Sangeeth Prathap: അറ്റൻഡേഴ്സ് മൂക്കുത്തി വലിച്ചെടുക്കാൻ നോക്കി; ആക്സിഡൻ്റായി കിടക്കുമ്പോൾ ആ വേദന അനുഭവിക്കേണ്ടിവന്നു: സംഗീത് പ്രതാപ്
Sangeeth Prathap Treatment Struggle: ബ്രോമാൻസ് സിനിമയ്ക്കായി മൂക്ക് കുത്തിയത് ആക്സിഡൻ്റ് ചികിത്സയ്ക്കിടെ തിരിച്ചടിയായെന്ന് സംഗീത് പ്രതാപ്. ആക്സിഡൻ്റായി ആശുപത്രിയിൽ കിടക്കുന്ന സമയത്ത് മൂക്കുത്തി ഊരിയെടുക്കാൻ ആർക്കും അറിയില്ലായിരുന്നു എന്ന് താരം വിശദീകരിച്ചു.

ചിത്രീകരണത്തിനിടെയുണ്ടായ ആക്സിഡൻ്റ് ചികിത്സിക്കാൻ ആശുപത്രിയിലെത്തിയ തനിക്ക് മൂക്കുത്തി കൊണ്ട് പ്രശ്നങ്ങളുണ്ടായെന്ന് നടനും എഡിറ്ററുമായ സംഗീത് പ്രതാപ്. ബ്രോമാൻസ് സിനിമയ്ക്കായി താൻ മൂക്ക് കുത്തിയിരുന്നു എന്നും അത് ആശുപത്രി അറ്റൻഡർമാർ വലിച്ചെടുക്കാൻ നോക്കിയത് വേദനിപ്പിച്ചു എന്നും സംഗീത് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംഗീത് പ്രതാപിൻ്റെ വെളിപ്പെടുത്തൽ.
“ഞങ്ങൾക്ക് സൗന്ദര്യമുള്ള ഒരു ആക്സിഡൻ്റ് പറ്റി. ആക്സിഡൻ്റ് പറ്റി നേരെ ഇതേ അവസ്ഥയിൽ ആശുപത്രിയിൽ എടുത്തുകൊണ്ട് പോയി. എന്തൊക്കെ ഇവന് പറ്റിയിട്ടുണ്ടെന്ന് കണ്ടുപിടിക്കണമല്ലോ. അതിൻ്റെ ഭാഗമായിട്ട് ഒരു സിടി സ്കാൻ എടുക്കണമായിരുന്നു. സിടി സ്കാനിൽ മൂക്കുത്തി, കമ്മൽ ഇതൊന്നും പറ്റില്ലല്ലോ. അത് ഊരാൻ ആർക്കും അറിയില്ലായിരുന്നു അവിടെ. അറ്റൻഡേഴ്സൊക്കെ വന്നിട്ട് അത് പൊക്കിയെടുക്കാൻ നോക്കുന്നു, വലിച്ചെടുക്കാൻ നോക്കുന്നു. സുഖമായിരുന്നു. അങ്ങനെ അവസാനം ഒരു ലേഡി ഡോക്ടറിന് അറിയാമായിരുന്നു, ഇതിൻ്റെ ട്രിക്ക്. പുള്ളിക്കാരി അത് ഊരിയെടുത്തു. അങ്ങനെ അത് അനുഭവിച്ചുകൊണ്ടാണ് പോയത്. മൂക്കുത്തി അത് കഴിഞ്ഞപ്പോൾ മാറ്റി.”- സംഗീത് പ്രതാപ് പറഞ്ഞു.
Also Read: Aju Varghese: ‘മക്കളെ സിനിമയില്‍ അഭിനയിക്കാന്‍ വിടുമോ?’ വിടില്ലെന്ന് അജു വർഗ്ഗീസ്; കാരണമിത്!




അരുൺ ഡി ജോസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് ബ്രോമാൻസ്. സംഗീത് പ്രതാപിനൊപ്പം മാത്യു തോമസ്, അർജുൻ അശോകൻ, മഹിമ നമ്പ്യാർ, ശ്യാം മോഹൻ തുടങ്ങിയവരാണ് ബ്രോമാൻസിൽ അഭിനയിച്ചത്. അഖിൽ ജോർജ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തു. ചമൻ ചാകോ എഡിറ്റിങ് നിർവഹിച്ചപ്പോൾ ഗോവിന്ദ് വസന്തയായിരുന്നു സംഗീതം. ആഷിഖ് ഉസ്മാൻസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ച സിനിമ ഈ വർഷം ഫെബ്രുവരി 14ന് തീയറ്ററുകളിലെത്തി. തീയറ്ററിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. നിലവിൽ സിനിമയുടെ ഒടിടി റിലീസിനെപ്പറ്റി സൂചനകളില്ല.
ബേസിൽ ജോസഫും സജിൻ ഗോപുവും ഒരുമിച്ചഭിനയിച്ച പൊന്മാൻ്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്നു. മാർച്ച് 14ന് ജിയോഹോട്ട്സ്റ്റാറിലൂടെ സിനിമ സ്ട്രീം ചെയ്തുതുടങ്ങും. ഈ വർഷം ജനുവരി 30ന് തീയറ്ററുകളിലെത്തിയ പൊന്മാൻ ബോക്സോഫീസിൽ വമ്പൻ വിജയമായിരുന്നു.