Sandeep Varier-Empuraan: ‘ആ സിനിമയെ ഇല്ലാതാക്കാൻ വേണ്ടി ഏതറ്റം വരെയും പോവുന്ന നെറികെട്ട രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നത്’; സന്ദീപ് വാര്യർ
Sandeep Varier Responds Empuraan Controversy: ഒരു വശത്ത് സിനിമയ്ക്ക് എതിരായി തങ്ങൾ ഒന്നും ചെയ്യില്ലെന്ന് പറയുകയും മറുവശത്ത് സിനിമയെ ഇല്ലാതാക്കാൻ ഏതറ്റം വരെയും പോകുന്ന നെറികെട്ട രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു.

എമ്പുരാൻ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപിയുടെ തൃശൂർ ജില്ലാ നേതൃത്വം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഒരു വശത്ത് സിനിമയ്ക്ക് എതിരായി തങ്ങൾ ഒന്നും ചെയ്യില്ലെന്ന് പറയുകയും മറുവശത്ത് സിനിമയെ ഇല്ലാതാക്കാൻ ഏതറ്റം വരെയും പോകുന്ന നെറികെട്ട രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. മോഹൻലാൽ ഖേദപ്രകടനം നടത്തിയിട്ടും വിടാതെ പിന്തുടർന്നു വേട്ടയാടുന്ന സംഘപരിവാർ അസഹിഷ്ണുതക്കെതിരായി മലയാളികളുടെ പൊതു:മനസാക്ഷി ഉണരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.
കേരളത്തിൽ നിന്നൊരു വലിയ സിനിമ ഉണ്ടായപ്പോൾ അതിനെ തകർക്കാനും നശിപ്പിക്കാനും ഉത്തരേന്ത്യൻ ലോബിക്ക് ആഗ്രഹമുണ്ടായിരിക്കാമെന്നും അതിന് ചൂട്ടുപിടിക്കുകയാണ് കേരളത്തിലെ ബിജെപിഎന്നും സന്ദീപ് വാര്യർ പറഞ്ഞു. ഇത് കേരളത്തിനെതിരായ, മലയാളികൾക്കെതിരായ വിദ്വേഷരാഷ്ട്രീയക്കാരുടെ യുദ്ധപ്രഖ്യാപനമാണ്. ഇന്ന് മോഹൻലാലും പ്രിഥ്വിരാജും ആണെങ്കിൽ നാളെ നമ്മൾ മലയാളികൾ ഓരോരുത്തരുമായിരിക്കും ഇവരുടെ അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെ ഇരകളായി മാറുകയെന്നും അദ്ദേഹം പറഞ്ഞു.
ജാതിമത രാഷ്ട്രീയ ഭിന്നതകൾക്ക് അതീതമായി നാം മലയാളികൾ ഒത്തൊരുമിച്ച് ബിജെപിയുടെ മലയാള വിരുദ്ധ രാഷ്ട്രീയത്തിനെതിരായി നിൽക്കണമെന്നും എതിർത്ത തോല്പിക്കണമെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു. കേരളത്തിൻ്റെ സെക്യുലർ ഫാബ്രിക്കിനെ എഡിറ്റ് ചെയ്യാൻ സംഘപരിവാറിനെ അനുവദിക്കരുതെന്നും നമുക്ക് ജയിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്:
ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി അംഗമായ വിജേഷാണ് എമ്പുരാനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും മതവിദ്വേഷത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും കാണിച്ചാണ് ഹർജി. രാജ്യത്തെ അന്വേഷണ ഏജൻസികളെ ഉൾപ്പടെ വികലമായി ചിത്രീകരിക്കുന്ന സിനിമയാണ് എമ്പുരാനെന്നും ദേശീയ അന്വേഷണ ഏജൻസിയെയും പ്രതിരോധ മന്ത്രാലയത്തെയും സിനിമയിൽ മോശമായി ചിത്രീകരിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.