Sanju Techy Case: സഞ്ജു ടെക്കിക്ക് മോട്ടോർ വാഹന വകുപ്പിൻറെ ശിക്ഷ ഒപ്പം രജിസ്‌ട്രേഷനും റദ്ദാക്കി
ആലപ്പുഴ സ്വദേശിയായ സഞ്ജു ടെക്കി (സഞ്ജു ടിഎസ്) മെയ് 15-ന് യൂട്യൂബിൽ പങ്കു വെച്ച വീഡിയോയാണ് വിവാദമായത്.
ആലപ്പുഴ: കാറിൽ സ്വിമ്മിങ്ങ് പൂളുണ്ടാക്കി പുലിവാല് പിടിച്ച സഞ്ജു ടെക്കിക്ക് മോട്ടോർ വാഹന വകുപ്പിൻറെ ശിക്ഷ. മലപ്പുറം എടപ്പാളിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ചിൽ നടക്കുന്ന പരിശീലന സെഷനിൽ സഞ്ജു പങ്കെടുക്കണം.
ഇത് കൂടാതെ ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജിൽ നിർബന്ധിത സേവനവും സഞ്ജു ചെയ്യണം. വാഹനമോടിച്ച സഞ്ജുവിൻ്റെ സുഹൃത്ത് സൂര്യനാരായണൻ്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവർ സ്വിമ്മിങ്ങ് പൂളാക്കിയ വാഹനത്തിൻ്റെ രജിസ്‌ട്രേഷനും മോട്ടോർവാഹന വകുപ്പ് റദ്ദാക്കി.
ആലപ്പുഴ സ്വദേശിയായ സഞ്ജു ടെക്കി (സഞ്ജു ടിഎസ്) മെയ് 15-ന് യൂട്യൂബിൽ പങ്കു വെച്ച വീഡിയോയാണ് വിവാദമായത്. ടാറ്റാ സഫാരിയുടെ സീറ്റുകൾ ഇളക്കി മാറ്റിയശേഷം ഉള്ളിൽ ടാർപോളിൻ വിരിച്ച് അതിൽ വെള്ളം നിറച്ചാണ് സഞ്ജുവും സുഹൃത്തുക്കളും ചേർന്ന് സ്വിമ്മിങ്ങ് പൂളുണ്ടാക്കിയത്.
യാത്രക്കിടയിൽ ടാർപോളിൻ വിട്ടു മാറി വെള്ളം വാഹനത്തിനുള്ളിലേക്ക് വീണതാണ് പണിയായത്. ഇതിനിടയിൽ ഡ്രൈവിങ്ങ് സീറ്റിന് സമീപത്തുള്ള എയർ ബാഗ് പൊട്ടുകയും ചെയ്തു. വീഡിയോ കണ്ട മോട്ടോർ വാഹന വകുപ്പാണ് സംഭവത്തിൽ സ്വമേധയാ കേസെടുത്തത്.
2021 ഓഗസ്റ്റിൽ ആലപ്പുഴ ബീച്ച് റോഡിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ കാർ ഓടിക്കാൻ അനുവദിച്ചതിന് മോട്ടോർ വാഹന നിയമം ലംഘിച്ചതിന് സഞ്ജുവിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കേസ് രജിസ്റ്റർ ചെയ്യുകയും കോടതി 35,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ശിക്ഷയായി രാവിലെ മുതൽ വൈകുന്നേരം വരെ കോടതി മുറിയിൽ നിൽക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.