Salman Khan-: ‘മരിക്കേണ്ട സമയത്ത് മരിക്കും, എല്ലാം ദൈവത്തിന്റെ തീരുമാനം’; വധഭീഷണിയെക്കുറിച്ച് സൽമാൻ ഖാൻ
Salman Khan about death threats: 998ലെ കൃഷ്ണമൃഗ വേട്ട കേസുമായി ബന്ധപ്പെട്ടാണ് സൽമാൻ ഖാനെതിരെ നിരന്തരം വധഭീഷണികൾ വരുന്നത്. ഹം സാഥ് സാഥ് ഹേൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സൽമാൻ ഖാനെ കൊല്ലുമെന്ന് ലോറൻസ് ബിഷ്‌ണോയ് പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു.

തനിക്കെതിരെ വരുന്ന വധഭീഷണികളിൽ മൗനം വെടിഞ്ഞ് ബോളിവുഡ് താരം സൽമാൻ ഖാൻ. ഏറ്റവും പുതിയ ചിത്രമായ സിക്കന്ദറിന്റെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ പ്രതികരണം. തന്റെ വിധി തീരുമാനിക്കുന്നത് ദൈവമാണെന്നും മരിക്കേണ്ട സമയത്ത് ഞാനും മരിക്കുമെന്നും സൽമാൻ ഖാൻ പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിലിൽ സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരൻ അൻമോൽ ഏറ്റെടുത്തിരുന്നു. വസതിയിലുണ്ടായ വെടിവെയ്പ്പിന് ശേഷം കനത്ത സുരക്ഷയിലാണ് സൽമാൻ ഖാൻ താമസിക്കുന്നത്. 1998ലെ കൃഷ്ണമൃഗ വേട്ട കേസുമായി ബന്ധപ്പെട്ടാണ് സൽമാൻ ഖാനെതിരെ നിരന്തരം വധഭീഷണികൾ വരുന്നത്.
ഹം സാഥ് സാഥ് ഹേൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. 1998 സെപ്റ്റംബർ 26ന് ജോദ്പൂരിലെ ഭവാദിൽ വച്ചും 28ന് ഗോദാഫാമിൽ വച്ചുമാണ് ബിഷ്ണോയി സമൂഹം പുണ്യ മൃഗമായി കണക്കാക്കുന്ന കൃഷ്ണമൃഗത്തെ സൽമാൻ വേട്ടയാടിയത്. സെയ്ഫ് അലി ഖാൻ, തബു, സോണാലി ബിന്ദ്രെ, നീലം തുടങ്ങിയവരും ഇതിൽ ഉൾപ്പെട്ടിരുന്നു. തുടർന്ന് സൽമാൻ ഖാനെതിരെ ഭീഷണിയുമായി ബിഷ്ണോയി സമൂഹം രംഗത്തെത്തുകയായിരുന്നു.
2018-ൽ ജോധ്പൂരിലെ കോടതിയിൽ ഹാജരാകുന്നതിനിടെ ലോറൻസ് ബിഷ്‌ണോയ് സൽമാനെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി. അടുത്തിടെ സൽമാൻ ഖാന്റെ അടുത്ത സുഹൃത്തും മുതിർന്ന എൻസിപി നേതാവുമായ ബാബ സിദ്ദിഖി കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നിൽ ലോറൻസ് ബിഷ്‌ണോയ് സംഘമാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
അതേസമയം തന്റെ ഏറ്റവും പുതിയ ചിത്രമായ സിക്കിന്ദറിന്റെ പ്രൊമോഷൻ തിരക്കിലാണ് താരം. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 30ന് തിയറ്ററുകളിലെത്തും. രശ്മിക മന്ദാന, കാജൽ അഗർവാൾ, ശർമൻ ജോഷി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സിനിമ 200 കോടി രൂപ കടക്കുമെന്ന് സൽമാൻ ഖാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.