Samvritha Sunil: ‘ഒരു കോടി രൂപ തന്നാലും ഗ്ലാമര്‍ വേഷങ്ങൾ ചെയ്യില്ല, സന്തോഷവും സമാധാനവുമാണ് വലുത്; അന്ന് ആ നടി പറഞ്ഞത്
Samvritha Sunil on Doing Glamourous Roles: 1998ൽ പുറത്തിറങ്ങിയ 'അയാൾ കഥ എഴുതുകയാണ്' എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്‌തെങ്കിലും സംവൃത നായികയായി രംഗത്തെത്തുന്നത് 2004ൽ റിലീസായ രസികൻ എന്ന ചിത്രത്തിലൂടെയാണ്.

നിരവധി സിനിമകളില്‍ അഭിയിച്ചിട്ടില്ലെങ്കിലും ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ മലയാളി സിനിമ പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടിയാണ് സംവൃത സുനിൽ. വിവാഹത്തിന് ശേഷം അഭിനയ രംഗത്തേക്ക് ചെറിയൊരു തിരിച്ചുവരവ് നടത്തിയെങ്കിലും നടി ഇപ്പോൾ സജീവമല്ല. എന്നാൽ, താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. 1998ൽ പുറത്തിറങ്ങിയ ‘അയാൾ കഥ എഴുതുകയാണ്’ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്‌തെങ്കിലും സംവൃത നായികയായി രംഗത്തെത്തുന്നത് 2004ൽ റിലീസായ രസികൻ എന്ന ചിത്രത്തിലൂടെയാണ്. ആ ഒരൊറ്റ സിനിമ കൊണ്ട് തന്നെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടു.
സംവൃത സിനിമയിൽ സജീവമായിരുന്ന കാലത്ത് ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിനെ കുറിച്ച് തന്റെ അഭിപ്രയം പങ്കുവെച്ചിരുന്നു. നടി അന്ന് നൽകിയ അഭിമുഖമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ഒരു കോടി രൂപ തന്നാലും ഗ്ലാമർ വേഷങ്ങൾ ചെയ്യില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നീടൊരു അഭിമുഖത്തിൽ ഇതേകുറിച്ച് വന്ന ചോദ്യങ്ങൾക്ക് സംവൃത നൽകിയ മറുപടിയാണ് വീണ്ടും വൈറലാകുന്നത്. പണത്തിനെക്കാളും പ്രശസ്തിയെക്കാളും താൻ പ്രാധാന്യം കൊടുക്കുന്നത് സമാധാനത്തിനും സന്തോഷത്തിനുമാണെന്നാണ് സംവൃത പറഞ്ഞത്. തനിക്കെല്ലാവരും ഒരു ബഹുമാനം നൽകുന്നുണ്ടെന്നും അത് നഷ്ടപ്പെടുത്താൻ താൽപര്യമില്ലെന്നും താരം പറഞ്ഞിരുന്നു.
“ഇത് എളുപ്പമുള്ള കാര്യമല്ല. ഒരു കോടി രൂപ ലഭിച്ചാലും ഗ്ലാമർ വേഷങ്ങൾ ചെയ്യില്ലെന്നെല്ലാം പറയുന്നത് കൊണ്ട് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെടാം. പ്രശസ്തി, പണം എന്നിവയെല്ലാം നഷ്ടപ്പെടാം. അങ്ങനെ നോക്കുമ്പോൾ ഒരുപാട് നഷ്ടങ്ങളുണ്ട്. പക്ഷെ എന്നെ സംബന്ധിച്ചടുത്തോളം ഇതിനേക്കാൾ എല്ലാം വലുത് എനിക്കെന്റെ സന്തോഷവും സമാധാനവുമാണ്. അത് കാരണം അവ നഷ്ടപ്പെടുത്തി കൊണ്ട് എനിക്ക് ഒരു പ്രശസ്തിയോ സൂപ്പർസ്റ്റാർ പദവിയോ വേണ്ട.
എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം വളരെ അഭിമാനത്തോടെയാണ് എന്റെ സിനിമകളെ കുറിച്ച് പറയുന്നത്. എന്റെ സിനിമകൾ ടിവിയിൽ വരുമ്പോഴാണെങ്കിലും വളരെ ആകാംക്ഷയോടെയാണ് അവരെല്ലാം കാണുന്നത്. അവരെല്ലാവരും എനിക്ക് തരുന്നൊരു ബഹുമാനം ഉണ്ട്. സിനിമ ഇൻഡസ്ട്രിയിൽ തന്നെ എനിക്ക് ഇതുവരെ ഈ ഫീൽഡിൽ വന്നതിൽ പിന്നെ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല. അതിനുള്ള കാരണം എനിക്ക് കിട്ടിയിട്ടുള്ള സിനിമകളും ഞാൻ ചെയ്ത കഥാപാത്രങ്ങളുമാണ്. അത് നഷ്ടപ്പെടുത്താൻ എനിക്ക് താൽപര്യമില്ല” എന്നാണ് സംവൃത പറഞ്ഞത്.
2012 ലാണ് സംവൃത സുനിലും അഖില്‍ ജയരാജും വിവാഹിതരായത്. വിവാഹത്തിന് ശേഷം സംവൃത യുഎസ്സിലേക്ക് താമസം മാറ്റി. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. വിവാഹത്തിന് ശേഷം സിനിമയിൽ സജീവമല്ലാതിരുന്ന താരം ‘നായികാ നായകന്‍’ എന്ന ഷോയിലൂടെയും, ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ’ എന്ന സിനിമയിലൂടെയും തിരിച്ചുവന്നിരുന്നു.