Nayanthara: ‘ഡയാന ചെയ്തത് രണ്ട് തെറ്റ്; മൂന്ന് മണിക്ക് എന്നെ വിളിച്ചതും, അഭിനയിക്കാൻ ഇല്ലെന്ന് പറഞ്ഞതും’; സത്യൻ അന്തിക്കാട്
Sathyan Anthikkad About Nayanthara: നയൻതാരയുടെ സിനിമയിലേക്കുള്ള വരവ് വിധിയെന്നോ ദൈവം തീരുമാനിച്ചതെന്നോ പറയാം. ഇത്രയും വർഷങ്ങൾക്ക് ശേഷം ചിന്തിക്കുമ്പോൾ അതൊരു അതിശയകരമായ കടന്നുവരാവായാണ് തോന്നുന്നതെന്ന് സത്യൻ അന്തിക്കാട് പറയുന്നു.
നടി നയൻതാരയുടെയും സംവിധായകൻ വിഘ്‌നേശ് ശിവന്റെയും വിവാഹ ഡോക്യുമെന്ററിയായ ‘നയൻതാര- ബിയോണ്ട് ദി ഫെയറി ടേൽ’ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും മറ്റും ചർച്ചാവിഷയം. ഡോക്യൂമെന്ററിയിൽ നയൻതാരയെ കുറിച്ചും ഭർത്താവ് വിഘ്‌നേശ് ശിവനെ കുറിച്ച് നിരവധി പ്രമുഖർ വന്ന് സംസാരിക്കുന്നുണ്ട്. അതിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ വാക്കുകളാണ്. അദ്ദേഹമാണ് നയൻതാരയെ സിനിമ ലോകത്തേക്ക് എത്തിക്കുന്നത്. അതിന് പിന്നിലുണ്ടായ രസകരമായ കഥകളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
2003-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലൂടെയാണ് നയൻതാര അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. രഞ്ജൻ പ്രമോദിന്റെ തിരക്കഥയിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ ഷീല, ജയറാം, ഇന്നസെന്റ്, കെപിഎസി ലളിത, സിദ്ധിഖ്, മാമുക്കോയ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തി. അന്ന് വലിയ ജനപ്രീതി നേടിയ ഈ ചിത്രം 100 ദിവസത്തോളം തീയറ്ററുകളിൽ നിറഞ്ഞോടി. ഈ സിനിമക്കായി നയൻതാരയെ സമീപിച്ചപ്പോൾ ഉണ്ടായ അനുഭവമാണ് സത്യൻ അന്തിക്കാട് പങ്കുവെച്ചത്.
നയൻതാരയുടെ സിനിമയിലേക്കുള്ള വരവ് വിധിയെന്നോ ദൈവം തീരുമാനിച്ചതെന്നോ പറയാം. ഇത്രയും വർഷങ്ങൾക്ക് ശേഷം ചിന്തിക്കുമ്പോൾ അതൊരു അതിശയകരമായ കടന്നുവരാവായാണ് തോന്നുന്നതെന്ന് അദ്ദേഹം പറയുന്നു. നടി ഷീലയുടെ തിരിച്ചുവരവ് എന്ന രീതിയിലാണ് ഞാൻ ആ സിനിമ ചെയ്തത്. അതുകൊണ്ടാണ് നായികയായി പുതുമുഖം മതിയെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ‘നീ എന്റെ സുഹൃത്താണ്, ഞാന്‍ പണം വാങ്ങില്ല’; നയന്‍താരയെ കുറിച്ച് ധനുഷ്
സത്യൻ അന്തിക്കാടിന്റെ വാക്കുകൾ:
“ചില കാര്യങ്ങൾ മനുഷ്യൻ തീരുമാനിക്കുന്നു. മറ്റ് ചില കാര്യങ്ങൾ തീരുമാനിക്കുന്നത് വേറെ ഏതോ ഒരു ശക്തിയാണ്. ദൈവമെന്നോ വിധിയെന്നോ അതേ പറയാം. അങ്ങനെ ഒരു വിധിയോ, ദൈവ നിശ്ചയമോ ആണ് നയൻതാരയുടെ സിനിമയിലേക്കുള്ള കടന്നുവരവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോൾ ഒരുപാട് വർഷങ്ങൾക്ക് ശേഷം ചിന്തിക്കുമ്പോൾ അത്തരത്തിൽ ഒരു അതിശയകരമായ കടന്നുവരവായിരുന്നു അവരുടേത്.
