Tovino Thomas: ‘പല സിനിമകളിലും ടൊവിനോയ്ക്ക് ഇനിയും ശമ്പളം കൊടുക്കാനുണ്ട്’; മലയാള സിനിമയിലെ പ്രതിസന്ധി മനസിലാവുന്നില്ലെന്ന് സന്തോഷ് ടി കുരുവിള
Santhosh T Kuruvila About Tovino Thomas: പല സിനിമകളിൽ അഭിനയിച്ചതിൻ്റെയും ശമ്പളബാക്കി ഇനിയും ടൊവിനോ തോമസിന് നൽകാനുണ്ടെന്ന് നിർമ്മാതാവ് സന്തോഷ് ടി കുരുവിള. മലയാള സിനിമയിൽ പ്രതിസന്ധിയെന്ന വാദമുഖങ്ങളെ അദ്ദേഹം തള്ളുകയും ചെയ്തു.

അഭിനയിച്ച പല സിനിമകളിലും ടൊവിനോ തോമസിന് ഇനിയും ശമ്പളബാക്കി നൽകാനുണ്ടെന്ന് നിർമ്മാതാവ് സന്തോഷ് ടി കുരുവിള. നാരദൻ, നീലവെളിച്ചം, നടികർ തിലകം, ഐഡൻ്റിറ്റി തുടങ്ങിയ പല സിനിമകളിലും ടൊവിനോയ്ക്ക് പണം നൽകാനുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. മലയാള സിനിമയിൽ എന്താണ് പ്രതിസന്ധിയെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“നാരദനിൽ എനിക്ക് തോന്നുന്നു, 30 ലക്ഷം രൂപ കൊടുക്കാനുണ്ട്. നീലവെളിച്ചം ഞാനും കൂടി ചേർന്ന് തുടങ്ങിയ സിനിമയാണ്. അതിൽ 40 ലക്ഷം രൂപ കൊടുക്കാനുണ്ട്. നടികർ തിലകത്തിൽ ആകെ ശമ്പളത്തിൻ്റെ പകുതിയിലധികം കൊടുക്കാനുണ്ട്. ഐഡൻ്റിറ്റിയിലും കിട്ടാനുണ്ട്. പുള്ളി അത് വേണ്ടെന്ന് വച്ചു. അദ്ദേഹവുമായുള്ള സ്നേഹബന്ധം കാരണമാണ് ടൊവിനോയുടെ ഈ കാര്യങ്ങളൊക്കെ എനിക്കറിയാവുന്നത്. എൻ്റെ അനിയനെപ്പോലുള്ള ഒരാളാണ്. ഇവരെല്ലാം വിട്ടുവീഴ്ച ചെയ്യുന്നവരാണ്. നമ്മൾ എങ്ങനെ അവരോട് ഡീൽ ചെയ്യുന്നു എന്നതിനനുസരിച്ചാണ് കാര്യങ്ങൾ.”- സന്തോഷ് ടി കുരുവിള പറഞ്ഞു.
“മലയാള സിനിമയിൽ എന്താണ് പ്രതിസന്ധിയെന്ന് എനിക്ക് മനസിലാവുന്നില്ല. താരങ്ങൾ ചെറിയ പ്രതിഫലം വാങ്ങിക്കൊണ്ടിരുന്ന സമയത്തും ഇറങ്ങാതിരുന്ന സിനിമകളുണ്ട്. ഇപ്പോൾ ഒടിടിയുണ്ട്, സാറ്റ്ലൈറ്റ്സ് ഉണ്ട്, മ്യൂസിക് റൈറ്റ്സ് ഉണ്ട്, ഔട്ട്സൈഡ് കേരള റൈറ്റ്സ് ഉണ്ട്. പണ്ടൊന്നും ഈ റൈറ്റ്സ് ഇല്ല. മാർക്കോ ഹിന്ദിയിലും മഞ്ഞുമ്മൽ ബോയ്സ് തമിഴിലും തെലുങ്കിലുമൊക്കെ പണമുണ്ടാക്കിയിട്ടുണ്ട്. ആര് അഭിനയിക്കണമെന്ന് നിർമ്മാതാക്കൾക്ക് തീരുമാനിക്കാമല്ലോ. ഇത്തരം പ്രതിസന്ധികൾ പണ്ടേയുണ്ട്.”- അദ്ദേഹം തുടർന്നു.




അഭിനേതാക്കൾ ശമ്പളം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാധികൾ നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. അഭിനേതാക്കൾ ശമ്പളം കുറയ്ക്കണമെന്നും സർക്കാർ വിനോദനികുതി കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് ജൂൺ ഒന്ന് മുതൽ തീയറ്ററുകൾ അടച്ചിട്ട് സമരം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഈ നിലപാട് മാറ്റി.
Also Read: L2 Empuraan: ബോക്സോഫീസിൻ്റെ തമ്പുരാനായി എമ്പുരാൻ; പ്രീസെയിൽ കളക്ഷൻ 60 കോടിയിലേക്ക്
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹിയായ നിർമ്മാതാവ് ജി സുരേഷ് കുമാർ നടത്തിയ വാർത്താസമ്മേളനത്തിൽ എമ്പുരാൻ്റെ ബജറ്റുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളും വിവാദമായി. ഇതിനെതിരെ നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ ദീർഘമായ കുറിപ്പെഴുതി. ഇത് മോഹൻലാൽ അടക്കമുള്ള പലരും പങ്കുവച്ചതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതിസന്ധിയിലായി. ഇതിന് ശേഷമാണ് എല്ലാ മാസത്തെയും തീയറ്റർ കളക്ഷൻ പുറത്തുവിടാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ടും പല വിവാദങ്ങളുമായി. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയുടെ ഫെബ്രുവരി കളക്ഷൻ പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ കുഞ്ചാക്കോ ബോബൻ വിമർശനമുയർത്തിയിരുന്നു.