Salman Khan Bodyguard: ഒരീച്ച പോലും തൊടില്ല സൽമാനെ; ബോഡിഗാർഡിന് 1 കോടിക്ക് മുകളിൽ ശമ്പളം വെറുതെ കൊടുക്കുന്നതല്ല
Salman Khan Bodygurad Salary: അന്താരാഷ്ട്ര സെലിബ്രിറ്റികൾ ഇന്ത്യയിലെത്തുമ്പോൾ പ്രൊട്ടക്ഷൻ നൽകുന്ന ഷേരയാണ്, 29 വർഷമായി സൽമാൻ ഖാന്റെ ബോഡിഗാർഡ്.

ബോളിവുഡ് താരം സൽമാൻ ഖാന് നേരെ ബിഷ്ണോയ് സംഘം ഉയർത്തുന്ന വധഭീഷണിയാണ് ഇപ്പോൾ വീണ്ടും ചർച്ചയിൽ നിറഞ്ഞിരിക്കുന്നത്. 2018-ലാണ് ലോറൻസ് ബിഷ്ണോയ് സംഘം സൽമാനെതിരെ ആദ്യമായി വധഭീഷണി ഉയർത്തുന്നത്. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട പകയാണ് ഇവർക്ക് അദ്ദേഹത്തോടുള്ളത്. സൽമാൻ ഖാനെ വധിക്കുന്നതിന് 25 ലക്ഷം രൂപ പ്രതിഫലവും സംഘം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ സൽമാൻ ഖാന്റെ വീടിന് നേരെ ഇവർ പലതവണ വെടിയുതിർക്കുകയും ചെയ്തിരുന്നു.
ഒക്ടോബർ 12-ന്, സൽമാൻ ഖാന്റെ സുഹൃത്തും മഹാരാഷ്ട്ര മുൻ മന്ത്രിയുമായിരുന്ന ബാബ സിദ്ധിഖി വെടിയേറ്റ് മരിച്ചതോടെയാണ് വീണ്ടും ബിഷ്ണോയ് സംഘം- സൽമാൻ ഖാൻ പ്രശ്നം വാർത്തകളിൽ ഇടം നേടിയത്. ബാബ സിദ്ധിഖി തന്റെ മകന്റെ ഓഫിസിൽ നിന്നും ഇറങ്ങിവരുമ്പോഴാണ് ബിഷ്ണോയ് ഗ്യാങിലെ മൂന്ന് പേർ പലതവണയായി അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. ഉടൻ തന്നെ സിദ്ധിഖിയെ അടുത്തുള്ള ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകാതെ തന്നെ, ബിഷ്ണോയ് ഗാങ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.
ബാബ സിദ്ധിഖിയുടെ മരണത്തോടെ സൽമാൻ ഖാൻ തന്റെ വീടിന് ചുറ്റും സുരക്ഷ വർധിപ്പിച്ചതായും, സിനിമ സുഹൃത്തുക്കളോട് തന്നെ സന്ദർശിക്കരുതെന്ന് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇക്കാര്യങ്ങൾ ചർച്ചയാകുന്നതിനിടെ, സൽമാൻ ഖാന്റെ ബോഡിഗാർഡും വാർത്തകളിൽ ഇടം നേടുകയാണ്. കഴിഞ്ഞ 29 വർഷമായി താരത്തിന്റെ പേർസണൽ ബോഡിഗാർഡായി പ്രവർത്തിക്കുന്നത് ഷേരയാണ്. സിഖുകാരനായ ഷേരയുടെ യഥാർത്ഥ പേര് ഗുർമീത് സിംഗ് ജോളിയെന്നാണ്.
ALSO READ: ദാവൂദ് ഇബ്രാഹിമിനെ പോലും കടത്തിവെല്ലാൻ ശേഷിയുള്ള അധോലോക നായകൻ; ആരാണ് ലോറൻസ് ബിഷ്ണോയ്?
അന്താരാഷ്ട്ര സെലിബ്രിറ്റികൾ ഇന്ത്യയിലെത്തുമ്പോൾ പ്രൊട്ടക്ഷൻ നൽകുന്നത് ഷേരയാണ്. കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ മുംബൈയിൽ സംഗീത പരിപാടി അവതരിപ്പിക്കാൻ എത്തിയപ്പോൾ ബോഡിഗാർഡായി എത്തിയതും അദ്ദേഹം തന്നെയാണ്. 1995-ലാണ് ഷേര സൽമാൻ ഖാന്റെ ബോഡിഗാർഡായി ചേരുന്നത്. അദ്ദേഹത്തിന് പ്രതിമാസം ഏകദേശം 15 ലക്ഷത്തോളം രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. അതായത് പ്രതിവർഷം ഏകദേശം 2 കോടി രൂപയ്ക്കടുത്ത് ലഭിക്കുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ ഷേര സ്വന്തമായി റേഞ്ച് റോവർ കാർ വാങ്ങിയതും വാർത്തകളിൽ ഇടം നേടിയിരുന്നു. മിസ്റ്റർ മുംബൈ, മിസ്റ്റർ മഹാരാഷ്ട്ര എന്നീ നേട്ടങ്ങൾ സ്വന്തമായുള്ള ഷേരയ്ക്ക്, 2011-ൽ മികച്ച സെക്യൂരിറ്റിക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ അദ്ദേഹത്തിന് സ്വന്തമായി ഒരു സെക്യൂരിറ്റി ഏജൻസിയുമുണ്ട്.