തരില്ല ക്യാമറ തിരിയുമ്പോൾ തന്നെ അപ്പു പതുക്കെ മാറും- കൗമുദി മൂവീസിന്റെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനീഷ് ഉപാസന.
വർഷങ്ങൾക്ക് ശേഷമാണ് പ്രണവിൻ്റെതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. ഒന്നാമനിൽ മോഹൻലാലിൻ്റെ ചെറുുപ്പം അഭിനയിച്ച് ബാലതാരമായാണ് പ്രണവ് സിനിമയിലേക്ക് എത്തിയത്. ഇതിനിടയിൽ പുനർജനിയിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിൻ്റെ മികച്ച താരത്തിനുള്ള അവാർഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ലൈഫ് ഓഫ് ജോസൂട്ടി, പാപനാശം തുടങ്ങിയ ചിത്രങ്ങളിൽ അസിസ്റ്റൻ്റ് ഡയറക്ടറായും പ്രണവ് പ്രവർത്തിച്ചിട്ടുണ്ട്.