Salim Kumar: ‘മൈക്കിൾ ജാക്സൺ മരിച്ചപ്പോൾ ചാനലുകൾ പ്രതികരണമെടുക്കാനെത്തി; കാര്യം മനസിലായത് പിന്നീട്’; സലിം കുമാർ
Salim Kumar About Michael Jackson Death: മൈക്കിൾ ജാക്സനെ കുറിച്ച് തന്നോട് എന്തിനാണ് ചോദിക്കുന്നതെന്ന് ആദ്യം മനസിലായില്ലെന്നും പിന്നീടാണ് അതിന്റെ കാരണം തിരിച്ചറിഞ്ഞതെന്നും സലിം കുമാർ പറയുന്നു.

മൈക്കിൾ ജാക്സൺ മരിച്ച ദിവസമുണ്ടായ ഒരു അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ സലിം കുമാർ. മൈക്കിൾ ജാക്സൺ മരിച്ച വാർത്ത ലോക അറിയുന്ന സമയത്ത് താൻ ഒരു സിനിമയുടെ സെറ്റിലായിരുന്നു എന്നും ചാനലുകൾ പ്രതികരണമെടുക്കാനായി തന്നെ വിളിച്ചുവെന്നും സലിം കുമാർ പറയുന്നു. മൈക്കിൾ ജാക്സനെ കുറിച്ച് തന്നോട് എന്തിനാണ് ചോദിക്കുന്നതെന്ന് ആദ്യം മനസിലായില്ലെന്നും പിന്നീടാണ് അതിന്റെ കാരണം തിരിച്ചറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സലിം കുമാർ.
മൈക്കിൾ ജാക്സൺ മരിച്ച ദിവസം തന്നെ വിളിച്ച് ചാനലുകാർ പ്രതികരണം എടുത്തതിന്റെ കാരണം ആദ്യം മനസ്സിലായിരുന്നില്ല. പിന്നീടാണ് ചതിക്കാത്ത ചന്തു എന്ന സിനിമയിൽ താൻ മൈക്കിൾ ജാക്സന്റെ രൂപത്തിൽ വന്നതുകൊണ്ടാണ് വിളിച്ചതെന്ന് മനസിലായത്. അതുകേട്ടപ്പോൾ ചിരിയേക്കാൾ അത്ഭുതമാണ് തോന്നിയതെന്ന് സലിം കുമാർ പറയുന്നു.
“ചിരി ഉണ്ടാക്കിയ പല സംഭവങ്ങൾ ഉണ്ട്. അതിൽ പലതും പല രൂപത്തിൽ സിനിമകളിൽ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും പറയാം. മൈക്കിൽ ജാക്‌സൺ മരിച്ച വാർത്ത ലോകം അറിഞ്ഞ സമയം, തൃശൂരിലെ ഒരു ലൊക്കേഷനിൽ ആയിരുന്നു ഞാനപ്പോൾ. ചിലർ എന്നെ വിളിച്ച് വാർത്ത അറിയിച്ചു. മൈക്കിൾ ജാക്സനെക്കുറിച്ചുള്ള അറിവുകൾ പ്രകടിപ്പിച്ചു. ഇവരെന്തിനാണ് ഇക്കാര്യങ്ങളെലാം എന്നോട് പറയുന്നതെന്ന് മാനസിലായില്ലെങ്കിലും ഞാൻ ചുമ്മാ നിന്നു കൊടുത്തു.
അൽപ്പം കഴിഞ്ഞപ്പോൾ ഒരു ചാനലിൽ നിന്നൊരു റിപ്പോർട്ടർ വിളിച്ച് ലൈവായി അനുശോചനം അറിയിക്കണമെന്ന് പറയുന്നു. മൈക്കിൾ ജാക്സനും ഞാനും തമ്മിൽ ഉള്ള ബന്ധം എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്കൊരുപിടിയും കിട്ടിയില്ല. അനുശോചനത്തിനായി വിളികൾ കൂടുതലായെത്തിയപ്പോഴാണ് മൈക്കിൾ ജാക്സനുമായുള്ള എന്റെ ബന്ധം ഞാൻ തിരിച്ചറിഞ്ഞത്.
ALSO READ: ‘മുടിയൻ എന്തുകൊണ്ട് ഉപ്പും മുളകും വിട്ടു?’; വെളിപ്പെടുത്തി ബിജു സോപാനം
മൈക്കിൾ ജാക്സന്റെ രൂപത്തിൽ കണ്ട ഏക മലയാളി ഞാനാണ്. ചതിക്കാത്ത ചന്തുവിലെ ഡാൻസ്മാസ്റ്റർ വിക്രമിന്റെ കഥാപാത്രം. മൈക്കിൾ ജാക്സനുമായി നേരിട്ട് ബന്ധമുള്ളവരിൽ നിന്നൊന്നും പ്രതികരണം എടുക്കാൻ കഴിയാത്ത കേരളത്തിലെ മാധ്യമപ്രവർത്തകർ എന്നെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
ചിരിയല്ല ആദ്യം അത്ഭുതമായിരുന്നു തോന്നിയത്. പക്ഷേ ചാനലുകാർ തിരക്കുകൂട്ടി ഞങ്ങൾക്ക് സലിം കുമാറേട്ടന്റെ അനുശോചനം കൂടിയേ തീരുവെന്ന് പറഞ്ഞു. അതിനാൽ അന്ന് ഞാൻ അണപൊട്ടുന്ന ദുഃഖത്തോടെ ചാനലുകളിൽ സംസാരിച്ചു. അടുത്തദിവസം പുറത്തുവന്ന ഇംഗ്ലീഷ് പത്രത്തിൽ എൻ്റെയും പ്രഭുദേവയുടെയും അനുശോചനക്കുറിപ്പുകൾ നൽകിയിരുന്നു. ഓർക്കുമ്പോൾ ഇന്നും ചിരി നിർത്താൻ കഴിയില്ല” സലിം കുമാർ പറയുന്നു.