Shahi Kabir : ‘ജോസഫ് മമ്മൂട്ടിയെ മനസ്സിൽ കണ്ടെഴുതിയ സിനിമ, ജോർജ് ചോദിച്ചു ഷോർട്ട് ഫിലിമാണോയെന്ന്’; ഷാഹി കബീർ
ജോജു ജോർജാണ് പിന്നീട് ജോസഫിൽ നായകനായി എത്തിയത്. മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയെടുത്ത ചിത്രമാണ് ജോസഫ്.

മികച്ച പ്രേക്ഷക പ്രതികരണം തിയറ്ററിൽ പ്രദർശനം തുടരുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബൻ്റെ ഓഫീസർ ഓൺ ഡ്യൂട്ടി. ജിത്തു അഷറഫ് ഒരുക്കിയ ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് ഷാഹി കബീറാണ്. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ രചന ഷാഹി കബീറിൻ്റേതായിരുന്നു. അതേസമയം താൻ ആദ്യമായി രചന നിർവഹിച്ച ജോസഫ് എന്ന സിനിമ മമ്മൂട്ടിയെ മനസ്സിൽ കണ്ടുകൊണ്ടാണെന്ന് ഷാഹി കബീർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
“മമ്മൂട്ടിയെ മനസ്സിൽ കണ്ടെഴുതിയ സിനിമയായിരുന്നു ജോസഫ്. എന്നാൽ ജോസഫിൻ്റെ കഥ മമ്മൂട്ടി കേട്ടിട്ടില്ല. പുള്ളിയുടെ കൂടെയുള്ള ജോർജാണ് ജോസഫിൻ്റെ കഥ കേട്ടത്. പക്ഷെ ജോർജ് പറഞ്ഞത് ഇത് ഷോർട്ട് സ്റ്റോറിയുടെ അത്രയുള്ളൂയെന്നാണ്. വെറുതെ വലിച്ചു നീട്ടി പറയാതെ ഷോർട്ടാക്കി പറഞ്ഞതാണ്. പിന്നെ വൺലൈനൊക്കെ എഴുതികൊണ്ടു വന്നു. പക്ഷെ പിന്നീട് മറ്റ് ചർച്ചകൾ ഒന്നും നടന്നില്ല. പിന്നീടാണ് ജോജുവിലേക്കെത്തുന്നത്” ഷാഹി കബീർ റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജോജുവിൻ്റെ ഒപ്പം പ്രവർത്തിച്ചപ്പോൾ കൂടുതൽ ഫ്രീഡം ലഭിച്ചു. മമ്മൂട്ടി ജോസഫ് ആകുന്നതിനെക്കാളും ജോജുവിൻ്റെ ഒപ്പം ചേർന്ന് വേറെ ഒരു ഫ്രീഡത്തിൽ സിനിമ എഴുതാൻ സാധിച്ചുയെന്നും ഷാഹി കബീർ കൂട്ടിച്ചേർത്തു. ഈ മൂന്ന് ചിത്രങ്ങൾക്ക് പുറമെ ഷാഹി ഇലവീഴാ പൂഞ്ചിറ എന്ന സിനിമയുടെ സംവിധായകനും കുടിയാണ്. ഷാഹി ഒരുക്കുന്ന രണ്ടാമത്തെ ചിത്രം റോന്ത് അണിയറയി തയ്യാറെടുക്കുകയാണ്.