‘മനസ്സിനക്കരെ’ എന്ന ചിത്രം നടി ഷീലയുടെ തിരിച്ചുവരവെന്ന രീതിയിലാണ് ഞാൻ ചെയ്തത്. 22 വർഷം മുമ്പ് സിനിമ വിട്ടുപോയ നടിയാണ് ഷീല. അവർ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്നു എന്നതായിരുന്നു ആ സിനിമയുടെ ഹൈലൈറ്റ്. അതുകൊണ്ട് തന്നെയാണ് നായിക പുതുമുഖം മതിയെന്ന് തീരുമാനിക്കുന്നത്. അങ്ങനെ ഒരാളെ കിട്ടിയില്ലെങ്കിൽ മാത്രം നിലവിൽ അഭിനയിക്കുന്ന ഒരാളെ നോക്കാമെന്നായിരുന്നു പ്ലാൻ ചെയ്തത്.
അങ്ങനെയിരിക്കുന്ന സമയത്താണ് വനിതാ മാസികയിൽ ഒരു പെൺകുട്ടിയെ കാണുന്നത്. നല്ല കോണിഫിഡൻസ് ഉള്ള മുഖമായിരുന്നു അവളുടേത്. അതിനു മുമ്പ് കണ്ട് പരിചയമില്ലാത്ത ഒരു മുഖം. ഉടൻ തന്നെ മാസികയുടെ എഡിറ്ററെ ഞാൻ വിളിച്ചു. ഡയാന കുര്യൻ എന്നാണ് പേരെന്നും, തിരുവല്ലക്കാരി ആണെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ ഞാൻ നയൻതാരയെ ആദ്യമായി വിളിച്ചു. ഞാൻ സത്യൻ അന്തിക്കാടാണ്, സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോയെന്ന് ചോദിച്ചു. സാറിനെ ഞാൻ തിരിച്ച് വിളിക്കാം എന്നായിരുന്നു മറുപടി. പിന്നെ പുലർച്ചെ മൂന്ന് മണിക്കാണ് എനിക്കൊരു കോൾ വരുന്നത്. ഞാൻ ആ സമയത്ത് നല്ല ഉറക്കത്തിലായിരുന്നു. സിനിമയിൽ നായികയാക്കാനാണ് താൻ വിളിച്ചതെന്ന് പറഞ്ഞപ്പോൾ ‘സോറി സർ. ഞാൻ സിനിമയിൽ അഭിനയിക്കുന്നതിന് എന്റെ കസിൻസിന് താല്പര്യമില്ല’ എന്നാണ് നയൻതാര പറഞ്ഞത്.
ഇതിനു മറുപടിയായി ഞാൻ പറഞ്ഞു, ഡയാന ഇപ്പോൾ ചെയ്തത് രണ്ട് തെറ്റാണ്. ഒന്ന് മൂന്ന് മണിക്ക് എന്നെ വിളിച്ചുണർത്തി. രണ്ട് സിനിമയിൽ അഭിനയിക്കില്ലെന്ന് പറഞ്ഞു. തുടർന്ന് ഡയാനക്ക് അഭിനയിക്കാൻ ഇഷ്ടമുണ്ടോയെന്ന് ചോദിച്ചപ്പോൾ അതേയെന്നായിരുന്നു മറുപടി. അച്ഛനും അമ്മയ്ക്കും വിരോധമില്ലായെന്നും പറഞ്ഞു. അങ്ങനെയെങ്കിൽ ഒന്ന് വന്നു നോക്കൂ. കുറച്ച് ദിവസം നമുക്ക് ഷൂട്ടിംഗ് കാണാമെന്ന് ഞാൻ പറഞ്ഞു.” അങ്ങനെയാണ് നയൻതാര സിനിമയിലേക്ക് എത്തുന്നതെന്ന് സത്യൻ അന്തിക്കാട് ഡോക്യൂമെന്ററിയിൽ പറയുന്നു.