Salim Kumar: ‘കിന്നാരത്തുമ്പികളിൽ പെട്ടുപോയത്’; അവാർഡ് പടമെന്നാണ് പറഞ്ഞതെന്ന് സലിം കുമാർ
Salim Kumar About Kinnarathumbikal: കിന്നാരത്തുമ്പികൾ എന്ന സിനിമയിൽ അഭിനയിച്ചത് അവാർഡ് സിനിമയാണെന്ന് പറഞ്ഞതിനാലെന്ന് സലിം കുമാർ. വിതരണക്കാരെ കിട്ടാതായപ്പോഴാണ് സിനിമയിലെ സെക്സ് സീനുകൾ ഷൂട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഷക്കീല നായികയായ കിന്നാരത്തുമ്പികൾ എന്ന സിനിമയിൽ താൻ പെട്ടുപോയതാണെന്ന് സലിം കുമാർ. അവാർഡ് സിനിമയെന്ന് പറഞ്ഞാണ് താൻ അതിൽ അഭിനയിച്ചത്. സിനിമയ്ക്ക് ഡിസ്ട്രിബ്യൂട്ടർമാരെ കിട്ടാതായപ്പോൾ പിന്നീടാണ് സിനിമയിലെ സെക്സ് സീനുകൾ ഷൂട്ട് ചെയ്തതെന്നും സലിം കുമാർ പ്രതികരിച്ചു.
“കിന്നാരത്തുമ്പികളിൽ പെട്ട് പോയതാണ്. എൻ്റെ സീനിൽ അങ്ങനെയൊന്നും ഇല്ല. എന്നോട് അവാർഡ് പടമെന്നാണ് പറഞ്ഞത്. ഭരതൻ ടച്ചുള്ള, കുറച്ച് ലൈംഗികതയുള്ള സിനിമയാണെന്ന് പറഞ്ഞു. എൻ്റെ സീനിൽ അതൊന്നും ഇല്ല. ഞാൻ ഷക്കീലയെ നേരിട്ട് കണ്ടിട്ടുപോലുമില്ല. ജഗതി ശ്രീകുമാറും ഞാനുമായിരുന്നു അത് ചെയ്യേണ്ടത്. വിതുര കേസ് നടക്കുന്ന സമയമാണ്. അതുകൊണ്ട് ജഗതി വന്നില്ല. ഷാജോണും ഞാനുമായിരുന്നു പിന്നെ അത് ചെയ്തത്. സിനിമയുടെ ഡബ്ബിംഗിന് ചെന്നപ്പോൾ ഡയറക്ടർ വിഷമത്തിലിരിക്കുന്നു. ആരും വിതരണം എടുക്കുന്നില്ല. അങ്ങനെ ഇതിൽ എക്സ്ട്രാ സീനുകളൊക്കെ ഷൂട്ട് ചെയ്തിട്ട് സെക്സ് പടമാക്കി ഇറക്കാനുള്ള ശ്രമമായി. ഞാനപ്പോൾ ഇതിനെ എതിർത്തു. പോസ്റ്ററിൽ നിന്ന് എൻ്റെ ചിത്രങ്ങൾ ഒഴിവാക്കണമെന്ന് പറഞ്ഞു. അവർ അത് അനുസരിച്ചു. ആ പടം ഒരു തരംഗമായി. ഷക്കീല തരംഗമുണ്ടായത് അങ്ങനെയാണ്.”- സലിം കുമാർ പറഞ്ഞു.




ആർജെ പ്രസാദ് സംവിധാനം ചെയ്ത് 2000ൽ പുറത്തിറങ്ങിയ സിനിമയാണ് കിന്നാരത്തുമ്പികൾ. ആറ് ഇന്ത്യൻ ഭാഷകളിലേക്ക് ഡബ്ബ് ചെയ്തിറക്കിയ സിനിമ വൻ വിജയമായിരുന്നു. ശ്രീകുമാരൻ തമ്പി വരികളെഴുതി മനോ ഭാസ്കർ ഈണമിട്ട് കെഎസ് ചിത്ര പാടിയ ഒരു പാട്ടും ചിത്രത്തിലുണ്ട് കേവലം 12 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ചിത്രം ബോക്സൊഫീസിൽ നിന്ന് നേടിയത് നാല് കോടിയോളം രൂപയാണ്. കിന്നാരത്തുമ്പികളുടെ വൻ വിജയത്തിന് ശേഷമാണ് കേരളത്തിൽ നിന്ന് നീലച്ചിത്രങ്ങളുടെ കുത്തൊഴുക്കുണ്ടായത്. ഈ സിനിമകളിലൂടെ ഷക്കീല കേരളത്തിലും തമിഴ്നാട് അടക്കം തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും ആരാധകരെയുണ്ടാക്കി. 1994ൽ പ്ലേഗേൾസ് എന്ന തമിഴ് സിനിമയിലൂടെ അഭിനയം ആരംഭിച്ച ഷക്കീല പിന്നീട് മലയാളവും തമിഴും അടക്കം ചില സിനിമകളിൽ അഭിനയിച്ചെങ്കിലും കിന്നാരത്തുമ്പികളാണ് ബ്രേക്കായത്. 2021ൽ മാത്രം 27ഓളം സിനിമകളിലാണ് ഷക്കീല അഭിനയിച്ചത്.