Sandeep Reddy Vanga: ‘അനിമലിനെ വിമർശിച്ചവർ രൺബീറിന്റെ പ്രകടനത്തെ പ്രശംസിച്ചു’, കാരണം ഇതാണ്; തുറന്നടിച്ച് സന്ദീപ് റെഡ്‌ഡി വാങ്ക
Sandeep Reddy Vanga on Animal Movie: അനിമൽ സിനിമയെ വിമർശിച്ചവരെല്ലാം സിനിമയിലെ രൺബീറിന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് ചെയ്തതെന്ന് പറയുകയാണ് സംവിധായകൻ സന്ദീപ് റെഡ്‌ഡി.

രൺബീർ കപൂറിനെ നായകനാക്കി സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്ക ഒരുക്കിയ ആക്ഷൻ വയലൻസ് ചിത്രമാണ് ‘അനിമൽ’. ചിത്രത്തിലെ വയലന്‍സ്, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങള്‍, സ്ത്രീ വിരുദ്ധത തുടങ്ങിവയ്‌ക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിരുന്നത്. എന്നാൽ ഇപ്പോഴിതാ, അനിമൽ സിനിമയെ വിമർശിച്ചവരെല്ലാം സിനിമയിലെ രൺബീറിന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് ചെയ്തതെന്ന് പറയുകയാണ് സംവിധായകൻ സന്ദീപ് റെഡ്‌ഡി. കാരണം അവർക്കെല്ലാം നാളെയും രൺബീറിനൊപ്പം അഭിനയിക്കുകയും ജോലി ചെയ്യുകയുമെല്ലാം വേണമെന്നും അദ്ദേഹത്തെ വിമര്‍ശിച്ചാല്‍ പിന്നെ അത് അത്ര എളുപ്പമായിരിക്കില്ലെന്ന് അറിയാവുന്നത് കൊണ്ടുമാണെന്ന് സന്ദീപ് പറയുന്നു. ഗെയിം ചെയ്‌ഞ്ചേഴ്‌സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.
“സിനിമയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരെല്ലാം അനിമലിനെ കുറിച്ച് വളരെ മോശമായാണ് പറഞ്ഞത്. എന്നാല്‍, അതേ ആളുകൾ രണ്‍ബീറിന്റെ പ്രകടനത്തെ പ്രശംസിച്ചു. എനിക്ക് രണ്‍ബീറിനോട് അസൂയയൊന്നുമില്ല, പക്ഷെ എനിക്ക് ഈ വൈരുദ്ധ്യ മനസിലാകുന്നില്ല. ഈ പറഞ്ഞവർക്കെല്ലാം നാളെയും രണ്‍ബീറിനൊപ്പം അഭിനയിക്കുകയും ജോലി ചെയ്യുകയുമെല്ലാം വേണം. എന്നാൽ അദ്ദേഹത്തെ വിമര്‍ശിച്ചാല്‍ പിന്നെ അത് അത്ര എളുപ്പമായിരിക്കില്ല എന്ന് അവർക്കറിയാമെന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്.
ഞാന്‍ സിനിമ മേഖലയില്‍ പുതിയ ആളാണ്. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ഒരു സിനിമ മാത്രം ചെയ്യുന്ന ഒരാള്‍. എനിക്ക് എതിരെ ഇവര്‍ക്ക് എന്ത് വേണമെങ്കിലും പറയാം. എന്നാല്‍, അടിക്കടി സിനിമ ചെയ്യുന്ന ഒരാള്‍ക്കെതിരേ അവർ ആരുംതന്നെ വിമര്‍ശനം ഉന്നയിക്കില്ല. പുതുതായി സ്‌കൂള്‍ മാറിവരുന്ന ഒരു കുട്ടിയോട് കിന്റര്‍ ഗാര്‍ഡന്‍ മുതല്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ കാണിക്കുന്ന സീനിയോരിറ്റി പോലെയാണ് എനിക്കിത് തോന്നുന്നത്.” സന്ദീപ് റെഡ്‌ഡി വാങ്ക പറഞ്ഞു.
അതേസമയം, രൺബീർ കപൂറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു ‘അനിമൽ’. നൂറ് കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ഈ ചിത്രം ആഗോള തലത്തിൽ ഏകദേശം 915.53 കോടിയോളം രൂപയാണ് നേടിയത്. രൺബീറിന് പുറമെ അനിൽ കപൂർ, രശ്മിക മന്ദാന, ശക്തി കപൂർ, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.