Saniya Iyappan: ‘മാറിടം ഫോക്കസ് ചെയ്ത് വീഡിയോ സ്ലോമോഷൻ ആക്കും; ഡൽഹി ബസിൽ കയറ്റിവിടണമെന്ന് 16കാരന്റെ കമന്റ്; സാനിയ അയ്യപ്പൻ
Saniya Iyappan About Vulgarly Edited Videos and Hate Comments: സമൂഹ മാധ്യമങ്ങളിലെ ചില പേജുകൾ നടിമാരുടെ ചിത്രങ്ങളും വീഡിയോകളും മറ്റും മോശമായ രീതിയിൽ അവതരിപ്പിക്കുന്നതിനെതിരെ ആണ് സാനിയ തുറന്നടിച്ചത്.

ഡാൻസ് റിയാലിറ്റി ഷോയിലൂടെയും സിനിമയിലൂടെയും ഏറെ ശ്രദ്ധ നേടിയയാളാണ് സാനിയ അയ്യപ്പൻ. മലയാളത്തിൽ മാത്രമല്ല തമിഴിലും സാനിയ തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. ഡി4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ താരം ‘ക്വീൻ’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ലൂസിഫറിൽ ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, സോഷ്യൽ മീഡിയയിലും താരം ചർച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ അടുത്തിടെ ഒരു അഭിമുഖത്തിൽ സോഷ്യൽ മീഡിയയെ കുറിച്ചുള്ള സാനിയയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സമൂഹ മാധ്യമങ്ങളിലെ ചില പേജുകൾ നടിമാരുടെ ചിത്രങ്ങളും വീഡിയോകളും മറ്റും മോശമായ രീതിയിൽ അവതരിപ്പിക്കുന്നതിനെതിരെ ആണ് സാനിയ തുറന്നടിച്ചത്. വര്‍ക്കൗട്ടിന്റെ വീഡിയോ ആണെങ്കിൽ പോലും മാറിടത്തിന്റെ ഭാഗം മാത്രം ഫോക്കസ് ചെയ്ത് സ്ലോ മോഷനാക്കി വീഡിയോകൾ എഡിറ്റ് ചെയ്ത് ചില ആളുകൾ പോസ്റ്റ് ചെയ്യുന്നത് കാണാറുണ്ടെന്ന് താരം പറയുന്നു. സാരിയുടുത്ത് ബീച്ചില്‍ പോകാൻ കഴിയില്ലെന്നും, ബിക്കിനിയിടാൻ തനിക്ക് ഇഷ്ടമാണെന്നും, അതിന് ചേരുന്ന ബോഡി ഉണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും സാനിയ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
വര്‍ക്കൗട്ടിന്റെ വീഡിയോയോ അല്ലെങ്കിൽ നടക്കുന്നതിന്റെ വീഡിയോയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താൽ അതിൽ നിന്ന് മാറിടത്തിന്റെ ഭാഗം മാത്രം ഫോക്കസ് ചെയ്ത സ്ലോമോഷനാക്കി ആളുകൾ എഡിറ്റ് ചെയ്യാറുണ്ടെന്ന് സാനിയ പറയുന്നു. ഒരിക്കൽ താനൊരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇട്ടിരുന്നുവെന്നും 20-25 മിനിറ്റ് പിന്നിടുമ്പോഴേക്കും തന്നെ ടാഗ് ചെയ്തു കൊണ്ട് ആ സ്ലോ മോഷൻ വീഡിയോ ആരോ പോസ്റ്റ് ചെയ്‌തെന്നും സാനിയ പറഞ്ഞു. അത്രത്തോളം ഡെസ്പറേറ്റ് ആയിട്ട് നോക്കിയിരിക്കുന്ന ആള്‍ക്കാരാണ് സോഷ്യല്‍ മീഡിയയിൾ ഉള്ളത്. ഇതുപോലെ കുറെ പേജുകൾ ഉണ്ട്. ചിലതിൽ പല നടിമാരുടെയും തല ഉണ്ടാകും, ഉടൽ മറ്റാരുടെയെങ്കിലും ബിക്കിനിയിട്ടുള്ള ഫോട്ടോ വെച്ച് എഡിറ്റ് ചെയ്തവയായിരിക്കും എന്നും താരം പറഞ്ഞു.
തന്റെ ബിക്കിനി പോസ്റ്റുകളെ കുറിച്ചും സാനിയ മനസുതുറന്നു. താരത്തിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു “സാരിയുടുത്ത് ബീച്ചിൽ പോകാൻ കഴിയില്ലലോ. എനിക്ക് ബിക്കിനി ധരിക്കാൻ ഇഷ്ടമാണ്. അതിന് ചേരുന്ന ബോഡി തനിക്കുണ്ടെന്ന് വിശ്വസിക്കുന്നു. ഇനി അങ്ങനെ ഇല്ലെങ്കിലും എനിക്ക് ആത്മവിശ്വാസം ഉണ്ട്. ഞാൻ എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഞാൻ ആണ്. എനിക്ക് സാരിയുടുത്ത് ബീച്ചിൽ പോകാൻ ഇഷ്ടമല്ലാത്തത് കൊണ്ട് ബിക്കിനി ഇട്ട് പോകുന്നു. എന്നാൽ ബിക്കിനി ഇടാത്ത നടിമാരുടെ പോലും അത്തരത്തിലുള്ള എഡിറ്റ് ചെയ്ത ഫോട്ടോസ് ഞാൻ കണ്ടിട്ടുണ്ട്. ഇതിൽ നിന്ന് അവർക്ക് എന്ത് സംതൃപ്തിയാണ് ലഭിക്കുന്നതെന്ന് അറിയില്ല”.
അഭിമുഖത്തിൽ തനിക്കുണ്ടായ മറ്റൊരു അനുഭവവും സാനിയ പങ്കുവെച്ചു. താരത്തിന്റെ ആദ്യ മാലദ്വീപ് യാത്രയുടെ സമയത്തായിരുന്നു സംഭവം നടക്കുന്നത്. പത്തിലോ പന്ത്രണ്ടിലോ പഠിക്കുന്ന ഒരു പയ്യൻ താരത്തിന്റെ പോസ്റ്റിന് താഴെയിട്ട ഒരു കമന്റിനെ കുറിച്ചാണ് സാനിയ സംസാരിച്ചത്. “ഇത്ര കഴപ്പാണെങ്കില്‍ ഇവളെ ഡല്‍ഹി ബസില്‍ കയറ്റി വിടാം” എന്നായിരുന്നു ആ പയ്യൻ പങ്കുവെച്ച കമന്റെന്ന് സാനിയ പറയുന്നു. 16 വയസുള്ള കുട്ടി ചിന്തിക്കുന്നത് ഇങ്ങനെയാണ്. ഇങ്ങനെ ഒരു തലമുറയിലാണ് നമ്മൾ ജീവിക്കുന്നത്. ഇതിനോടെല്ലാം എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ല എന്നും സാനിയ കൂട്ടിച്ചേർത്തു.